മുംബൈ വിടുന്നതായി പ്രശസ്ത സംവിധായകൻ അനുരാഗ് കശ്യപ്. അതിെന്റ കാരണവും അദ്ദേഹം വ്യക്തമാക്കി; ഹിന്ദി സിനിമ മേഖല മടുത്തു! സംവിധാനം ചെയ്യുന്നതിലെ സന്തോഷം ഇല്ലാതായെന്ന് അദ്ദേഹം പറയുന്നു.
മഞ്ഞുമ്മൽ ബോയ്സ് പോലുള്ള ഒരു സിനിമ ഹിന്ദിയിൽ ഉണ്ടാകുന്നില്ല. മറ്റു ഭാഷകളിലെ സിനിമ വിജയിച്ചാൽ അത് ഹിന്ദിയിൽ റീമേക്ക് ചെയ്യും. റീമേക്കിങ്ങിൽ മാത്രമാണ് ഇവിടെ താൽപര്യം. പുതുതായി ഒന്നും അവർ പരീക്ഷിക്കുന്നില്ല -അദ്ദേഹം പറഞ്ഞു.
സിനിമാ മോഹികളെ താരങ്ങളാകാൻ കൊതിപ്പിക്കുന്ന ടാലന്റ് മാനേജ്മെന്റ് ഏജൻസികളെയും അദ്ദേഹം കുറ്റപ്പെടുത്തി. മികച്ച നടീനടന്മാരാകാൻ പ്രയത്നിക്കുന്നതിന് അവർക്ക് ഈ ഏജൻസികൾ പ്രചോദനം നൽകുന്നില്ല. തങ്ങളുടെ നേട്ടത്തിനായി ഏജൻസികൾ യുവതാരങ്ങളെ ചൂഷണം ചെയ്യുകയാണ്. വേണ്ടത്ര ശോഭിച്ചില്ലെങ്കിൽ അവരെ കൈയൊഴിയുകയും ചെയ്യും. അടുത്തിടെ നൽകിയ അഭിമുഖത്തിലാണ് അനുരാഗ് കശ്യപ് ഇക്കാര്യങ്ങൾ വ്യക്തമാക്കുന്നത്.
സിനിമ നിർമാണത്തിെന്റ ചെലവ് കുത്തനെ ഉയർന്നതിലും അദ്ദേഹം പരിതപിച്ചു. വേതന വർധനയും മറ്റു ഘടകങ്ങളുമാണ് ഇതിന് കാരണം. പുതിയ പരീക്ഷണങ്ങൾ നടത്താൻ ഇപ്പോൾ തനിക്ക് സാധിക്കുന്നില്ല. പേടിപ്പിക്കുന്ന ചെലവാണ് ഇതിന് തടസ്സം. നിർമാതാക്കൾ ലാഭത്തെക്കുറിച്ചാണ് ചിന്തിക്കുന്നത്. സിനിമയുടെ പ്രവർത്തനം തുടങ്ങുന്നതിനു മുമ്പുതന്നെ അത് എങ്ങനെ വിറ്റഴിക്കാമെന്നാണ് ആലോചിക്കുന്നത് -അദ്ദേഹം പറഞ്ഞു.
പുതുവർഷം മുംബൈ വിട്ട് ദക്ഷിണേന്ത്യയിലേക്ക് പോകാനാണ് ആഗ്രഹിക്കുന്നത്. പ്രചോദനം കിട്ടുന്ന സ്ഥലത്തുവേണം ജീവിക്കാൻ. അല്ലെങ്കിൽ ഞാൻ ഇവിടെ ഒരു കിളവനായി മരിക്കും -അദ്ദേഹം കൂട്ടിച്ചേർത്തു. മലയാളത്തിൽ ഈയിടെ പുറത്തിറങ്ങിയ റൈഫ്ൾ ക്ലബ് എന്ന ചിത്രത്തിൽ അനുരാഗ് കശ്യപ് മികച്ച വേഷം ചെയ്തിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.