പി.ടി. കുഞ്ഞുമുഹമ്മദ് സംവിധാനം ചെയ്യുന്ന 'ഗർഷോം' എന്ന സിനിമയുടെ ഷൂട്ട് നടക്കുകയാണ് കുന്നംകുളത്തിനടുത്ത അക്കിക്കാവിൽ ഒരു വീട്ടിൽ. അവിടെയെത്തിപ്പെട്ടപ്പോൾ യൂനിറ്റിൽ വേണ്ട എല്ലാവിധ സഹായ സഹകരണങ്ങളുമായി ഒരു ചെറുപ്പക്കാരൻ ഓടി നടക്കുന്നു. ആ സഹകരണ മനസ്സ് ആരെയും ആകർഷിക്കുന്നതെന്ന് ശ്രദ്ധയിൽ പെട്ടു. ആ ചിത്രത്തിൻ്റെ പ്രൊഡക്ഷൻ മാനേജർ ഷാജി പട്ടിക്കരയായിരുന്നു ആ ചെറുപ്പക്കാരൻ. ഷാജിയുടെ അരങ്ങേറ്റ ചിത്രമായിരുന്നു അത്. അന്ന് മുതൽ ഷാജി മലയാള സിനിമകളുടെ അണിയറകളിലുണ്ട്. പ്രൊഡക്ഷൻ രംഗത്തുള്ള പ്രവർത്തന മികവ് താമസിയാതെ ഷാജിയെ പ്രൊഡക്ഷൻ എക്സിക്യൂട്ടീവും പിന്നീട് കൺട്രോളറുമാക്കി. ടി.വി. ചന്ദ്രൻ്റെ 'പാഠം ഒന്ന് ഒരു വിലാപം' എന്ന ചിത്രത്തിൽ തുടങ്ങി ടി.വി. ചന്ദ്രൻ്റെ ഏഴ് ചിത്രങ്ങളിൽ പ്രൊഡക്ഷൻ കൺട്രോളറായി. പിന്നീട് കെ.മധു, എം. പത്മകുമാർ, ഹരികുമാർ, ജയരാജ്, ജോസ് തോമസ്, സുരേഷ് ഉണ്ണിത്താൻ, പ്രിയനന്ദനൻ, സുനിൽ തുടങ്ങിയ പ്രമുഖരുടേതടക്കം 40ഓളം സംവിധായകരുടെ ചിത്രങ്ങൾ പ്രൊഡക്ഷൻ കൺട്രോളറായി ഒരുക്കിയ ഷാജി നൂറിൻ്റെ നിറവിൽ നിൽക്കുകയാണ്.
പട്ടിക്കര മൊയ്തു മെമ്മോറിയൽ സ്കൂളിൽ നാലാം ക്ലാസിൽ പഠിക്കുമ്പോൾ കേച്ചേരി സവിത തിയറ്ററിലേക്ക് 'മൂലധനം' എന്ന സിനിമ കാണിക്കാൻ കൊണ്ടുപോയതോടെയാണ് സിനിമാ മോഹം ഷാജിയുടെ മനസ്സിൽ കയറിക്കൂടിയത്. ആയിടക്ക് നാട്ടിൽ കുറച്ചു പേർ ടെലിഫിലിം എടുക്കുന്നതറിഞ്ഞ് അതിൽ ഉൽസാഹ കമ്മിറ്റിയായി കൂടി. ടെലിഫിലിം വന്നപ്പോൾ ടൈറ്റിലിൽ പ്രൊഡക്ഷൻ മാനേജർ ഷാജി പട്ടിക്കര എന്നെഴുതി കാണിക്കുന്നു. ഇത് കൊള്ളാലോ എന്ന് തോന്നി.
