റിയാലിറ്റിയെ മനസ്സിലാക്കാനുള്ള ശ്രമം ഷൈൻ ടോം ചാക്കോയുടെ ഭാഗത്തുനിന്ന് ഉണ്ടായിട്ടില്ല- ജോളി ചിറയത്ത്

ലിജോ ജോസ് പെല്ലിശ്ശേരി സംവിധാനം ചെയ്ത അങ്കമാലി ഡയറീസിലുടെ ശ്രദ്ധിക്കപ്പെട്ട നടിയാണ് ജോളി ചിറയത്ത്. പിന്നീട് നിരവധി ചിത്രങ്ങളില്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ച ജോളി ചിറയത്ത് അഭിനയിച്ച പുതിയ സിനിമയാണ് ഷൈൻ ടോം ചാക്കോ നായകനായ വിചിത്രം. തന്റെ സിനിമ ജീവിതത്തെക്കുറിച്ചും, നിലപാടുകളെ കുറിച്ചും വ്യക്തമാക്കുകയാണ് നടി ജോളി ചിറയത്ത്

• തുടക്കം സഹസംവിധായകയായി

ഗൾഫിലെ കുറേകാലത്തെ ജീവിതമെല്ലാം നിർത്തി നാട്ടിലേക്ക് വന്ന സമയത്താണ് പഴയകാല സ്വപ്നങ്ങളിലേക്ക് ഒരിക്കൽ സഞ്ചരിക്കാമെന്ന ഒരു ചിന്ത വരുന്നത്. അങ്ങനെയാണ് സഹസംവിധായകയാവമെന്ന തീരുമാനത്തിലെത്തുന്നത്. ഫഹദ് ഫാസിലിന്റെ ഒളിപ്പോരിൽ അസിസ്റ്റന്റ് ഡയറക്ടറായി ജോലി ചെയ്തു.വാസ്തവത്തിൽ സൗഹൃദങ്ങളുടെ പുറത്താണ് ഞാനാ സിനിമയിലെത്തുന്നത്. എന്നെ സംബന്ധിച്ചിടത്തോളം ഒരു സിനിമ സംവിധാനം ചെയ്യണം തിരക്കഥ എഴുതണം തുടങ്ങിയ ആഗ്രഹങ്ങളൊക്കെ ആ സമയങ്ങളിൽ വളരെ വലുതായിരുന്നു. അല്ലാതെ അഭിനയം എന്ന താല്പര്യമൊന്നും അപ്പോഴെനിക്കില്ലായിരുന്നു. പക്ഷെ, പണ്ട് പ്രീഡിഗ്രിക്ക് പഠിക്കുന്ന കാലത്ത് അഭിനയിക്കുവാനുള്ള മോഹമൊക്കെ എനിക്ക് അകലങ്ങളിലുണ്ടായിരുന്നു. എന്നാൽ അന്നത്തെ സാഹചര്യങ്ങൾ അതിനൊന്നും അനുവദിക്കുന്ന ഒന്നല്ലായിരുന്നത് കൊണ്ട് തന്നെ ആഗ്രഹങ്ങൾ അക്കാലങ്ങളിൽ തന്നെ മാറ്റിവയ്ക്കുകയായിരുന്നു .പിന്നീട് ഗൾഫിലൊക്കെ പോയി ജീവിതം തുടങ്ങി കുറേക്കാലത്തിനുശേഷം അവിടുത്തെ ജീവിതമെല്ലാം നിർത്തി തിരിച്ചു നാട്ടിലേക്ക് വന്നു. സത്യത്തിൽ അങ്ങനെയൊരാൾക്ക് ഈ മേഖലയിൽ അവസരങ്ങൾ ലഭിക്കുക എന്നുള്ളത് അല്പം ബുദ്ധിമുട്ടുള്ള കാര്യമാണ്. പിന്നെ മുൻപേ പറഞ്ഞതുപോലെ സൗഹൃദങ്ങളുടെ പുറത്ത് അസിസ്റ്റന്റ് ഡയറക്ടറായി വർക്ക് ചെയ്യാൻ അവസരം ലഭിച്ചു എന്നതാണ് ഞാൻ മനസ്സിലാക്കുന്നത്. പക്ഷേ അതുകൊണ്ടൊന്നുംതന്നെ നമുക്ക് തുടർച്ചയായി അവസരങ്ങൾ ലഭിക്കാൻ സാധ്യതയില്ലായിരുന്നു എന്നത് വേറെ കാര്യം. എന്നാൽ അതിനുശേഷവും ഞാൻ സഹ സംവിധായകയായി ഒരു വർക്ക് ചെയ്തു.ജയൻ കെ ചെറിയാൻ സംവിധാനം ചെയ്ത കാ ബോഡി എസ്കേപ്പ്സ് എന്ന സിനിമയായിരുന്നു അത്. അന്നത്തെ കേരളത്തിന്റെ സാമൂഹിക സാഹചര്യവുമായി ബന്ധപ്പെട്ട നിൽപ്പു സമരം ചുംബന സമരം തുടങ്ങിയ വിവിധ വിഷയങ്ങളെ അടിസ്ഥാനപ്പെടുത്തിയുള്ള ഒരു ഡോക്യുമെന്ററി ചെയ്യാനായിരുന്നു ആദ്യം അദ്ദേഹം തീരുമാനിച്ചത്. അതിന്റെയെല്ലാം സംഘാടകതലത്തിലുള്ള ഒരാളായതുകൊണ്ടുതന്നെ എന്നോട് അദ്ദേഹം കാര്യങ്ങളെല്ലാം ചോദിച്ചു മനസ്സിലാക്കിയെങ്കിലും പിന്നീടത് സിനിമയായി മാറുകയാണുണ്ടായത്. ആ സമയത്ത് എന്നോട് ഈ വർക്കിൽ കൂടെയുണ്ടാകണമെന്നു പറഞ്ഞപ്പോൾ അങ്ങനെ അതിലും സഹ സംവിധായകയായി വർക്ക് ചെയ്യാമെന്ന് തീരുമാനിച്ചു. അങ്ങനെയാണ് ഞാൻ രണ്ടു സിനിമകളിൽ സഹസംവിധായികയാകുന്നത്.

