2021ലെ സംസ്ഥാന ചലച്ചിത്ര പുരസ്‌കാരങ്ങൾ സമ്മാനിച്ചു

തിരുവനന്തപുരം: കണ്ടുമടുത്ത കാഴ്ചകൾ ഒഴിവാക്കി പുതിയ പ്രമേയവും ദൃശ്യസാധ്യതകളും പ്രേക്ഷകർക്ക് മുന്നിലെത്തിക്കാൻ കഴിഞ്ഞ 50 വർഷത്തെ ചലച്ചിത്ര അവാർഡുകൾ പ്രചോദനമാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. 2021ലെ കേരള സംസ്ഥാന ചലച്ചിത്ര പുരസ്‌കാരങ്ങളുടെ സമർപ്പണം നിശാഗന്ധി ഓഡിറ്റോറിയത്തിൽ നിർവഹിക്കുകയായിരുന്നു അദ്ദേഹം.

മാധ്യമമെന്നനിലയിൽ കഴിഞ്ഞവർഷത്തെ സിനിമകൾ ശക്തമായ ഉള്ളടക്കമുള്ളവയായിരുന്നു. പുരോഗമനപരമായ കാഴ്ചപ്പാട് ഉയർത്തിപ്പിടിക്കുന്ന, ഓരങ്ങളിൽ ജീവിക്കുന്ന, അടിച്ചമർത്തപ്പെട്ടവരുടെ കഥകൾ പറയുന്നവയാണ് അവാർഡിനർഹമായ സിനിമകൾ. സിനിമയുടെ സാങ്കേതിക മേഖലയിലുൾപ്പെടെ എല്ലാ മേഖലയിലും വനിതാ സാന്നിധ്യമുണ്ടാകണമെന്നാണ് സർക്കാർ നയം. സിനിമ അവാർഡിന്‍റെ അര നൂറ്റാണ്ട് ചരിത്രത്തിലാദ്യമായി ട്രാൻസ് വുമൺ അവാർഡിനർഹയായി എന്നത് സന്തോഷകരമാണ്. 'അന്തരം' എന്ന ചിത്രത്തിലൂടെ നേഹയാണ് അവാർഡിന് അർഹയായത്. പ്രാന്തവത്കരിക്കപ്പെട്ടവരെയും എല്ലാവിഭാഗങ്ങളെയും ചേർത്തുപിടിക്കുന്ന സിനിമ അവാർഡാണിതെന്നും മുഖ്യമന്ത്രി പറഞ്ഞു.

സംസ്ഥാന സർക്കാറിന്‍റെ പരമോന്നത ചലച്ചിത്ര ബഹുമതിയായ ജെ.സി. ഡാനിയേൽ അവാർഡ് സംവിധായകൻ കെ.പി. കുമാരനും ടെലിവിഷൻ രംഗത്തെ സമഗ്ര സംഭാവനക്കുള്ള പ്രഥമ ലൈഫ്‌ടൈം അച്ചിവ്‌മെന്‍റ് പുരസ്‌കാരം മുതിർന്ന മാധ്യമപ്രവർത്തകൻ ശശികുമാറിനും മുഖ്യമന്ത്രി സമ്മാനിച്ചു. മികച്ച നടനുള്ള സംസ്ഥാന ചലച്ചിത്ര പുരസ്കാരം നടന്മാരായ ബിജു മേനോനും ജോജു ജോർജും മികച്ച നടിക്കുള്ള പുരസ്കാരം രേവതിയും മുഖ്യമന്ത്രിയിൽനിന്ന് ഏറ്റുവാങ്ങി.

മറ്റു ചലച്ചിത്ര പുരസ്കാരങ്ങളും മുഖ്യമന്ത്രി വിതരണം ചെയ്തു. സാംസ്‌കാരിക മന്ത്രി വി.എൻ. വാസവൻ ചടങ്ങിൽ അധ്യക്ഷതവഹിച്ചു. 2021ലെ ചലച്ചിത്ര അവാർഡ് വിശദാംശങ്ങൾ അടങ്ങിയ പുസ്തകം മന്ത്രി ആന്‍റണി രാജുവിന് നൽകി മന്ത്രി വി. ശിവൻകുട്ടി പ്രകാശനം ചെയ്തു. 'മലയാള സിനിമാ നാൾവഴികൾ' എന്ന റഫറൻസ് ഗ്രന്ഥത്തിന്‍റെ പ്രകാശനം വി.കെ. പ്രശാന്ത് എംഎൽഎക്ക് നൽകി മന്ത്രി ജി.ആർ. അനിൽ നിർവഹിച്ചു.

ശശി തരൂർ എം.പി, മേയർ ആര്യ രാജേന്ദ്രൻ, ജില്ല പഞ്ചായത്ത് പ്രസിഡന്‍റ് ഡി. സുരേഷ് കുമാർ, ചലച്ചിത്ര വിഭാഗം ജൂറി ചെയർമാൻ സയ്യിദ് മിർസ, രചന വിഭാഗം ചെയർമാൻ വി.കെ. ജോസഫ്, ചലച്ചിത്ര അവാർഡ് ജൂറി അംഗങ്ങളായ സുന്ദർദാസ്, ഫൗസിയ ഫാത്തിമ, ബൈജു ചന്ദ്രൻ, മൈക്കിൾ വേണുഗോപാൽ, വി.ആർ. സുധീഷ്, രചന വിഭാഗം ജൂറി ചെയർമാനായ ഡോ. അജു നാരായണൻ, മാധ്യമപ്രവർത്തകന്‍ വെങ്കിടേഷ് രാമകൃഷ്ണൻ, കെ.എസ്.എഫ്.ഡി.സി ചെയർമാൻ ഷാജി എൻ. കരുൺ, സാംസ്‌കാരിക വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി റാണി ജോർജ്, ചലച്ചിത്ര അക്കാദമി ചെയർമാൻ രഞ്ജിത്ത്, വൈസ് ചെയർമാൻ പ്രേംകുമാർ, സെക്രട്ടറി സി. അജോയ് തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു. പുരസ്‌കാര സമർപ്പണ ചടങ്ങിനുശേഷം ബിജിബാൽ നയിച്ച സൗണ്ട് ഓഫ് മ്യൂസിക് സംഗീത പരിപാടിയും അരങ്ങേറി.

Tags:    
News Summary - State Film Awards handed over

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.