മാർവലിന്‍റെ സ്പൈഡർ മാൻ സിനിമകളിലൂടെ പ്രേക്ഷകരുടെ ഇഷ്ടം സ്വന്തമാക്കിയ താരമാണ് ടോം ഹോളണ്ട്. എന്നാൽ, താരത്തിന് ഇപ്പോൾ മറ്റൊരു ജനപ്രിയ ഫ്രാഞ്ചൈസിന്‍റെ ഭാഗം കൂടിയാവാൻ ആഗ്രഹം ജനിച്ചിരിക്കുകയാണ്. യു.കെ റേഡിയോ പ്രോഗ്രാമായ ഹാർട്ടിന് നൽകിയ അഭിമുഖത്തിലാണ് ടോം ഹോളണ്ട് തന്‍റെ സ്വപ്നം വെളിപ്പെടുത്തിയത്. ജെയിംസ് ബോണ്ടിനെ അവതരിപ്പിക്കാൻ അവസരം ലഭിച്ചാൽ ചെയ്യുമോ എന്നായിരുന്നു ചോദ്യം.
ജെയിംസ് ബോണ്ട് എന്ന വിഖ്യാത കഥാപാത്രമാകാൻ അതിയായ ആഗ്രഹമുണ്ടെന്നാണ് ടോം മറുപടി നൽകിയത്. 'അങ്ങനെ സംഭവിച്ചാൽ അതൊരു യഥാർഥ സ്വപ്ന സാക്ഷാത്കാരമായി മാറും. ഞാൻ അങ്ങേയറ്റം ഭാഗ്യവാനാണെന്ന് എന്നെത്തന്നെ ഓർമിപ്പിച്ചുകൊണ്ടിരിക്കും. സ്പൈഡർ മാനെ അവതരിപ്പിക്കാൻ അവസരം ലഭിച്ചത് തന്നെ തികഞ്ഞ ആനന്ദകരവും അനുഗ്രഹവുമായാണ് കാണുന്നത്. അവർക്ക് പ്രായം കുറഞ്ഞ ജെയിംസ് ബോണ്ടിനെ വേണമെന്നുണ്ടെങ്കിൽ ഞാൻ ഇവിടെയുണ്ടെന്ന് നിങ്ങൾ മനസിലാക്കുക'. -ടോം ഹോളണ്ട് പറഞ്ഞു. എല്ലാം നമുക്ക് കാത്തിരുന്ന് കാണാമെന്നും താരം കൂട്ടിച്ചേർത്തു.
007 എന്ന കഥാപാത്രമായി അഞ്ച് സിനിമകളിൽ വേഷമിട്ട ഡാനിയൽ ക്രെയ്ഗ് വരാനിരിക്കുന്ന 'നോ ടൈം ടു ഡൈ' എന്ന ബോണ്ട് ചിത്രത്തിന് ശേഷം അതിൽ നിന്ന് പിന്മാറിയിരുന്നു. അതിന് പിന്നാലെ അടുത്ത ജെയിംസ് ബോണ്ട് ആരായിരിക്കണമെന്ന ചർച്ചയിലാണ് നെറ്റിസൺസ്. അതേസമയം, ടോം ഹോളണ്ട് നിലവിൽ പുതിയ സ്പൈഡർ മാൻ ചിത്രമായ 'സ്പൈഡർ മാൻ: നോ വേ ഹോമി'ന്‍റെ ചിത്രീകരണത്തിനായി അറ്റ്ലാന്റയിലാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.