അത്ര എളുപ്പമായിരുന്നില്ല '2018'ന്റെ ചിത്രീകരണം! ഇതിനെക്കാള്‍ വലിയ അംഗീകാരമില്ല; ടൊവിനോ തോമസ്

കേരള ജനത അതിജീവിച്ച മഹാപ്രളയത്തെ ആസ്പദമാക്കി ജൂഡ് ആന്തണി സംവിധാനം ചെയ്ത '2018' എന്ന ചിത്രത്തിന് തിയറ്ററുകളിൽ നിന്ന് മികച്ച അഭിപ്രായമാണ് ലഭിക്കുന്നത്. മെയ് 5 നാണ് ചിത്രം തിയറ്ററുകളിൽ എത്തിയത്. ഇപ്പോഴിതാ ചിത്രം ഇരുകൈകളും നീട്ടി സ്വീകരിച്ച പ്രേക്ഷകർക്ക് നന്ദി പറയുകയാണ് നടൻ ടൊവിനോ തോമസ്. നാട്ടിൽ ഇല്ലാത്തത് കൊണ്ട് ചിത്രം തിയറ്ററിൽ പോയി കാണാൻ സാധിച്ചില്ലെന്നും ഇതുതന്റെ കരിയറിലെ ഏറ്റവും വലിയ നഷ്ടമാണെന്നും ടൊവിനോ ഇൻസ്റ്റഗ്രാമിൽ വിഡിയോ പങ്കുവെച്ചുകൊണ്ടു പറഞ്ഞു. രണ്ട് ദിവസത്തിനുള്ളിൽ നാട്ടിലെത്തുമെന്നും നിറഞ്ഞ സദസില്‍ കുടുംബത്തോടൊപ്പം പോയി സിനിമ കാണുമെന്നും താരം കൂട്ടിച്ചേർത്തു.

'നാട്ടില്‍ ഇല്ലാത്തതില്‍ ഞാൻ ഏറ്റവും കൂടുതല്‍ വിഷമിക്കുന്ന സമയമാണിത്. കാരണം 2018 എന്ന സിനിമ തിയറ്ററിലെത്തിയിട്ട് നൂറ് ശതമാനവും പോസിറ്റീവ് റിവ്യുകളുമായി മുന്നോട്ട് പോകുകയാണ്. എന്റെ കരിയറിലെ ഏറ്റവും വലിയ നഷ്ടമാണ് ഈ നിമിഷം നാട്ടില്‍ ഉണ്ടാകാന്‍ സാധിക്കാത്തത്. എല്ലാവരും നല്ലത് പറയുമ്പോള്‍, അത് നേരിട്ട് കാണാനും അറിയാനും അനുഭവിക്കാനും അവിടെ ഉണ്ടാകാനായില്ല. സിനിമയുടെ എല്ലാ അണിയറ പ്രവര്‍ത്തകർക്കുമൊപ്പമിരുന്ന് തിയറ്ററില്‍ സിനിമ കാണാന്‍ പറ്റിയില്ലയെന്നത് എന്നും നഷ്ടത്തോടെ ഓര്‍ക്കുന്ന ഒന്നായിരിക്കും.

ഞാന്‍ ഇപ്പോള്‍ ഫിന്‍ലാന്റില്‍ ആണ്. രണ്ട് ദിവസത്തിനുള്ളിൽ നാട്ടില്‍ എത്തും. നിറഞ്ഞ സദസില്‍ കുടുംബത്തോടൊപ്പം പോയി സിനിമ കാണും. എല്ലാവര്‍ക്കും ഒരുപാട് നന്ദി. ഇത് എന്റേയോ ഇതിൽ അഭിനയിച്ചിരിക്കുന്നവരുടെയോ അണിയറപ്രവർത്തകരുടെയോ ചിത്രമല്ല. '2018' സിനിമ ഓരോ മലയാളികളുടേയുമാണ്. ഓരോ മലയാളിക്കും അഭിമാനത്തോടെ കണ്ടിരിക്കാവുന്ന മലയാളികളല്ലാത്തവരെ കാണിക്കാന്‍ പറ്റിയ ചിത്രമാണ്. അതിന്റെ ഭാഗമാകാന്‍ പറ്റി എന്നത് വലിയ സന്തോഷമുള്ള കാര്യമാണ്. ഈ സിനിമയില്‍ പ്രവര്‍ത്തിച്ച എല്ലാവർക്കും സിനിമ കാണുന്നവർക്കും നന്ദി.

ഇതൊരു വളരെ പ്രധാനപ്പെട്ടൊരു സിനിമയാണ്. ചരിത്രത്തില്‍ അടയാളപ്പെടുത്തേണ്ട സിനിമയാണെന്ന് എനിക്ക് തോന്നി. അത് അങ്ങനെ തന്നെ സംഭവിച്ചു. ഒരുപാട് സന്തോഷം. അത്ര എളുപ്പമുള്ള ഷൂട്ടിങ് ആയിരുന്നില്ല '2018' ന്റേത്. ഇത്രയും വലിയ സ്വീകാര്യത ലഭിക്കുന്ന സമയത്ത് ഒരു കലാകാരന്‍ എന്ന നിലയിൽ ഇതിനെക്കാള്‍ വലിയ അംഗീകാരങ്ങളോ അല്ലെങ്കില്‍ മറ്റൊന്നോ ഞങ്ങള്‍ പ്രതീക്ഷിക്കുന്നില്ല. നമ്മുടെ സിനിമ ആളുകൾക്ക് ഇഷ്ടപ്പെടുന്നുവെന്ന്   അറിയുമ്പോള്‍, പിന്നെ നമുക്ക് ഒന്നും വേണ്ട.

'2018' മറ്റ് ഭാഷകളിലും ഡബ്ബ് ചെയ്തിട്ടുണ്ട്. അതിന്റെതായ സമയത്ത് മറ്റു ഭാഷക്കാര്‍ക്കും സിനിമ കാണാം. കേരളത്തില്‍ അന്ന് ഉണ്ടായതെല്ലാം, മലയാളികള്‍ അന്ന് നേരിട്ടതെല്ലാം ഒരുമിച്ച് നിന്നതുമെല്ലാം എല്ലാവരും കാണുകയും ആസ്വദിക്കുകയും പ്രചോദനമാകുകയും ചെയ്യട്ടെ എന്ന് ആഗ്രഹിക്കുന്നു.

ജൂഡ് ചേട്ടാ,ഇപ്പോള്‍ കിട്ടിക്കെണ്ടിരിക്കുന്നത് നിങ്ങളുടെ ഇത്രയും വര്‍ഷത്തെ അധ്വാനത്തിന്റെ പ്രതിഫലമാണ്. എങ്കയോ പോയിട്ടേന്‍ മിസ്റ്റര്‍ ജൂഡ് ആന്റണി. മലയാള സിനിമ കാണാന്‍ തിയറ്ററില്‍ ആളില്ലെന്ന പരാതിയൊക്കെ മാറിയില്ലേ. ഓരോ കാലഘട്ടത്തിന് അനുസരിച്ച് സിനിമകള്‍ വരുമ്പോള്‍, തീര്‍ച്ചയായും മലയാളികള്‍ ഇരുകൈയും നീട്ടി സ്വീകരിക്കും എന്നുള്ളതിന്റെ തെളിവാണ് ഇത്. ഒരുപാട് സന്തോഷം'-ടൊവിനോ പറയുന്നു.


Tags:    
News Summary - Tovino Thomas Video About Thanked to audience for Receving His New Movie 2018

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.