തിയറ്ററിലെ കസേരകൾ ചവിട്ടിത്തകർത്ത നിലയിൽ

ഫാൻസിന്‍റെ ആവേശത്തിൽ സീറ്റുകളെല്ലാം പൊളിഞ്ഞു; ‘ലിയോ’ ട്രെയ്‍ലർ പ്രദർശിപ്പിച്ച തിയറ്ററിൽ വൻ നാശനഷ്ടം

ഏറെ ആകാംക്ഷയോടെ വിജയ് ആരാധകർ കാത്തിരുന്ന ‘ലിയോ’യുടെ കിടിലൻ ട്രെയ്‍ലർ ഇന്നലെ വൈകുന്നേരമാണ് യുട്യൂബിൽ റിലീസ് ചെയ്തത്. ട്രെയ്‍ലറിന് വൻ വരവേൽപാണ് ആരാധകർ നൽകിയത്. തമിഴ് ട്രെയ്‍ലർ 30 മിനിറ്റുകൾക്കകം 30 ലക്ഷം പേർ യുട്യൂബിൽ കണ്ടു. പലയിടങ്ങളിലും പ്രത്യേകിച്ചും തമിഴ്നാട്ടിൽ ട്രെയ്‍ലർ പ്രദർശിപ്പിക്കാനായി പ്രത്യേക പരിപാടികൾ സംഘടിപ്പിച്ചിരുന്നു. ഇത്തരത്തിലൊരു പ്രദർശനം ചെന്നൈയിലെ തിയറ്ററിന് വൻ നാശനഷ്ടമുണ്ടാക്കിയ വാർത്തയുടെ റിപ്പോർട്ടാണ് വരുന്നത്.

ഇന്നലെ വൈകുന്നേരം 6.30ന് റിലീസ് ചെയ്ത രണ്ട് മിനിറ്റ് 43 സെക്കൻഡ് ദൈർഘ്യമുള്ള ട്രെയ്‍ലറിനായി ചെന്നൈയിലെ രോഹിണി സിൽവർസ്ക്രീൻ പ്രത്യേക പ്രദർശനം നടത്തുകയായിരുന്നു. തിയറ്റർ മുറ്റത്തെ വാഹനപാർക്കിങ് ഗ്രൗണ്ടിൽ ട്രെയ്‍ലർ പ്രദർശിപ്പിക്കാനായിരുന്നു ആദ്യ തീരുമാനം. എന്നാൽ, പൊലീസ് അനുമതി ലഭിക്കാത്തതിനാൽ പ്രദർശനം തിയറ്ററിന് അകത്ത് വെച്ച് തന്നെ നടത്തി.

സൗജന്യമായി നടത്തിയ പ്രദർശനത്തിന് നൂറുകണക്കിന് ആരാധകരെത്തി. തിയറ്ററിന് പുറത്ത് ഏറെ നേരം കാത്തുനിൽക്കുകയും ഗേറ്റ് തുറന്നപ്പോൾ അകത്തേക്ക് ഇരച്ചുകയറുകയും ചെയ്തു. എന്നാൽ, പ്രദർശനം കഴിഞ്ഞപ്പോൾ തിയറ്റർ അധികൃതർ ഞെട്ടിപ്പോയി. തീപ്പൊരി ട്രെയ്‍ലറിന്‍റെ ആവേശത്തിൽ ആരാധകർ സീറ്റിന് മുകളിൽ കയറി നിൽക്കുകയും ചാടുകയും ചെയ്തതോടെ കനത്ത നാശമാണ് തിയറ്ററിനകത്ത് സംഭവിച്ചത്.

സീറ്റുകളിൽ ഭൂരിഭാഗവും തകർന്ന അവസ്ഥയിലായിരുന്നു. ഭൂരിഭാഗം സീറ്റുകളും അറ്റകുറ്റപ്പണി പോലും സാധ്യമാകാത്ത രീതിയിൽ നശിച്ചെന്നാണ് വിവരം. വിജയ് ഫാൻസ് മാത്രമല്ല, വിജയ് മക്കൾ ഇയക്കം പ്രവർത്തകരും പ്രദർശനത്തിനെത്തിയിരുന്നു.

ലോകേഷ് കനകരാജ് ചിത്രം ഒക്ടോബർ 19നാണ് തിയറ്ററുകളിലെത്തുക. 14 വർഷങ്ങൾക്കുശേഷം വിജയ്ക്കൊപ്പം തൃഷ അഭിനയിക്കുന്ന ചിത്രമാണിത്. സഞ്ജയ് ദത്ത്, അർജുൻ സർജ, ഗൗതം മേനോൻ, മിഷ്കിൻ, മൻസൂർ അലി ഖാൻ തുടങ്ങി വൻ താരനിര ചിത്രത്തിലുണ്ട്.

മലയാളിയുടെ പ്രിയ താരം മാത്യു തോമസും ലിയോയിൽ വേഷമിടുന്നു. അനിരുദ്ധാണ് മാസ് സംഗീതമൊരുക്കിയിരിക്കുന്നത്. അൻപറിവാണ് ആക്ഷൻ. ചിത്രത്തിന്‍റെ കേരളത്തിലെ വിതരണാവകാശം ഗോകുലം ഗോപാലൻ മൂവീസ് റെക്കോഡ് തുകക്കാണ് സ്വന്തമാക്കിയത്.

Tags:    
News Summary - Vijay fans create ruckus at Chennai theatre during Leo trailer launch

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.