• അഭിനയം അങ്കമാലിയിൽ നിന്ന്

സഹ സംവിധാനമൊക്കെ ചെയ്ത് ഒരു ഗ്യാപ് എടുത്തു നിൽക്കുമ്പോഴാണ് നടൻ സുർജിത്തിനോട്ചെമ്പൻ വിനോദ് സിനിമ സിനിമ എഴുതി സംവിധാനം ചെയ്യാൻ പോകുന്ന കാര്യം പറഞ്ഞത്. അതിൽ ഒരു അമ്മ കഥാപാത്രം ഉണ്ടെന്നറിഞ്ഞപ്പോൾ സുർജിത്ത് എന്നോട് ചോദിച്ചു ഇങ്ങനെ ഒരു കഥാപാത്രമുണ്ട് നിനക്ക് ചെയ്യാൻ പറ്റുമോ എന്ന്. കൂട്ടത്തിൽ ഫോട്ടോ അയക്കാൻ പറഞ്ഞു. ഞാൻ അങ്ങനെ ചെയ്തു. അതിൽ പിന്നെ 10 മാസങ്ങൾക്ക് ശേഷമാണ് ചെമ്പൻ വിനോദ് എന്നെ ഓഡിഷനു വിളിക്കുന്നത്. അദ്ദേഹമല്ല സംവിധാനം ചെയ്യുന്നത് ലിജോ ജോസ് പെല്ലിശ്ശേരിയാണ് സംവിധാനം ചെയ്യുന്നത് എന്ന കാര്യം കൂടി കൂട്ടത്തിൽ എന്നോട് പറഞ്ഞു . മാത്രമല്ല,ഓഡിഷൻ വഴിയാണ് ആളുകളെ തിരഞ്ഞെടുക്കുന്നത് എന്നും വ്യക്തമാക്കി. അങ്ങനെ ഓഡിഷനു പോയി. ആ സിനിമയിൽ തെരഞ്ഞെടുക്കപ്പെട്ടു.പിന്നീട് സിനിമ വരെ വിജയകരമായും തീർന്നു. ആ വിജയത്തിന്റെ ഭാഗമായാണ് ഇന്നും ഞാൻ ഇൻഡസ്ട്രിയിൽ നിലനിൽക്കുന്നത്.

