തിരുവനന്തപുരം: ഗവർണർ ആരിഫ് മുഹമ്മദ് ഖാനെ നടൻ ടൊവിനോ തോമസും കുടുംബവും സന്ദർശിച്ചു. ഭാര്യ ലിഡിയ, മക്കളായ ഇസ്സ, തഹാൻ എന്നിവർക്കൊപ്പമാണ് ടൊവിനോ രാജ്ഭവനിലെത്തി ഗവർണറുമായി കൂടിക്കാഴ്ച നടത്തിയത്. ഗവർണർക്കും കുടുംബാംഗങ്ങൾക്കുമൊപ്പമുള്ള കൂടിക്കാഴ്ചയുടെ നിമിഷങ്ങൾ ടൊവിനോ സമൂഹമാധ്യമങ്ങളിലൂടെ പങ്കുവച്ചു.
'സംഭവബഹുലവും മനോഹരവുമായിരുന്ന 2021നെ പൂർത്തീകരിക്കാനുള്ള എത്ര വിസ്മയകരമായ മാർഗം! ബഹുമാനപ്പെട്ട കേരള ഗവർണർ ശ്രീ. ആരിഫ് മുഹമ്മദ് ഖാൻ സാറുമായുള്ള സന്ദർശനം ഏറെ പ്രിയങ്കരമായി. അദ്ദേഹവും അദ്ദേഹത്തിന്‍റെ സ്നേഹനിർഭരവും അതിമനോഹരവുമായ കുടുംബവും ഞങ്ങൾക്ക് സമ്മാനിച്ച ഊഷ്മളതയും ഇഷ്ടവും എന്നെ കീഴ്പ്പെടുത്തി കളഞ്ഞു. ഉറപ്പാണ്, ഇസ്സ അവരുടെ ഫാൻ ആയി മാറിയിട്ടുണ്ട്. അവരെല്ലാം 'മിന്നൽ മുരളി'യെ ഇഷ്ടപ്പെട്ടു എന്നറിഞ്ഞത് സന്തോഷം ഇരട്ടിയാക്കുന്നു' -ഗവർണർക്കും കുടുംബത്തിനുമൊപ്പമുള്ള ചിത്രങ്ങൾ പങ്കുവെച്ച് ടൊവിനോ ഫേസ്ബുക്കിൽ കുറിച്ചു.
'വാശി' എന്ന പുതിയ സിനിമയുടെ ചിത്രീകരണത്തിന് വേണ്ടിയാണ് ടൊവിനോ തിരുവനന്തപുരത്തെത്തിയത്. രേവതി കലാമന്ദിര്‍ നിർമിക്കുന്ന 'വാശി'യിൽ കീര്‍ത്തി സുരേഷ് ആണ് നായിക. അടുത്തിടെ റിലീസ് ചെയ്ത 'മിന്നൽ മുരളി' തരംഗമായതിന്‍റെയും നെറ്റ്ഫ്ലിക്സ് ആഗോള സിനിമയിൽ നാലാം സ്ഥാനത്ത് എത്തിയതിന്‍റെയും സന്തോഷത്തിലാണ് ടൊവിനോ. പതിനൊന്ന് രാജ്യങ്ങളിലെ ആദ്യ പത്ത് സ്ഥാനങ്ങളിൽ 'മിന്നൽ മുരളി' ഇടംപിടിച്ചിട്ടുണ്ട്. ആഷിഖ് അബു സംവിധാനം ചെയ്യുന്ന 'നാരദൻ' ആണ് റിലീസിനൊരുങ്ങുന്ന ടൊവിനോയുടെ പുതിയ പ്രോജക്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.