ദേശീയ ചലച്ചിത്ര പുരസ്കാര ജൂറിയിൽ വി.എച്ച്.പി പ്രസിഡന്റ് വിജി തമ്പിയും

ദേശീയ ചലച്ചിത്ര പുരസ്കാര ജൂറിയിൽ വിശ്വഹിന്ദു പരിഷത്ത് പ്രസിഡന്റ് വിജി തമ്പിയും. ഇന്ത്യയിലെ മികച്ച സിനിമാ പ്രവർത്തകരെ തിരഞ്ഞെടുക്കുന്ന പരമോന്നത സമിതിയിലാണ് വി.എച്ച്.പി കേരള ഘടകം അധ്യക്ഷൻ കൂടിയായ വിജി തമ്പിയും അംഗമായിരിക്കുന്നത്. സെൻട്രൽ ബോർഡ് ഓഫ് ഫിലിം സെർട്ടിഫിക്കേഷൻ അംഗമായ വിജി തമ്പി ക്ഷേത്ര സംരക്ഷണ സമിതി സംസ്ഥാന ഉപദേഷ്ടാവുമാണ്.

അടുത്ത കാലത്തായി ദേശീയ സിനിമ പുരസ്‌കാര തിരഞ്ഞെടുപ്പിൽ പക്ഷപാതമുണ്ടെന്ന വിമർശനങ്ങൾ ഉയരുന്നുണ്ട്. സംഘപരിവാർ അനുഭാവികളായ അനര്‍ഹര്‍ക്ക് അവാര്‍ഡ് നല്‍കിയെന്ന നിലയിൽ കഴിഞ്ഞ വർഷത്തെ ദേശീയ പുരസ്ക്കാരം വിവാദങ്ങളിലായിരുന്നു. മികച്ച നടിയായി തെരഞ്ഞെടുക്കപ്പെട്ട കങ്കണ റണാവത്, മികച്ച സംഭാഷണത്തിനുള്ള പുരസ്‌കാരം ലഭിച്ച വിവേക് അഗ്നിഹോത്രി എന്നിവർ പരസ്യമായി സംഘപരിവാർ ക്യാമ്പിൽ പ്രവർത്തിക്കുന്നവരാണ്.


മലയാള ചിത്രം 'മരയ്ക്കാർ: അറബിക്കടലിന്റെ സിംഹം' ദേശീയ പുരസ്‌ക്കാരത്തിന് അർഹമല്ല എന്ന നിലയിലും വിവാദമുണ്ടായി. മരയ്ക്കാറിന്റെ സംവിധായകൻ പ്രിയദർശനും തന്റെ സംഘപരിവാർ ബന്ധങ്ങൾ ഒരിക്കലും മറച്ചുവച്ചിരുന്നില്ല. മരയ്ക്കാറിന്റെ പുരസ്കാരത്തിനെതിരേ കഴിഞ്ഞ തവണ സമൂഹ മാധ്യമങ്ങളിൽ ചർച്ചകളും ട്രോളുകളും വിമർശനങ്ങളും ശക്തമായിരുന്നു. തീവ്ര വലതുപക്ഷ നിലപാടുകള്‍ വിമര്‍ശനങ്ങള്‍ക്ക് കാരണമായിരുന്നെങ്കിലും ഇക്കാര്യങ്ങളൊന്നും തിരുത്താതെ മുന്നോട്ടുപോകുന്ന കങ്കണയെ ബിജെപി സഹായിക്കുകയാണെന്നും വിമർശനം ഉയർന്നിരുന്നു.

കവി, നിരൂപകന്‍, പത്രാധിപര്‍, അധ്യാപകന്‍, സംവിധായകന്‍ എന്നീ നിലകളിൽ പ്രവർത്തിച്ചിരുന്നയാളാണ് വിജി തമ്പി. ഇരുപത്തിയഞ്ചിലേറെ മലയാളചിത്രങ്ങൾ ഇദ്ദേഹം സംവിധാനം ചെയ്തിട്ടുണ്ട്. 1988-ൽ പുറത്തിറങ്ങിയ 'ഡേവിഡ് ഡേവിഡ് മിസ്റ്റർ ഡേവിഡ്' ആണ് ആദ്യ ചിത്രം. 2013ൽ പുറത്തിറങ്ങിയ ദിലീപ് ചിത്രം 'നാടോടി മന്നൻ' ആയിരുന്നു അവസാന ചിത്രം. 2021 ൽ ആണ് വിശ്വഹിന്ദുപരിഷത്ത് സംസ്ഥാന അദ്ധ്യക്ഷനായി അദ്ദേഹം തെരഞ്ഞെടുക്കപ്പെട്ടത്.


Tags:    
News Summary - VHP president Viji Thambi will also be part of the National Film Award jury

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.