• നാല്പതുകൾക്ക് മുൻപും കലാരംഗത്ത് സജീവം

ഇരുപത്തിയൊന്നാം വയസ്സിലാണ് എന്റെ വിവാഹം കഴിയുന്നത്. അന്ന് ഞാൻ ഡിഗ്രി ഫൈനലിയർ വിദ്യാർത്ഥിനിയായിരുന്നു. പ്രണയവിവാഹം ആയതുകൊണ്ട് തന്നെ അത്യാവശ്യം വിപ്ലവം ഒക്കെ ഉണ്ടാക്കിയ വിവാഹമായിരുന്നു അത്. സ്വാഭാവികമായും എതിർപ്പുകളും പ്രശ്നങ്ങളുമൊക്കെ ഉണ്ടായെങ്കിലും രജിസ്റ്റർ വിവാഹം ചെയ്ത് ഞങ്ങൾ ഒരുമിച്ച് താമസം തുടങ്ങി. സിനിമ ചെയ്യണം,നാടകം ചെയ്യണം, സാമ്പ്രദായികമായ ഒരു ജീവിതരീതി പിന്തുടരേണ്ട എന്നുള്ള തീരുമാനത്തിലൊക്കെയാണ് തുടക്കത്തിൽ ഞങ്ങൾ രണ്ടു പേരും മുൻപോട്ട് പോയത്.അതിന്റെ ഭാഗമായി അന്ന് ഞാൻ നാടകമൊക്കെ പഠിക്കാൻ ശ്രമിക്കുന്നുണ്ടായിരുന്നു. നാടക വർക്ഷോപ്പിലൊക്കെ പങ്കെടുത്തു ,തുടർന്ന് എൻ എസ് ഡി യിൽ പഠിക്കാനും പോയി. പക്ഷേ നമ്മുടെ പാഷനുവേണ്ടി കൂടുതലായി മുൻപോട്ട് നടക്കാനുള്ള ഒരു സാമ്പത്തികസാഹചര്യം ഇല്ലാത്തതുകൊണ്ട് , മുൻപോട്ട് ജീവിക്കാൻ തൊഴിൽ അത്യാവശ്യമായതുകൊണ്ട് ഞാൻ തൊഴിലിനു കയറി. തുടർന്ന് പോണ്ടിച്ചേരിയിൽ വർക്ക് ചെയ്തുകൊണ്ടായിരുന്നു എന്റെ മുൻപോട്ടുള്ള കുറച്ചു കാലങ്ങൾ പോയത്. കുറച്ചുകാലങ്ങൾ കഴിഞ്ഞപ്പോൾ വീണ്ടും നാട്ടിലേക്ക് തിരിച്ചു വന്ന ഞാൻ തിയേറ്ററുമായി ബന്ധപ്പെട്ട കാര്യങ്ങൾ ചെയ്യാൻ തുടങ്ങി. സാംസ്കാരിക കൂട്ടായ്മയോട് അനുബന്ധിച്ച് നടക്കുന്ന നാടകം മറ്റു പരിപാടികളൊക്കെയായി അതിൽ സജീവമായി.നാടകത്തിൽ അഭിനയിച്ചു. പക്ഷേ അതൊക്കെ എന്റെയും ഭർത്താവിനെയും കുടുംബത്തിൽ പ്രശ്നങ്ങളുണ്ടാക്കിയിരുന്നു. അത് ഇത്തരം മേഖലകളോടുള്ള ഒരു മനോഭാവത്തിന്റെ പ്രശ്നമായിരുന്നു. എന്നാൽ നാടകം തുടങ്ങിയതോടെ എന്റെ ചിന്താഗതി കൂടുതൽ മാറി തുടങ്ങി.ഇനിയും കൂടുതൽ പഠിക്കണമെന്ന ആഗ്രഹത്തിൽ ബി ടി എ യ്ക്ക് ചേർന്ന്. ഈ സമയത്താണ് എന്റെ ഭർത്താവ് ഗൾഫിൽ നിന്നും വിസിറ്റിംഗ് വിസ അയച്ചുതരുന്നത്. തിരിച്ചുവരാം എന്നുള്ള പദ്ധതിയിലാണ് അങ്ങോട്ട് പോയതെങ്കിലും അവിടെ ചെന്നതോടെ ഞാൻ ഗർഭിണിയായി. അങ്ങനെ മൊത്തത്തിൽ എന്റെ പ്ലാനുകൾ മാറി. സ്വാഭാവികമായും കുഞ്ഞുങ്ങൾ ഉണ്ടാവുന്നതോടുകൂടി ജീവിതത്തിന്റെ ബുദ്ധിമുട്ടുകൾ കൂടിയപ്പോൾ എനിക്കും ജോലി ആവശ്യമായി വന്നു. അങ്ങനെ ഞാനും ഭർത്താവിനൊപ്പം ഒരു ജോലി കണ്ടെത്തി അവിടെത്തന്നെ സെറ്റിലായി. എങ്കിലും അവിടെയും കൾച്ചറൽ ആക്ടിവിറ്റീസിൽ എല്ലാം സാന്നിധ്യം അറിയിച്ചിരുന്നു.അങ്ങനെ കാലങ്ങൾ കൊണ്ട് അവിടുത്തെ ജോലിയെല്ലാം ഒഴിവാക്കി തിരിച്ചു നാട്ടിലേക്ക് വന്നപ്പോഴേക്കും എനിക്ക് നാല്പതുകൾ കഴിഞ്ഞിരുന്നു.