പിന്നീട് കോഴിക്കോട് പോയപ്പോൾ 'അക്ഷരത്തെറ്റ് ' എന്ന ഐ.വി. ശശിയുടെ സിനിമയുടെ ഷൂട്ടിംഗ് മാവൂർ റോഡിൽ നടക്കുന്നത് കണ്ടു. അത് കണ്ടപ്പോൾ അഭിനയത്തിൽ മോഹം കയറി. അങ്ങനെ പിന്നീട് അതിനായി ശ്രമം. അങ്ങനെ 1995ൽ 'കൊക്കരക്കോ' എന്ന സിനിമയിൽ ഒക്കെ പാസിംഗ് സീനിൽ മുഖം കാണിച്ചു. അതിനുശേഷമാണ് പി.ടി. കുഞ്ഞുമുഹമ്മദ് സംവിധാനം ചെയ്ത 'ഗർഷോം' എന്ന സിനിമയുടെ ഷൂട്ടിംഗ് കുന്നംകുളത്ത് നടക്കുമ്പോൾ ഫോട്ടോഗ്രാഫർ ഖാദർ കൊച്ചന്നൂരുമായി പി.ടിയെ പോയി കണ്ടത്. അതിൽ വലിയ ചാൻസ് ഒന്നും ഇല്ല. എന്നാലും അതിൻ്റെ പ്രൊഡക്ഷൻ കൺട്രോളർ ആയ ആരിഫ് പൊന്നാനിയുടെ കീഴിൽ പ്രൊഡക്ഷൻ മാനേജർ ആയി ഒരു അവസരം ലഭിച്ചു. അത് സിനിമയിലേക്കുള്ള ഒരു നല്ല എൻട്രിയായി. അതിനുശേഷം കൂറ്റനാട് 'നീലാകാശം നിറയെ' എന്ന സിനിമയുടെ ഷൂട്ടിംഗ് നടക്കുമ്പോൾ അതിൻ്റെ പ്രൊഡക്ഷൻ കൺട്രോളറായ ഇന്നത്തെ പ്രൊഡ്യൂസർ കൂടിയായ ആൻ്റോ ജോസഫിന് കീഴിൽ പ്രൊഡക്ഷൻ മാനേജർ ആയി വർക്ക് ചെയ്യാൻ പറ്റി. അത് ഷാജിയുടെ ജീവിതത്തിൽ കൂടുതൽ വഴിത്തിരിവായി. അന്നുമുതൽ പിന്നെ തനിക്ക് തിരിഞ്ഞുനോക്കേണ്ടി വന്നിട്ടില്ലെന്ന് ഷാജി പറയുന്നു. ധാരാളം പടങ്ങളിൽ പ്രൊഡക്ഷൻ മാനേജർ ആയിട്ടും എക്സിക്യൂട്ടീവ് ആയിട്ടും വർക്ക് ചെയ്തു. അതിനുശേഷമാണ് ടി.വി. ചന്ദ്രൻ്റെ 'പാഠം ഒന്ന് ഒരു വിലാപം' എന്ന ചിത്രത്തിലൂടെ ആദ്യമായി പ്രൊഡക്ഷൻ കൺട്രോളറായി അരങ്ങേറ്റം കുറിക്കുന്നത്.
35 നവാഗത സംവിധായകരോടൊപ്പവും വർക്ക് ചെയ്തു. അതിൽ തന്നെ ദേശീയ അന്തർദേശീയ അവാർഡുകൾ കിട്ടിയ മധു കൈതപ്രം, എം.ജി. ശശി, പ്രിയനന്ദനൻ തുടങ്ങിയവരുടെ ഒപ്പം വർക്ക് ചെയ്തു. എം.ടി. വാസുദേവൻ നായർ, അക്കിത്തം, ദക്ഷിണാമൂർത്തി, ഒ.എൻ.വി, സി.എൻ. കരുണാകരൻ എന്നി എട്ട് പ്രമുഖരുടെ ഡോക്യുമെൻററികളിലും പ്രൊഡക്ഷൻ്റെ ഭാഗമായി ഷാജി. സാഹിത്യകാരനായ എം. മുകുന്ദൻ തിരക്കഥയെഴുതി ഹരികുമാർ സംവിധാനം ചെയ്യുന്ന 'ഓട്ടോറിക്ഷക്കാരൻ്റെ ഭാര്യ' ആയിരുന്നു തൊണ്ണൂറ്റൊമ്പതാമത്തെ ചിത്രം. നവാഗതനായ ലിജേഷ് മുല്ലേഴത്ത് സംവിധാനം ചെയ്യുന്ന 'ആകാശത്തിന് താഴെ' ആയിരുന്നു നൂറാമത് ചിത്രം.
