‘ലിയോ’ ഓഡിയോ​ ലോഞ്ച്​ റദ്ദാക്കിയതിനു​പിന്നിൽ ഉദയനിധി സ്റ്റാലിനോ?; ​വെളിപ്പെടുത്തി നിർമാതാക്കൾ

വിജയ് നായകനായെത്തുന്ന ‘ലിയോ’ സിനിമയെച്ചൊല്ലി തമിഴകത്ത്​ വിവാദം പുകയുന്നു. ലിയോയുടെ ഓഡിയോ ലോഞ്ച് റദ്ദാക്കിയതാണ്​ വിവാദങ്ങൾക്ക്​ കാരണം. ഓഡിയോ ലോഞ്ച് റദ്ദാക്കാൻ കാരണം ഉദയനിധി സ്റ്റാലിന്റെ ഇടപെടലാണെന്ന് ചില കേന്ദ്രങ്ങൾ പ്രചരിപ്പിച്ചിരുന്നു. സംഭവത്തിൽ വിശദീകരണവുമായി രംഗത്ത്​ എത്തിയിരിക്കുകയാണിപ്പോൾ നിർമാതാക്കൾ.

ചെന്നൈ നെഹ്‌റു ഇന്‍ഡോര്‍ ഓഡിറ്റോറിയത്തില്‍ സെപ്റ്റംബര്‍ 30നാണ്​ ലിയോയുടെ ഓഡിയോ ലോഞ്ച് നടത്താന്‍ തീരുമാനിച്ചിരുന്നു. സെപ്റ്റംബര്‍ 30ന് ചെന്നൈ നെഹ്രു സ്റ്റേഡിയത്തില്‍ നടത്താനിരുന്ന ഓഡിയോ ലോഞ്ചിനായി വലിയ തയാറെടുപ്പുകളാണ് നടത്തിയിരുന്നത്. വിജയ് ആരാധകര്‍ക്ക് മുന്നിലെത്തി അവരോട് സംസാരിക്കാറുള്ളത് ഇത്തരം ഓഡിയോ ലോഞ്ച് പരിപാടികളിലാണ്. അതിനാല്‍ താരത്തെ കാണാനായി തമിഴ്മനാടിന്‍റെ വിവിധ സ്ഥലങ്ങളില്‍ ആരാധകര്‍ കൂട്ടമായെത്താറുണ്ട്. മുന്‍ സിനിമകളുടെ ഓഡിയോ ലോഞ്ചുകളെക്കാള്‍ ആളുകള്‍ ഇത്തവണ എത്തുമെന്ന് കണക്കുകൂട്ടിയാണ് സംഘടകര്‍ തയ്യാറെടുപ്പ് നടത്തിയിരുന്നത്.

എന്നാല്‍ ഓഡിറ്റോറിയം ഡി.എം.കെ ലോഞ്ചിന് അനുവദിച്ചില്ലെന്നായിരുന്നു വാർത്ത. ഉദയനിധി സ്റ്റാലിന്റെ ഉടമസ്ഥതയിലുള്ള റെഡ് ജയന്റ് മൂവീസ് ആണ് ഇതിന് പിന്നില്‍ എന്നായിരുന്നു വാർത്തയിൽ പറഞ്ഞിരുന്നത്. ചിത്രത്തിന്റ വിതരണാവകാശവുമായി ബന്ധപ്പെട്ട തർക്കത്തെ തുടർന്ന് ഉദയനിധി ഇടപെട്ടെന്നും ചെന്നൈ, ചെങ്കല്‍പ്പേട്ട് തുടങ്ങിയിടങ്ങളില്‍ വിജയ് ചിത്രത്തിന്റെ വിതരണാവകാശം നല്‍കിയാല്‍ മാത്രമേ ഓഡിയോ ലോഞ്ചിന് അനുമതി നൽകുകയുള്ളൂ എന്ന തരത്തിലാണ് റിപ്പോര്‍ട്ട് പ്രചരിച്ചത്.

ഇത്തരം റിപ്പോർട്ടുകൾ വ്യാജമാണെന്നാണ്​ ലിയോയുടെ നിർമാതാക്കൾ വെളിപ്പെടുത്തിയിരിക്കുന്നത്​. ‘ഓഡിയോ ലോഞ്ചിനായുള്ള പാസ്സിനായി നിരവധി പേരാണ് രംഗത്ത് എത്തുന്നത്. സുരക്ഷാപ്രശ്‍നങ്ങളുണ്ടാകുന്നതിനാല്‍ ഓഡിയോ ലോഞ്ച് റദ്ദ് ചെയ്‍തിരിക്കുകയാണ്. ആരാധകരുടെ അഭ്യര്‍ഥന പ്രകാരം നിരന്തരം ചിത്രത്തിന്റെ അപ്‍ഡേറ്റുകള്‍ പുറത്തുവിടുന്നതാണ്. രാഷ്‍ട്രീയ സമ്മര്‍ദ്ദമുള്ളതിനാലോ അല്ലെങ്കില്‍ മറ്റെന്തെങ്കിലും കാരണങ്ങളാലോ അല്ല ഓഡിയോ ലോഞ്ച് റദ്ദാക്കുന്നത്.’’ – നിര്‍മാതാക്കളായ സെവൻ സ്ക്രീൻ സ്റ്റുഡിയോ എക്സ് പ്ലാറ്റ്ഫോമിൽ കുറിച്ചു.

അനിയന്ത്രിതമായി പാസുകള്‍ വിറ്റ് പോയതും കൂടുതല്‍ ആളുകള്‍ പാസിനായി അഭ്യർഥിക്കുന്നതും അതിഥികളുടെ സുരക്ഷാ പ്രശ്നങ്ങളും ചൂണ്ടിക്കാട്ടിയാണ് തീരുമാനമെന്നും നിര്‍മ്മാതാക്കള്‍ പിന്നീട്​ വിശദീകരിച്ചു.

ഒക്ടോബർ 19നാണ് ചിത്രം റിലീസിനെത്തുന്നത്. വലിയ മുതല്‍ മുടക്കില്‍ ഒരുക്കിയ സിനിമ ഇതിനോടകം പ്രൊമോഷന്‍ പരിപാടികളില്‍ ഏറെ പിന്നിലാണെന്നും ആരാധകര്‍ക്കിടയില്‍ പരാതിയുണ്ട്. ഓഡിയോ ലോഞ്ച് ക്യാന്‍സല്‍ ചെയ്തതിന് പകരം അതേദിവസം സിനിമയുടെ ടീസറോ ട്രെയിലറോ അണിയറക്കാര്‍ പുറത്തുവിടുമെന്നാണ് സൂചന.

ലോകേഷ് കനകരാജിന്‍റെ സംവിധാനത്തില്‍ സെവന്‍സ്ക്രീന്‍ സ്റ്റുഡിയോസ്, ദി റൂട്ട് എന്നിവയുടെ ബാനറില്‍, ലളിത് കുമാറും ജഗദീഷ് പളനിസ്വാമിയും നിര്‍മ്മിക്കുന്ന ചിത്രം തമിഴിലെ കളക്ഷന്‍ റെക്കോര്‍ഡുകളെല്ലാം ഭേദിക്കുമെന്നാണ് ട്രേഡ് അനലിസ്റ്റുകളുടെ പ്രവചനം. ലിയോയില്‍ തൃഷയാണ് വിജയ്‍യുടെ നായിക. ഗൗതം വാസുദേവ് മേനോൻ, അര്‍ജുൻ, മാത്യു, ബാബു ആന്റണി, മനോബാല, പ്രിയ ആനന്ദ്, സഞ്ജയ് ദത്ത്, മൻസൂര്‍ അലിഖാൻ, മിഷ്‍കിൻ തുടങ്ങി ഒട്ടേറെ പേര്‍ ചിത്രത്തില്‍ വേഷമിടുന്നു. അനിരുദ്ധിന്‍റെ സംഗീകതമാണ് മറ്റൊരു ഹൈലൈറ്റ്.

മനോജ് പരമഹംസ ക്യാമറയും ഫിലോമിന്‍ രാജ് എഡിറ്റിങ്ങും നിര്‍വഹിക്കുന്ന സിനിമയില്‍ അന്‍പറിവ് ആണ് ആക്ഷന്‍ രംഗങ്ങള്‍ ഒരുക്കിയിരിക്കുന്നത്. ഗോകൂലം ഗോപാലന്‍റെ ശ്രീ ഗോകുലം മൂവീസാണ് കേരളത്തിലെ സിനിമയുടെ വിതരണാവകാശം സ്വന്തമാക്കിയിരിക്കുന്നത്.

Tags:    
News Summary - Thalapathy Vijay's 'Leo' audio launch cancelled. Makers say 'not due to political pressure'

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.