ആത്യന്തികമായ പ്രശ്നം പ്രായമല്ല,വിവേചനമാണ്

നാല്പതു വയസ്സ് കഴിഞ്ഞതിനുശേഷം സഹ സംവിധായികയായി വർക്ക് ചെയ്യാൻ ചെന്നപ്പോൾ ഒരുപക്ഷേ സൗഹൃദങ്ങൾ കൊണ്ടായിരിക്കാം എനിക്ക് എളുപ്പത്തിൽ അത്തരമൊരു സ്പേസ് ലഭിച്ചത്. പക്ഷേ അപ്പോൾ പോലും ഞാൻ ഒരുപാട് പ്രശ്നങ്ങൾ അഭിമുഖീകരിച്ചിരുന്നു. എനിക്ക് താമസിക്കാൻ ഒരു റൂം ഇല്ലായിരുന്നു. ആണുങ്ങളാകുമ്പോൾ അവർക്കെല്ലാവർക്കും റൂം ഷെയർ ചെയ്യാൻ സാധിക്കും, ഞാനാകുമ്പോൾ എനിക്കൊരു സെപ്പറേറ്റ് റൂം തന്നെ ആവശ്യമാണ്. അത് അധിക ചിലവായിട്ടാണ് അവർ കാണുന്നത്. അങ്ങനെ ഞാൻ എന്റെ ചേച്ചിയുടെ വീട്ടിൽ നിന്ന് പോയി വരാം എന്നുള്ള തീരുമാനത്തിലെത്തി. എന്നാൽ അവർക്ക് എന്നെ ദിവസവും ലൊക്കേഷനിലേക്ക് കൊണ്ടുവരണമെങ്കിലും കൊണ്ടുവിടണമെങ്കിലും ഒരു ഒന്നര കിലോമീറ്റർ യാത്ര ചെയ്യേണ്ട ആവശ്യമുണ്ട്. അതിനായി അവർ കാർ സൗകര്യം ഒരുക്കി തന്നു.പക്ഷേ കുറച്ചു ദിവസം കഴിഞ്ഞപ്പോൾ അവർ പറഞ്ഞു ഇത് ഭയങ്കര ബുദ്ധിമുട്ടാണെന്ന്.ജോളിക്കുവേണ്ടി മാത്രമായി ഇത്രയും ദൂരം വരാൻ പ്രയാസമാണെന്ന് .അപ്പോൾ ഞാൻ റൂം ആവശ്യപ്പെട്ടു.പക്ഷേ അവരെനിക്ക് തന്ന റൂം ഒരു ലോഡ്ജ് സൗകര്യമുള്ള റൂം ആയിരുന്നു. എനിക്ക് തോന്നുന്നു അന്യ തൊഴിലാളികളൊക്കെ താമസിക്കുന്ന ഒരു ലോഡ്ജായിരുന്നു അത്. അതിനകത്ത് ഒരു ബാത്റൂം പോലുമില്ലായിരുന്നു. കുളിക്കാൻ വേണ്ടി പോലും പുറത്തെല്ലാരും ഉപയോഗിക്കുന്ന ബാത്റൂം ഉപയോഗിക്കണം.അതിനടുത്താണെങ്കിൽ ആളുകൾ ഇരുന്നു കള്ളുകുടിക്കുന്നു സിഗരറ്റ് വലിക്കുന്നു തുടങ്ങി നമ്മൾ ഒട്ടും സുരക്ഷിതമല്ലാത്ത ഒരവസ്ഥ. ഇനിയിപ്പോൾ കരണ്ട് പോയി കഴിഞ്ഞാൽ അവിടെ ജനറേറ്ററും ഇല്ല. വാസ്തവത്തിൽ ഞാൻ മാനസികമായി ബുദ്ധിമുട്ടി തുടങ്ങി. അങ്ങനെ ഞാൻ അസോസിയേറ്റിനെ വിളിച്ചുപറഞ്ഞു എനിക്കിവിടെ നിൽക്കാൻ പറ്റില്ല ഏറ്റവും ചുരുങ്ങിയത് എനിക്ക് ഒരു കാർ വിട്ടു തരൂ ഞാനെന്റെ സിസ്റ്ററുടെ വീട്ടിലേക്ക് തന്നെ പോയ്ക്കോളാമെന്ന്. അങ്ങനെ ഞാൻ തിരിച്ചെന്റെ സഹോദരിയുടെ വീട്ടിലേക്ക് തന്നെ പോയി. അതായത് വളരെ ഭംഗിയായി നമ്മൾ തൊഴിൽ ചെയ്യുമ്പോൾ തന്നെ ആരും നമ്മുടെ ഉത്തരവാദിത്വം ഏറ്റെടുക്കാൻ തയ്യാറാവുന്നില്ല എന്നതാണ് എനിക്കവിടെ അനുഭവപ്പെട്ട കാര്യം. അതോടൊപ്പം ചെയ്ത തൊഴിലിന് ഒരൊറ്റ പൈസ പോലും തന്നില്ല.ചെയ്യുന്ന തൊഴിലിന് വേതനം നൽകുന്നില്ല എന്നത് വലിയൊരു അന്യായമാണ്. തനി അടിമവ്യവസ്ഥയിലാണ് സിനിമ തൊഴിലാളികളെ സമീപിക്കുന്നത്.പന്ത്രണ്ട് വർഷം മുൻപ് ഞാൻ അനുഭവിച്ച അതേ കാര്യം തന്നെ ഇപ്പോഴത്തെ പല പെൺകുട്ടികളും അനുഭവിക്കുന്നുണ്ട് എന്നതാണ് സത്യം.

