ജിദ്ദ: അറബ് ചരിത്രത്തിലെ ഏറ്റവും മികച്ച കവികളിലൊരാളായ അൻതറ ബിൻ ഷദ്ദാദിന്റെ ജീവിതം സിനിമയാകുന്നു. നിയോമിൽ സിനിമയുടെ ചിത്രീകരണത്തിനുള്ള പ്രാരംഭ നടപടി തുടങ്ങി. ലോകപ്രശസ്ത ചലച്ചിത്രകാരനും സംവിധായകനുമായ സൈമൺ വെസ്റ്റിന്റെ നേതൃത്വത്തിലാണ് നിയോമിലെ മനോഹരമായ ഭൂപ്രകൃതിയുടെ പശ്ചാത്തലത്തിൽ ചരിത്രപരവും ഇതിഹാസ സമാനവുമായ കവിയുടെ ജീവിതകഥ വിടരുന്ന ‘അൻതറ’ എന്ന സിനിമ ചിത്രീകരിക്കാൻ ഒരുങ്ങുന്നത്.
സിനിമയുടെ ഷൂട്ടിങ് 2024 തുടക്കത്തിൽ ആരംഭിക്കും. നിയോമിൽ 12 ആഴ്ച ചിത്രീകരണം നീളും. ചിത്രീകരണത്തിനും നിർമാണ പ്രവർത്തനങ്ങൾക്കുമുള്ള കേന്ദ്രമായ ബജ്ദ ഡെസേർട്ട് സ്റ്റുഡിയോയിലാണ് ചിത്രത്തിന്റെ ടീം പ്രവർത്തിക്കുന്നത്.
നിയോമിനുള്ളിലെ അതിശയകരമായ പ്രകൃതിസൗന്ദര്യം മുഴുവൻ ഒപ്പിയെടുക്കുന്ന ചിത്രീകരണം ആ മേഖലയിലെ പ്രകൃതിപരമായ സവിശേഷതകളെല്ലാം പരമാവധി പ്രയോജനപ്പെടുത്തും. ചലച്ചിത്ര നിർമാണത്തിലെ ഏറ്റവും പുതിയ സാങ്കേതികവിദ്യകൾ ഉപയോഗിച്ച് നിർമിക്കുന്ന സിനിമയാകും ‘അൻതറ’.
അൻതറ എന്ന കവിയുടെ ജന്മദേശം എവിടെയാണോ ആ പ്രദേശങ്ങളിൽനിന്ന് തന്നെ സിനിമ ചിത്രീകരിക്കാൻ കഴിയുന്നത് സിനിമയിലെ കഥാഗതിക്ക് കൂടുതൽ വിശ്വാസ്യതയും യാഥാർഥ്യവും നൽകാൻ സഹായിക്കുമെന്ന് സംവിധായകൻ സൈമൺ വെസ്റ്റ് പറഞ്ഞു. ഈ പ്രവർത്തനത്തിൽ പങ്കെടുക്കുന്നതിൽ സന്തോഷവും ആവേശവും ഉണ്ടെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.
സൗദിയിലെ വളരുന്ന ചലച്ചിത്ര വ്യവസായ വികസനത്തിന് സംഭാവന നൽകാനും ആഗോള പ്രേക്ഷകർക്ക് സവിശേഷമായ ചലച്ചിത്ര അനുഭവം പകരാനും ഇതിലൂടെ സാധിക്കുമെന്ന് പ്രതീക്ഷിക്കുന്നതായി സൈമൺ വെസ്റ്റ് പറഞ്ഞു.
എ.ഡി ആറാം നൂറ്റാണ്ടിൽ ജീവിച്ചിരുന്ന പ്രമുഖ അറബ് കവിയാണ് അൻതറ ബിൻ ഷദ്ദാദ്. അദ്ദേഹത്തിലെ ഇതിഹാസപൂർണമായ കഥയാണ് ചിത്രം വിവരിക്കുന്നത്. മികച്ച ജീവിതാനുഭവങ്ങളും കഥകളും അദ്ദേഹത്തിനുണ്ടായിരുന്നു. ധൈര്യത്തിനും വീരത്വത്തിനും പ്രശസ്തനായിരുന്നു അദ്ദേഹം. അറബ് ചരിത്രത്തിലെ ഏറ്റവും മികച്ച കവികളിലും കുതിരപ്പടയാളികളിലും ഒരാളായി അറിയപ്പെടുന്ന കലാകാരനാണ് അൻതറ ബിൻ ഷദ്ദാദ്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.