അയോധ്യയില പ്രാണപ്രതിഷ്ഠ ചടങ്ങിനോട് അനുബന്ധിച്ച് ഗായിക സയനോര പങ്കുവെച്ച കുറിപ്പ് ചർച്ചയാകുന്നു. വയലാർ രാമവർമയുടെ 'മനുഷ്യൻ മതങ്ങളെ സൃഷ്ടിച്ചു. മതങ്ങൾ ദൈവങ്ങളേയും' എന്ന വരികൾക്കൊപ്പം 'ഇപ്പോൾ മനുഷ്യരെ മാത്രം കാണാനില്ല' എന്നാണ് ഗായിക കുറിച്ചത്. സയനോരയുടെ പോസ്റ്റ് ആരാധകരുടെ ഇടയിൽ ചർച്ചയായിട്ടുണ്ട്.
പ്രാണപ്രതിഷ്ഠാ ചടങ്ങിനെ അനുകൂലിച്ചും വിമർശിച്ചും സിനിമാ സംഗീത മേഖലയിൽ നിന്നുള്ള പ്രമുഖർ രംഗത്തെത്തിയിട്ടുണ്ട്. പലരും ഭരണഘടനയുടെ ആമുഖം പങ്കുവച്ചാണ് വിയോജിപ്പ് വ്യക്തമാക്കിയിരിക്കുന്നത്. ഗായകൻ ഇഷാൻ ദേവ്, സംവിധായകൻ ജിയോ ബേബി, നടിമാരായ പാർവതി തിരുവോത്ത്, റിമ കല്ലിങ്കൽ, ദിവ്യപ്രഭ, ആഷിഖ് അബു തുടങ്ങിയവർ തങ്ങളുടെ എതിർപ്പ് സമൂഹമാധ്യമങ്ങളിലൂടെ അറിയിച്ചിട്ടുണ്ട്.
യു.പിയിലെ അയോധ്യയിൽ ബാബരി മസ്ജിദ് തകർത്ത ഭൂമിയിൽ നിർമാണം പുരോഗമിക്കുന്ന രാമക്ഷേത്രത്തിൽ പ്രാണപ്രതിഷ്ഠാ ചടങ്ങിൽ പങ്കെടുക്കാൻ പ്രമുഖ സിനിമ താരങ്ങൾ എത്തിയിരുന്നു. ബോളിവുഡ് താരങ്ങളായ രൺബീർ കപൂർ, ആലിയ ഭട്ട്, മാധുരി ദീക്ഷിത്, വിക്കി കൗശൽ, കത്രീന കൈഫ്, ആയുഷ്മാൻ ഖുറാന, രാജ്കുമാർ ഹിരാനി, മഹാവീർ ജെയിൻ, രോഹിത് ഷെട്ടി എന്നിവരുടെ വിമാനത്താവളത്തിൽ നിന്നുള്ള ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ ഇടംപിടിച്ചിരുന്നു.
ഇന്ന് ഉച്ചക്ക് 11.30തോടെ ആരംഭിച്ച പ്രാണപ്രതിഷ്ഠാ ചടങ്ങ് 12.40ന് പൂർത്തിയായി. പ്രധാനമന്ത്രി നരേന്ദ്ര മോദിയെ കൂടാതെ യു.പി മുഖ്യമന്ത്രി യോഗി ആദിത്യനാഥ്, ഗവർണർ ആനന്ദിബെൻ പട്ടേൽ, ആർ.എസ്.എസ് മേധാവി മോഹൻ ഭാഗവത്, വാരാണസിയിൽ നിന്നുള്ള പുരോഹിതൻ ലക്ഷ്മി കാന്ത് ദീക്ഷിത് എന്നിവരാണ് ക്ഷേത്ര ശ്രീകോവിലിൽ പ്രവേശിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.