സ്ത്രീ സംവിധായകർ വന്നാൽ കൂടുതൽ പ്രശ്നമാകുമെന്ന ഷൈൻ ടോമിന്റെ പ്രസ്താവനയെ എങ്ങനെ കണക്കാക്കുന്നു

വളരെ ഇൻസെൻസിറ്റീവാണ് ആ സ്റ്റേറ്റ്മെന്റ്. സാമൂഹിക സാഹചര്യങ്ങൾ മോശമായ ഇറാൻ പോലുള്ള ഒരു സ്ഥലത്ത് നിരവധി വനിത സംവിധായകർ ഉണ്ടായി വരുന്നുണ്ട്. അതേസമയം തന്നെ ഇവിടെ കേരളത്തിൽ ജനാധിപത്യവും സമത്വവുമെല്ലാം പറയുമ്പോഴും വനിത സംവിധായകരുടെ പ്രാതിനിധ്യം നോക്കുമ്പോൾ വളരെ ചുരുക്കമാണ്. അതായത് ഇവിടെ ഇത്തരം ഒരു മേഖലയിൽ എത്തിച്ചേരാൻ നമ്മൾ അത്രയും കഷ്ടപ്പെടുമ്പോൾ പോലും കാര്യങ്ങളൊക്കെ മോശമാകും എന്നു പറയുന്നത് വളരെ റിഗ്രസീവ് ആയിട്ടുള്ള സ്റ്റേറ്റ്മെന്റാണ്. അങ്ങനെയല്ല ഒരിക്കലും ഇതിനെ കാണേണ്ടത്.ആളുകൾക്ക് ഭയങ്കര തെറ്റിദ്ധാരണ ഉള്ള ഒരു മേഖലയാണിത്. ഞാനൊക്കെ വളരെയധികം പ്രതിഫലം വാങ്ങുന്ന ഒരാളായിട്ടാണ് പലരും കാണുന്നത്. എന്നാൽ അങ്ങനെയല്ല, എനിക്ക് പ്രതിഫലം കുറവാണെന്ന് പറഞ്ഞാലൊന്നും ആരും വിശ്വസിക്കാൻ തയ്യാറാവില്ല. കാരണം സോഷ്യൽ മീഡിയ എടുത്തു കഴിഞ്ഞാൽ നമ്മൾ കാണുന്നത് വളരെ ലക്ഷ്വറി ലൈഫ് ജീവിക്കുന്ന താരങ്ങളെയാണ്. അപ്പോൾ ഇതൊക്കെ തന്നെയാണ് എല്ലാവർക്കും സിനിമ നൽകുന്ന സാധ്യതകൾ എന്നാണ് പൊതുജനം ധരിച്ചുവെച്ചിരിക്കുന്നത്. അപ്പോൾ അവിടെയാണ് വേറിട്ട ചിന്തയോ അല്ലെങ്കിൽ നമ്മുടെ പ്രശ്നവൽക്കരണത്തിനോ യാതൊരു സാധ്യതയും കൊടുക്കാതെ ഇത്തരത്തിലുള്ള ഒരു സ്റ്റേറ്റ്മെന്റ് ഷൈൻ ടോം ചാക്കോ നടത്തുന്നത്. അത് വളരെ അപകടവുമാണ് മോശവുമാണ്. ഒരു വ്യക്തി എന്ന നിലയ്ക്ക് വളരെ നല്ല ചെറുപ്പക്കാരനും എന്നോട് സ്നേഹത്തോടെ പെരുമാറുന്ന ആളുമാണ് ഷൈൻ. അയാൾ നല്ലൊരു നടനാണ് എന്ന കാര്യത്തിൽ ആർക്കും തർക്കവുമില്ല. അങ്ങനെ ഒരു വ്യക്തി സ്ത്രീകൾ കടന്നു വരരുത്, സ്ത്രീകൾ സംവിധായകരായാൽ പ്രശ്നമാണ് എന്നൊക്കെ പറയുന്നത് സ്ത്രീകളെ പൊതുവിൽ സമൂഹം കണക്കാക്കി വച്ചിരിക്കുന്ന ഒരു സ്റ്റാറ്റസിൽ നിന്നാണ്. സ്ത്രീകൾ എല്ലാം സെക്കൻഡറി ആണ് പുരുഷന് താഴെയാണ് എന്നുള്ള സമൂഹം ധരിച്ചുവെച്ചിരിക്കുന്ന ബോധ്യത്തിൽ നിന്നും മറികടക്കാൻ അയാൾക്ക് സാധിച്ചിട്ടില്ല എന്നുവേണം മനസ്സിലാക്കാൻ. അതുപോലെ തൊഴിലിടങ്ങളിലെ വേതനത്തെക്കുറിച്ച് കൂടി മനസ്സിലാക്കേണ്ടത് വളരെ അത്യാവശ്യമായ കാര്യമാണ്. ഷൈൻ എന്ന നടൻ അങ്ങനെ മനസ്സിലാക്കിയിട്ടില്ല എങ്കിൽ ഒന്നെങ്കിൽ തൊഴിലിടത്തെ പാഷനോട് കൂടി മാത്രം കാണുന്ന ആളാണ് ഷൈൻ. അതല്ല എങ്കിൽ റിയാലിറ്റിയെ മനസ്സിലാക്കാനുള്ള ശ്രമം അയാളുടെ ഭാഗത്തുനിന്ന് ഉണ്ടായിട്ടില്ല.തുല്യവേതനത്തിൽ ഒന്നും പ്രശ്നമില്ല, ഇത് ആർട്ടാണ് എന്നൊക്കെ പറയുന്ന സമയത്ത് തന്നെ ബിസിനസ് ആണ് ഇതെന്നും പറയുന്നുണ്ട്. അങ്ങനെ ബിസിനസാണെങ്കിൽ ഒരു തൊഴിൽ പാക്കേജ് അവിടെ ഉണ്ടായിരിക്കണം. ഇൻഡസ്ട്രിക്ക് അതിന്റെതായ തൊഴിൽഘടനയും നിയമാവലിയും ഉണ്ടായിരിക്കണം. റിയാലിറ്റിയെ സമഗ്രതയോടു കൂടി മനസ്സിലാക്കാനുള്ള ഷൈനിന്റെ ശ്രമക്കുറവ് കൊണ്ടാണ് അങ്ങനെ സംഭവിച്ചത് എന്നാണ് ഞാൻ കരുതുന്നത്.

