ദേശീയ ചലച്ചിത്ര പുരസ്കാര വിതരണം ഇന്ന് നടക്കാനിരിക്കെ, ഹൃദയത്തിൽ തൊടുന്ന കുറിപ്പുമായി അന്തരിച്ച സംവിധായകൻ സച്ചിയുടെ ഭാര്യ സിജി സച്ചി. 'പ്രിയപ്പെട്ട സച്ചീ.. ഹൃദയം സന്തോഷം കൊണ്ടും നീ ഇല്ലാത്തത്തിന്‍റെ ദുഃഖം അതിലേറെയും കൊണ്ട് നിറഞ്ഞിരിക്കുകയാണ്... സ്വർഗത്തിൽ ഇരുന്ന് നീയിത് കാണുമെന്ന് എനിക്ക് ഉറപ്പുണ്ട്' -പുരസ്കാരം ഏറ്റുവാങ്ങാനായി ഡൽഹിയിലെത്തിയ നഞ്ചിയമ്മയോടൊപ്പമുള്ള ചിത്രം പങ്കുവെച്ചുകൊണ്ട് സിജി പറഞ്ഞു.
'അയ്യപ്പനും കോശിയും' സിനിമക്കാണ് സച്ചിക്ക് മികച്ച സംവിധായകനുള്ള പുരസ്കാരം ലഭിച്ചത്. ഇതേ ചിത്രത്തിലെ ഗാനം ആലപിച്ച നഞ്ചിയമ്മക്കാണ് മികച്ച ഗായികക്കുള്ള പുരസ്കാരം. ഇതുൾപ്പടെ നാല് പുരസ്കാരങ്ങളാണ് 'അയ്യപ്പനും കോശിയും' നേടിയത്. വൈകിട്ട് അഞ്ചിനു വിജ്ഞാൻ ഭവനിൽ നടക്കുന്ന ചടങ്ങിൽ രാഷ്ട്രപതി ദ്രൗപദി മുർമു മുഖ്യാതിഥിയാകും.
നീ പറഞ്ഞു നമ്മൾ ഒരിക്കൽ ഇന്ത്യയുടെ പ്രസിഡന്‍റിന്റെ കൂടെ ഡിന്നർ കഴിക്കും..,
നാഷണൽ അവാർഡ് വാങ്ങും... അന്ന് നിന്റെ മൂർദ്ധാവിൽ ചുംബനം നൽകിയിട്ട് ഞാനതു സ്വീകരിക്കും.
ഇന്ന് മൂർദ്ധാവിൽ ചുംബനമില്ലാതെ നിനക്കു വേണ്ടി ഞാൻ അതേറ്റു വാങ്ങും.
ഈ പാട്ട് ലോകം ഏറ്റെടുക്കും എന്ന് നീ ആഗ്രഹിച്ച നാഞ്ചിയമ്മയേയും നമ്മുടെ പാട്ടും നീ ലോകത്തിന്റെ നെറുകയിൽ തന്നെ എത്തിച്ചു.
അതെ നീ ചരിത്രം തേടുന്നില്ല... നിന്നെ തേടുന്നവർക്കൊരു ചരിത്രം ആണ് നീ... ഇന്ന് വൈകീട്ടാണ് ചരിത്രമുഹൂർത്തം..
ഗോത്ര വർഗ്ഗത്തിൽ നിന്നും ഇന്ത്യയുടെ പ്രസിഡന്റ് പദവിയിൽ എത്തിച്ചേർന്ന ശ്രീമതി ദ്രൗപതി മുർമുവിന്റെ കയ്യിൽ നിന്നും, എഴുത്തും വായനയും അറിയാത്ത, ഗോത്രവർഗ്ഗത്തിൽനിന്നും ഉയർന്നുവന്ന് ഇന്ത്യയുടെ ഏറ്റവും നല്ല ഗായികയായ നാഞ്ചിയമ്മ അവാർഡ് സ്വീകരിക്കുന്ന ചരിത്ര മുഹൂർത്തം.
കൂടെ അയ്യപ്പനും കോശിയും നാഞ്ചിയമ്മയും ഒക്കെ പിറന്ന സിനിമയുടെ കാരണവരായ നിനക്കുള്ള അവാർഡും പ്രഥമ വനിതയിൽ നിന്ന് ഞാൻ സ്വീകരിക്കും....
പ്രിയപ്പെട്ട സച്ചീ..
ഹൃദയം സന്തോഷം കൊണ്ടും നീ ഇല്ലാത്തത്തിന്‍റെ ദുഃഖം അതിലേറെയും കൊണ്ട് നിറഞ്ഞിരിക്കുകയാണ്...
സ്വർഗത്തിൽ ഇരുന്ന് നീയിത് കാണും എന്ന് എനിക്ക് ഉറപ്പുണ്ട്. നമ്മുടെ സ്വപ്നം സാക്ഷാത്കരിക്കപ്പെടുകയാണ്...
നീ കണ്ട സ്വപ്നങ്ങളിലേക്കുള്ള യാത്രയിൽ ആണ് ഞാൻ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.