കൊച്ചി: താര സംഘടനയായ 'അമ്മ ക്ക് വേണ്ടി ആശിർവാദ് സിനിമാസിന്റെ ബാനറിൽ ആന്‍റണി പെരുമ്പാവൂർ നിർമ്മിക്കുന്ന ചിത്രം വൈശാഖ് സംവിധാനം ചെയ്യും. ഇതേക്കുറിച്ചുള്ള ഔദ്യോഗിക പ്രഖ്യാപനം ഉടനെയുണ്ടാകുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്.
പ്രിയദർശനും ടി.കെ രാജീവ് കുമാറും ചേർന്ന് അമ്മ യുടെ ചിത്രം സംവിധാനം ചെയ്യുമെന്നായിരുന്നു ആദ്യം തീരുമാനിച്ചിരുന്നത്. എന്നാൽ ആ കാരണം മാറാനുള്ള കാരണമെന്താണെന്ന് പുറത്തുവിട്ടിട്ടില്ല. വൈശാഖ് ഒരുക്കുന്ന ചിത്രത്തിന്‍റെ ചർച്ചകൾ പുരോഗമിക്കുകയാണ്. ഉദയകൃഷ്ണയുടേതാണ് തിരക്കഥ. അമ്മ കൊച്ചിയില്‍ പണികഴിപ്പിച്ച പുതിയ ആസ്ഥാന മന്ദിരത്തിന്‍റെ ഉദ്ഘാടന ദിവസം തന്നെയായിരുന്നു ഈ ചിത്രത്തിന്‍റെ പ്രഖ്യാപനം.
അമ്മ കരാറിലേർപ്പെട്ടിരിക്കുന്നത് ആശിർവാദ് സിനിമാസുമായാണ്. ചിത്രം ആര് സംവിധാനം ചെയ്യണമെന്നുള്ളത് അവരുടെ തീരുമാനം ആണ്. അമ്മ സംഘടനയെ സംബന്ധിച്ചിടത്തോളം ചിത്രം ആര് സംവിധാനം ചെയ്താലും പ്രശ്നമില്ലെന്നാണ് അമ്മയുടെ നിലപാട്.
'അമ്മ' ക്ക് വേണ്ടി ഗ്രാൻഡ് പ്രൊഡക്ഷൻസിന്റെ ബാനറിൽ ദിലീപ് നിർമ്മിച്ച ജോഷി ചിത്രം ട്വന്റി 20 യിൽ വൈശാഖ് സഹ സംവിധായകൻ ആയിരുന്നു. പോക്കിരിരാജയാണ് വൈശാഖ് സ്വതന്ത്ര സംവിധായകനായ ചിത്രം. മോഹൻലാൽ നായകനായ പുലിമുരുകൻ എന്ന ചിത്രം സംവിധാനം ചെയ്തതിലൂടെയാണ് വൈശാഖ് ശ്രദ്ധേയനായത്. സൗണ്ട് തോമ, വിശുദ്ധൻ, കസിൻസ്, മധുരരാജാ എന്നീ ചിത്രങ്ങളും വൈശാഖ് സംവിധാനം ചെയ്‌തിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.