‘എന്ന് നിന്റെ മൊയ്തീൻ’ എന്ന ചിത്രത്തിന് ശേഷം ആർ.എസ് വിമൽ സംവിധാനം ചെയ്യുന്ന ‘കർണൻ’ എന്ന ചിത്രത്തിന്റെ ചിത്രീകരണം ഉടൻ ആരംഭിക്കും. ഇക്കാര്യം അറിയിച്ച് നിർമ്മാതാക്കൾ ഞായറാഴ്ച പുതിയ ടീസർ വിഡിയോ പുറത്തിറക്കി. വിക്രം ഒരു യുദ്ധക്കളത്തിൽ കർണനായി പ്രത്യക്ഷപ്പെടുന്നതാണ് ടീസർ വീഡിയോയിലുള്ളത്.
ഗ്രേ കളർ പാലറ്റിലുള്ള ടീസറിൽ ശരാശരി നിലവാരമുള്ള വി.എഫ്.എക്സുകളും കട്ടുകളുമൊക്കെയാണുള്ളത്. ദൃശ്യങ്ങളുടെ കാര്യത്തിൽ ടീസർ മികവ് പുലർത്തുന്നില്ലെങ്കിലും പതിവുപോലെ വിക്രം തന്റെ പ്രകടനം കൊണ്ട് ഞെട്ടിക്കുന്നുണ്ട്.
2015 സെപ്തംബർ 19ന് റിലീസ് ചെയ്ത എന്നു നിന്റെ മൊയ്തീന് ശേഷം എട്ട് വർഷങ്ങൾ കഴിഞ്ഞാണ് ആർ.എസ് വിമൽ തന്റെ രണ്ടാമത്തെ ചിത്രവുമായി എത്തുന്നത്. പുരാണകഥാപാത്രമായ കർണനെ ആസ്പദമാക്കി ഒരുക്കുന്ന സിനിമയുടെ പണിപ്പുരയിലായിരുന്നു വർഷങ്ങളായി വിമൽ. ചിത്രം പ്രഖ്യാപിച്ച സമയത്ത് പൃഥ്വിരാജ് സുകുമാരനായിരുന്നു കർണന്റെ വേഷത്തിൽ. എന്നാൽ, പിന്നീട് താരത്തിന് പകരം തമിഴ് നടൻ വിക്രമിലേക്ക് എത്തുകയും ചെയ്തു.
കുരുക്ഷേത്ര യുദ്ധ സീക്വൻസ് ചിത്രീകരിച്ചുകൊണ്ട് 2019 ഫെബ്രുവരിയിൽ ടീം ഷൂട്ടിങ് ആരംഭിച്ചിരുന്നു. അടുത്ത വർഷം, വിക്രമിന്റെ ജന്മദിനത്തിൽ, നിർമ്മാതാക്കൾ ഒരു ഗ്ലിംപ്സ് വിഡിയോയും പുറത്തിറക്കുകയുണ്ടായി. എന്നാൽ, പിന്നീട് പ്രോജക്‌റ്റിനെക്കുറിച്ച് അപ്‌ഡേറ്റുകളൊന്നും ഉണ്ടായിട്ടില്ല, ഇത് ഉപേക്ഷിച്ചുവെന്ന അഭ്യൂഹങ്ങൾക്ക് കാരണമാവുകയും ചെയ്തു.
അഭ്യൂഹങ്ങളെല്ലാം തള്ളി സംവിധായകൻ ആർ.എസ് വിമൽ കർണൻ ലുക്കിലുള്ള വിക്രമിന്റെ ഫോട്ടോ സോഷ്യൽ മീഡിയയിൽ പുറത്തുവിട്ടു. സിനിമയുടെ പ്രവർത്തനങ്ങൾ പുരോഗമിക്കുകയാണെന്നും ഉടൻ തന്നെ ആരംഭിക്കുമെന്നും അദ്ദേഹം വ്യക്തമാക്കുകയും ചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.