സിനിമ ഇൻഡസ്ട്രിക്ക് കൃത്യമായ സ്ട്രക്ച്ചർ ഇല്ല

പുറമേ നിന്ന് സിനിമയെ ഒബ്സർവ് ചെയ്യുമ്പോൾ ഒരു ശരാശരി കാണി എന്ന നിലക്ക് ടിവി കാണുമ്പോഴാണ് നമ്മൾ സിനിമയേയും അതിലുള്ള ആളുകളുടെ പേഴ്സണൽ ലൈഫും എല്ലാം മനസ്സിലാക്കുന്നത്. ചാനലുകാർ അവതരിപ്പിക്കുന്ന സംഗതിയാണ് നമ്മൾ കാണുന്നത്. നമ്മൾ നേരിട്ട് ആ സമയങ്ങളിൽ ഒന്നും കാണുന്നും അറിയുന്നുമില്ലല്ലോ. പക്ഷേ ഇത്രയ്ക്ക് സ്ട്രക്ചർ ഇല്ലാത്ത ഒന്നാണ് സിനിമ മേഖല എന്ന് അറിയുന്നത് അതിനകത്ത് വരുമ്പോഴാണ്. മാത്രമല്ല ഗവൺമെന്റ് എന്റർടൈമെന്റ് ടാക്സ് വാങ്ങിച്ച് വയ്ക്കുമ്പോൾ തന്നെ ഈ ഇൻഡസ്ട്രിക്ക് അകത്ത് ഇടപെടേണ്ട ചില ഏരിയകൾ ഉണ്ട് എന്ന ബോധ്യം ഗവൺമെന്റ് തലത്തിലുമില്ല. വനിതാ കമ്മീഷനും ഹേമ കമ്മീഷനും എല്ലാം ഇടപെടുമ്പോഴും അത് സെക്ഷ്വൽ ഹറാസ്മെന്റ് പ്രശ്നങ്ങൾ മാത്രമാണ് കൈകാര്യം ചെയ്യുന്നത്. സിനിമയിലെ വേതനം എന്നുള്ള ഒരു പ്രശ്നം അപ്പോഴും അവിടെ അഡ്രസ് ചെയ്യപ്പെടുന്നില്ല എന്നതാണ് വാസ്തവം

•മികച്ച സഹനടിക്കുള്ള അന്താരാഷ്ട്ര പുരസ്‌കാരം

റഷ്യയിലെ സെന്റ് പീറ്റേഴ്‌സ്ബർഗിൽ വെച്ച് നടന്ന ഇന്റർനാഷണൽ സിമ്പോളിക് ആർട് ഫിലിം ഫെസ്റ്റിവലിലാണ് മികച്ച സഹനടിയ്ക്കുള്ള പുരസ്‌കാരം ലഭിച്ചത്. ബിശ്വാസ് ബാലൻ സംവിധാനം ചെയ്ത കാളിരാത്രി എന്ന ചിത്രത്തിലെ അഭിനയത്തിനാണ് അവാർഡ് ലഭിച്ചത്. പക്ഷേ അതൊന്നും നമ്മുടെ സിനിമയിൽ റിഫ്ലെക്റ്റ് ചെയ്യുന്ന ഒരു വിഷയമല്ല. കാരണം എന്നെപ്പോലെ ഒട്ടും എക്സ്ട്രാബ്ലിഷ്ഡ് അല്ലാത്ത ഒരു നടിക്ക് എവിടെയെങ്കിലും വെച്ച് ഒരു ഫെസ്റ്റിവൽ അവാർഡ് ലഭിച്ചു, അത് ഒരു വാർത്തയാക്കി എന്നതിനപ്പുറത്ത് സിനിമ മേഖലയിൽ നിന്നും കാര്യമായിട്ട് ആരും വിളിച്ച് അഭിനന്ദിച്ചത് പോലും കാര്യമായിട്ട് സംഭവിച്ചിട്ടില്ല. മലയാളം ഇൻഡസ്ട്രിയലൊന്നും അതൊരു ചർച്ച പോലുമായിട്ടില്ല. പക്ഷേ എനിക്ക് വലിയ സന്തോഷം തോന്നിയത് രഞ്ജി പണിക്കർ എന്നെ വിളിച്ച് അഭിനന്ദിച്ചപ്പോഴാണ്.വളരെ പോസിറ്റീവായ രീതിയിലാണ് അദ്ദേഹം എന്നോടന്ന് സംസാരിച്ചത്.അതെനിക്ക് വലിയൊരു സന്തോഷം തന്ന കാര്യമാണ്.

