'ദി ലെജൻഡ്' എന്ന സിനിമയിലൂടെ അരങ്ങേറ്റം കുറിച്ച വ്യവസായി ശരവണൻ അരുൾ പുതിയ ചിത്രം ഉടൻ പ്രഖ്യാപിക്കുമെന്ന് സൂചന. തമിഴ്നാട്ടിലെ ഏറ്റവും വലിയ റീട്ടെയിൽ ശൃംഖലകളിലൊന്നായ ശരവണൻ സ്റ്റോറിന്റെ ഉടമയാണ് ലെജൻഡ് ശരവണൻ. സ്വന്തമായി സിനിമ നിർമിച്ചാണ് അദ്ദേഹം അരങ്ങേറ്റം കുറിച്ചത്. മെഡിക്കൽ മാഫിയ പശ്ചാത്തലത്തിൽ വന്ന ചിത്രത്തിൽ ശാസ്ത്രജ്ഞനായാണ് 50 കാരൻ അഭിനയിച്ചത്. ശരവണൻ തന്റെ രണ്ടാമത്തെ ചിത്രത്തിന് ഒരുങ്ങുകയാണെന്നാണ് സൂചന. ഔദ്യോഗിക പ്രഖ്യാപനം ഉടൻ നടത്തുമെന്ന് തമിഴ് സിനിമാ ട്രാക്കർ രമേഷ് ബാല ട്വിറ്ററിൽ പറഞ്ഞു. ആക്ഷൻ റൊമാന്റിക് ത്രില്ലറായിരിക്കും സിനിമയെന്നും സൂചയുണ്ട്.
സ്വന്തം സ്ഥാപനത്തിന്റെ മോഡലായി അഭിനയിച്ചാണ് ശരവണൻ അരുൾ ആദ്യം ശ്രദ്ധിക്കപ്പെടുന്നത്. തമിഴിലെ താരസുന്ദരിമാരായ ഹന്‍സികയും തമന്ന ഭാട്ടിയയും ആയിരുന്നു ഒപ്പം അഭിനയിച്ചത്. തമിഴ്‌നാട്ടില്‍ തരംഗം സൃഷ്ടിച്ച പരസ്യചിത്രമായിരുന്നു അത്. ഇത്തരത്തിലുള്ള വ്യത്യസ്തമായ വിപണന തന്ത്രങ്ങള്‍ തന്നെയാണ് ശരവണന്‍ അരുളിന്റെ വിജയവും. ആദ്യമായി സിനിമയില്‍ അഭിനയിക്കുമ്പോഴും അദ്ദേഹം ആ പതിവ് തെറ്റിച്ചില്ല.
ദ ലെജന്‍ഡ് എന്ന ചിത്രത്തിലൂടെ സിനിമയില്‍ നായകനായി അരങ്ങേറ്റം കുറിച്ച ശരവണന്റെ സ്വപ്‌ന പദ്ധതിയായിരുന്നു ഈ സിനിമ. 2019ല്‍ ഷൂട്ടിങ്ങ് തുടങ്ങിയ ചിത്രത്തിന് കോവിഡ് വലിയ പ്രതിസന്ധിയാണ് ഉണ്ടാക്കിയത്. കോടിക്കണക്കിന് രൂപ മുടക്കി ഉണ്ടാക്കിയ സെറ്റുകളിലും വിദേശരാജ്യങ്ങളിലും തമിഴ്‌നാടിന്റെ വിവിധ ഭാഗങ്ങളിലുമായിരുന്നു സിനിമ ചിത്രീകരിച്ചത്. 2015 മിസ് യൂണിവേഴ്‌സ് മത്സരത്തിലെ ഇന്ത്യന്‍ പ്രതിനിധിയായിരുന്ന ഉര്‍വശി റൗട്ടേല, ഗീതിക തിവാരി എന്നിവരാണ് ചിത്രത്തിലെ നായികമാര്‍. ഹാരിസ് ജയരാജ് സംഗീത സംവിധാനം ചെയ്ത പാട്ടുകള്‍ വലിയ തരംഗമായിരുന്നു.
ആരാണ് ശരവണന്‍
പതിറ്റാണ്ടുകള്‍ക്ക് മുന്‍പ് വ്യാപാരത്തില്‍ വേരുറപ്പിച്ച കുടുംബമാണ് ശരവണന്‍ അരുളിന്റേത്. 1970 കളില്‍ സെല്‍വരത്‌നം, യോഗരത്‌നം, രാജരത്‌നം എന്നീ സഹോദരന്‍മാര്‍ ടി നഗര്‍ രംഗനാഥന്‍ തെരുവില്‍ 'ഷണ്‍മുഖാ സ്റ്റോഴ്‌സ്' എന്ന പേരില്‍ ചെറിയൊരു പാത്രക്കട തുടങ്ങി. മൂന്ന് വര്‍ഷങ്ങള്‍ക്ക് ശേഷം ശരവണ സ്റ്റോഴ്‌സ് എന്ന പേരില്‍ തുണക്കടയും ആരംഭിച്ചു. സെല്‍വരത്‌നത്തിന്റെ മകനാണ് ശരവണന്‍ അരുള്‍. സ്വത്ത് ഭാഗം ചെയ്തതിന് ശേഷം ചെന്നൈയിലെ പ്രധാന സ്റ്റോറുകളുടെ ഉടമ ശരവണന്‍ ആയി മാറി. ഇന്ന് ദ ന്യൂ ലെജന്‍ഡ് ശരവണന്‍ സ്‌റ്റോര്‍ എന്ന പേരില്‍ ഒരു വലിയ ഷോപ്പിങ് കോംപ്ലക്‌സും ശരവണന് സ്വന്തമായുണ്ട്. ആഭരണങ്ങള്‍, വീട്ടുപകരണങ്ങള്‍, വസ്ത്രങ്ങള്‍ തുടങ്ങിയവയെല്ലാം അവിടെ വില്‍ക്കുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.