പ്രൊപ്പഗണ്ട സിനിമകളിലൂടെ കുപ്രസിദ്ധനായ വിവേക് അഗ്‌നിഹോത്രി സംവിധാനം ചെയ്ത ‘വാക്‌സിന്‍ വാര്‍’ വ്യാഴാഴ്ചയാണ് തീയറ്ററുകളില്‍ എത്തിയത്. ഇന്ത്യയുടെ കോവിഡ് പോരാട്ടമാണ് ചിത്രത്തിന്റെ പ്രമേയം. സമ്മിശ്ര പ്രതികരണങ്ങള്‍ ലഭിച്ച ചിത്രത്തിന് ബോക്‌സ് ഓഫീസില്‍ കഴിഞ്ഞ ദിവസം 85 ലക്ഷം മാത്രമാണ് നേടാനായത്. 1.70 കോടിയാണ് സിനിമ ഇതുവരെ നേടിയത്. ഇതോടെ ചിത്രത്തിനെതിരേ നെറ്റിസൺസിനിടയിൽ പരിഹാസവും ഉയരുന്നുണ്ട്.
‘ജവാന്‍റെ പാർക്കിങ് ഫീസിന്‍റെ അത്രപോലും വരുന്നില്ലല്ലോ’ എന്നാണ് സിനിമക്കെതിരായ പരിഹാസം. ‘ബോയ്ക്കോട്ട് ഗാങി’നെ ഇന്ത്യക്കാർ ബോയ്ക്കോട്ട് ചെയ്തു എന്നും നിരവധിപേർ ട്വിറ്ററിൽ കുറിച്ചു. 10 കോടി മുതല്‍ മുടക്കിലാണ് ‘വാക്‌സിന്‍ വാര്‍’ ഒരുക്കിയിരിക്കുന്നത്. പല്ലവി ജോഷി, അനുപം ഖേര്‍, നാനാ പടേകര്‍, റെയ്മ സെന്‍, ഗിരിജ, നിവേദിത ഭട്ടാചാര്യ, സപ്തമി ഗൗഡ, മോഹന്‍ കൗപുര്‍ എന്നിവരാണ് ചിത്രത്തില്‍ പ്രധാനകഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നത്.
ഹിന്ദി, ഇംഗ്ലീഷ്, ഗുജറാത്തി, പഞ്ചാബി, ഭോജ്പുരി, ബംഗാളി, മറാഠി, തെലുഗു, തമിഴ്, കന്നഡ, ഉറുദു ഭാഷകളില്‍ ചിത്രം റിലീസ് ചെയ്തിട്ടുണ്ട്. അഗ്നിഹോത്രിയുടെ ഭാര്യ പല്ലവി ജോഷിയുടെ ഐ ആം ബുദ്ധ പ്രൊഡക്ഷന്‍സും അഭിഷേക് അഗര്‍വാളും ചേര്‍ന്ന് അഗര്‍വാള്‍ ആര്‍ട്ടിന്റെ ബാനറിലാണ് ചിത്രം നിര്‍മിക്കുന്നത്.
'ദി കശ്മീർ ഫയല്‍സി'ന് ശേഷം അഗ്‌നിഹോത്രി സംവിധാനം ചെയ്യുന്ന ചിത്രമാണ് 'ദി വാക്സിന്‍ വാര്‍'. കാശ്മീരി പണ്ഡിറ്റുകളുടെ പലായനത്തെ ആസ്പദമാക്കി ഒരുക്കിയ ദ കാശ്മീര്‍ ഫയല്‍സ് 15 കോടി മുതല്‍മുടക്കിലാണ് ഒരുക്കിയത്. 340 കോടിയോളമാണ് ചിത്രം ബോക്‌സ്ഓഫീസില്‍ നിന്ന് നേടിയത്.
സെപ്തംബര്‍ 7 ന് റിലീസ് ചെയ്ത ഷാരൂഖ് ഖാന്റെ ജവാന്‍ ഹിന്ദി ബോക്സ് ഓഫീസില്‍ ആധിപത്യം തുടരുകയാണ്. തിയേറ്ററുകളില്‍ മൂന്നാഴ്ച പിന്നിട്ട ജവാന്‍ റിലീസ് ചെയ്ത് 22-ാമത്തെ ദിവസം 5.50 കോടി നേടി. 1043 കോടിയാണ് ചിത്രം ആഗോള ബോക്‌സ് ഓഫീസില്‍ നിന്ന് നേടിയത്. വാക്സിന്‍ വാറിനൊപ്പം ഇറങ്ങിയ ഫുക്രി 3 ആദ്യ ദിനത്തില്‍ ബോക്സ് ഓഫീസില്‍ 8.5 കോടി നേടിയിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.