• അമ്മ കഥാപാത്രങ്ങളിൽ ടൈപ്പ്കാസ്റ്റ് ചെയ്യപ്പെടുന്നുണ്ടോ

എന്നെ സംബന്ധിച്ചിടത്തോളം അമ്മ കഥാപാത്രങ്ങൾ ലഭിക്കുന്നതൊന്നും ഒരു വിഷയമല്ല. എനിക്ക് ജോലി കിട്ടുന്നു എന്നതാണ് വലിയ കാര്യം. എന്നാൽ പല വ്യത്യസ്തമായ കഥാപാത്രങ്ങൾ ചെയ്യണമെന്ന് ആഗ്രഹമുണ്ട് എന്നത് വേറെ കാര്യം. പക്ഷേ യാഥാർത്ഥ്യബോധത്തിൽ നിൽക്കുമ്പോൾ എനിക്ക് മാസം വരുമാനം ഉണ്ടാവുക എന്നുള്ളതാണ് ഞാൻ ചിന്തിക്കുന്നത്. പിന്നെ സംഭവിക്കേണ്ടത് സ്ക്രിപ്റ്റുകളിലെ വളരെ ഘടനാപരവും റാഡിക്കലുമായിട്ടുള്ള മാറ്റങ്ങളാണ്. യഥാർത്ഥ ജീവിതത്തിലെ ഞാനെന്ന അമ്മ ഞാൻ ചെയ്യുന്ന കഥാപാത്രങ്ങളിലെ അമ്മയേ അല്ല. നമ്മുടെ പൊതുബോധം അനുസരിച്ച് അമ്മ എന്ന് പറയുന്നത് വീട്ടിൽ മക്കളെയൊക്കെ ലാളിച്ചു,കൃത്യസമയത്ത് ജോലി ചെയ്തു, വീട് പരിപാലിച്ചു പോകുന്ന ഗാർഹിക ചുമതലകൾ ഉള്ള ഉത്തരവാദിത്തങ്ങളുടെ ഒരാളാണ്. അവർക്ക് ഇമോഷണലി വയലന്റാവുന്ന ഒരമ്മയെ, ഇരുന്നിടത്തുനിന്ന് എഴുന്നേൽക്കാനും കിടന്നയിടുത്തു നിന്നും പൊന്താനും കഴിയാത്ത ഒരു അമ്മയേ ഒന്നും സങ്കൽപ്പിക്കാൻ പോലും പറ്റിയിട്ടില്ല. സ്ത്രീകളുടെ എത്രമാത്രം വൈകാരിക പ്രപഞ്ചങ്ങളുണ്ട്. അത്തരം ഷെയ്ഡുകൾ ഒന്നും നമുക്ക് ഇതുവരെ കാണാൻ സാധിച്ചിട്ടില്ല. ആകെ മിടുക്കിയായ ഒരമ്മ അല്ലെങ്കിൽ ദുഃഖിതയായ ഒരമ്മ . ഈ രണ്ട് സംഭവങ്ങളെ ഒള്ളൂ ഇവിടെ. അതുകൊണ്ടുതന്നെ ഞാൻ ചെയ്ത കഥാപാത്രങ്ങൾ ചെയ്യുമ്പോൾ എനിക്ക് തോന്നാറുണ്ട് ഞാനീ പറയുന്ന അമ്മയൊന്നും അല്ലല്ലോ എന്ന്. കാരണം ഞാൻ വീട്ടിൽ അങ്ങനെ കൃത്യമായി പണികൾ എടുക്കാറില്ല, എന്റെ പണികളെല്ലാം കഴിഞ്ഞതിനുശേഷമേ വീട്ടിലെ കാര്യങ്ങൾ ചെയ്യാറൊള്ളൂ. അല്ലാതെ സ്വിച്ചിട്ട പോലെ യന്ത്രം കറങ്ങുന്ന ഒരു അമ്മയല്ല ഞാൻ.

•സംവിധാനം എപ്പോൾ, വരും പ്രോജക്ടുകൾ

സംവിധാനം ചെയ്യാൻ എനിക്ക് ആഗ്രഹമുണ്ട്.പക്ഷേ സ്വന്തം സ്ക്രിപ്റ്റിൽ മാത്രമേ ഞാൻ അതിനെക്കുറിച്ച് ചിന്തിക്കുന്നുള്ളൂ.എനിക്ക് തോനുന്നു നമ്മുടെ കഥകൾ കേൾക്കാൻ ആളുകൾ ഉണ്ടാകുമെന്ന്. സ്ത്രീകളുടെ ഭാഗത്തു നിന്നുള്ള കഥകൾക്ക് കാണികൾ ഉറപ്പായും ഉണ്ടാവുമെന്നെനിക്ക് ഉറപ്പുണ്ട്.പിന്നെ ഇപ്പോൾ അഭിനയം കഴിഞ്ഞ കുറച്ചു സിനിമകൾ ഉണ്ട്. ചെറുതും വലുതുമായ കഥാപാത്രങ്ങൾ ചെയ്ത നാലഞ്ച് സിനിമകൾ വരാൻ ഉണ്ട്. ചില സിനിമകൾ പറഞ്ഞുവെച്ചിട്ടുണ്ട്. അതിന്റെ ഷൂട്ട് ഉടൻ തന്നെ ആരംഭിക്കും.

Tags:    
News Summary - Vichithram movie Actress Jolly Chirayath Reaction About Shine Tom Chacko's Controversial Statements

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.