കേരളത്തിലങ്ങോളമിങ്ങോളമുള്ള പ്രതാപം മങ്ങിയ തിയറ്ററുകളെ കുറിച്ചുള്ള ഡോക്യുമെൻററി സംവിധാനം ചെയ്ത് സംവിധായകനുമായി. കേരളത്തിലെ സിനിമാ തിയറ്ററുകളെ കുറിച്ചുള്ള ഡോക്യുമെൻററിയുടെ പ്രവർത്തനത്തിലാണിപ്പോൾ. പ്രൊഡക്ഷൻ ബോയ് മുതൽ സമയത്തിന് ലക്ഷങ്ങളുടെ വിലമതിക്കുന്ന താരങ്ങളെ വരെ അവരുടെ ഇംഗിതങ്ങളറിഞ്ഞ് ഒരു സിനിമ തീരുവോളം താളപ്പിഴകളില്ലാതെ കൊണ്ടു പോകാൻ കഴിവുള്ള പ്രൊഡക്ഷൻ കൺട്രോളറാണ് ഷാജി.
സിനിമ എടുക്കാനെത്തുന്ന നവാഗത നിർമാതാക്കളോട് ലാഭനഷ്ടസാധ്യതകൾ തുറന്ന് പറഞ്ഞാണ് കൈപിടിച്ചുയർത്താറുള്ളതെന്നത് ഷാജിയുടെ പ്രത്യേകതയാണ്. ഷാജിയുടെ രണ്ട് കഥകൾ സിനിമയാക്കാനുള്ള തയാറെടുപ്പിലാണ്. പി.ടി. കുഞ്ഞുമുഹമ്മദിൻ്റെ സഹസംവിധായകനായിരുന്ന സുനിൽ ബാലകൃഷ്ണൻ സംവിധാനം ചെയ്യുന്ന, ജയിൽ പ്രധാന ലൊക്കേഷനാകുന്ന 'കുറ്റം' എന്ന സിനിമയാണ് ആദ്യത്തേത്. തിയറ്റർ പശ്ചാതലമായ ഒരു സിനിമയാണ് രണ്ടാമത്തേത്. ചെസ്സ് സംവിധാനം ചെയ്ത രാജ് ബാബുവാണ് അത് സംവിധാനം ചെയ്യുന്നത്. സിനിമ വിതരണവും നടത്തുന്നുണ്ട് ഷാജി.
സിനിമ പ്രവർത്തകരുടെ ഫോൺ നമ്പറുകളടങ്ങുന്ന ഡയറക്ടറി പ്രസിദ്ധീകരിക്കുന്നതിലൂടെയും ശ്രദ്ധേയനാണ്. ഷാജിയെഴുതി മംഗളം ആഴ്ചപ്പതിപ്പിൽ ഖണ്ഡശ്ശ പ്രസിദ്ധീകരിച്ച 'വേറിട്ട മനുഷ്യർ ' പുസ്തകമാകുന്നുണ്ട്. ഇനി സിനിമക്കുളളിലെ ചില സംഭവങ്ങളും തമാശകളും കുറിച്ചു വെച്ചത് പുസ്തകമാക്കാനുദ്ദേശിക്കുന്നു.
ഫെഫ്കയുടെ പ്രൊഡക്ഷൻ എക്സിക്യൂട്ടീവ് യൂനിയൻ സെക്രട്ടറി, മലബാർ ഫിലിം ഡിസ്ട്രിബ്യൂട്ടേഴ്സ് അസോസിയേഷൻ പ്രവർത്തക സമിതി അംഗം എന്നീ നിലകകളിലും പ്രവർത്തിക്കുന്നു. തൃശൂർ പട്ടിക്കര പുഴങ്ങര ഇല്ലത്ത് മുഹമ്മദിൻ്റെയും ഹാജറുവിൻ്റെയും മകനായി ജനിച്ച ഷാജി ഇപ്പോൾ കോഴിക്കോട് ആണ് താമസം. ഭാര്യ ചലച്ചിത്രനിർമാതാവ് കൂടിയായ ജഷീദ ഷാജിയാണ്. മകൻ വിദ്യാർഥിയായ മുഹമ്മദ് ഷാൻ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.