ന്യൂഡൽഹി: രണ്ടു പ്രമുഖ ചാനലുകളുടെ അതിരുകവിഞ്ഞ ആക്രോശങ്ങൾക്കും ദുഷ്പ്രചാരണങ്ങൾക്കുമെതിരെ ബോളിവുഡ് ഒറ്റക്കെട്ടായി കോടതിയിലേക്ക്. നിക്ഷിപ്ത താൽപര്യങ്ങളാൽ ബോളിവുഡിനെ അടച്ചാക്ഷേപിക്കുന്ന റിപ്പബ്ലിക്, ടൈംസ് നൗ ചാനലുകൾക്കെതിരെയാണ് നിർമാതാക്കളുടെ കൂട്ടായ്മ ഡൽഹി ഹൈക്കോടതിയെ സമീപിച്ചത്. 'ചില മാധ്യമ സ്ഥാപനങ്ങളുടെ നിരുത്തരവാദപരമായ റിപ്പോർട്ടിങ്ങി'ന് എതിരെയാണ് കേസ് നൽകിയത്. സുശാന്ത് സിങ് രജ്പുത്തിെൻറ മരണവുമായി ബന്ധപ്പെട്ട് ഹിന്ദി സിനിമ വ്യവസായത്തെയും സിനിമ പ്രവർത്തകരെയും താറടിച്ചുകാട്ടുന്നതിനെതിരെയാണ് ബോളിവുഡ് നിയമനടപടിയിലേക്ക് നീങ്ങിയത്.
കരൺ ജോഹർ, യഷ് രാജ്, ആമിർ ഖാൻ, ഷാറൂഖ് ഖാൻ, സൽമാൻ ഖാൻ എന്നിവരുടേതടക്കമുള്ള നിർമാണ കമ്പനികൾ കേസിൽ ഭാഗമായിട്ടുണ്ട്. നാലു സിനിമ വ്യവസായ അസോസിയേഷനുകളും 34 പ്രൊഡ്യൂസർമാരുമാണ് കേസ് നൽകിയിട്ടുള്ളത്. മയക്കുമരുന്നിന് അടിമകളെന്നും നിന്ദ്യരെന്നുമൊക്കെ നടത്തിയ പരാമർശങ്ങളെ തുടർന്നാണ് സിനിമാ ലോകം കോടതി കയറുന്നത്.
റിപ്പബ്ലിക് ടി.വിയുടെ തലപ്പത്തുള്ള അർണബ് ഗോസ്വാമി, പ്രദീപ് ഭണ്ഡാരി, ടൈംസ് നൗവിെൻറ രാഹുൽ ശിവ്ശങ്കർ, നവിക കുമാർ എന്നിവർക്കെതിരെയാണ് കേസ് ഫയൽ ചെയ്തിട്ടുള്ളത്. ചാനലുകളെയും സാമൂഹിക മാധ്യമ വേദികളെയും 'ബോളിവുഡിനും അതിലെ അംഗങ്ങൾക്കുമെതിരെ നിരുത്തരവാദപരവും ആക്ഷേപകരവും അപകീർത്തികരവുമായ പരാമർശങ്ങൾ നടത്തുന്നതിൽനിന്ന് തടയണമെന്ന്' ഹരജിയിൽ ആവശ്യപ്പെട്ടിട്ടുണ്ട്. സിനിമ വ്യക്തിത്വങ്ങളെ മാധ്യമ വിചാരണ നടത്തുന്നതും അവരുടെ സ്വകാര്യത ഹനിക്കുന്നതുമായ പ്രവർത്തനങ്ങൾ തടയണമെന്നും ഹരജിയിൽ ഉന്നയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.