വിനീത് ശ്രീനിവാസൻ നായകനാകുന്ന പുതിയ സിനിമയുടെ പ്രമോഷന്‍റെ ഭാഗമായുള്ള 'വാർത്താകുറിപ്പ്' സാമൂഹിക മാധ്യമങ്ങളിൽ ചിരിപടർത്തി. 'വിനീത് ശ്രീനിവാസൻ വീട്ടുതടങ്കലിൽ' എന്ന തലക്കെട്ടിൽ തമാശരൂപേണ പുറത്തിറക്കിയ വാർത്താകുറിപ്പാണ് പ്രേക്ഷകരിൽ ആദ്യം അമ്പരപ്പും പിന്നെ ചിരിയും ഉയർത്തിയത്.
എഡിറ്റർ അഭിനവ് സുന്ദർ നായക് ആദ്യമായി സംവിധാനം ചെയ്യുന്ന സിനിമയുടെ അനൗൺസ്മെന്റിന്റെ മുന്നോടിയായിട്ടാണ് കുറിപ്പ് പുറത്തിറക്കിയത്. വെള്ളിയാഴ്ച വൈകീട്ട് ഏഴിനാണ് സിനിമയുടെ പ്രഖ്യാപനം. 'സിനിമയിൽ എന്നെ വെച്ച് അഭിനവ് കാണിക്കാൻ പോകുന്ന അക്രമങ്ങൾക്ക് ഒന്നിനും ഞാൻ ഉത്തരവാദി അല്ല' എന്ന് മുൻകൂർ ജാമ്യമെടുത്താണ് വിനീത് ശ്രീനിവാസൻ വാർത്ത ഷെയർ ചെയ്തിരിക്കുന്നത്. ഗോദ, ആനന്ദം, ഉറിയടി തുടങ്ങിയ സിനിമകളുടെ എഡിറ്ററാണ് അഭിനവ്.
വിനീത് ശ്രീനിവാസന്‍റെ പോസ്റ്റ് നിരവധി പേരാണ് ഷെയർ ചെയ്തിട്ടുള്ളത്. സിനിമ മേഖലയിലടക്കമുള്ളവർ ഇതിന് താഴെ കമന്‍റ് ചെയ്തിട്ടുണ്ട്. 'പലതരം പ്രോമോകൾ ഞാൻ കണ്ടിട്ടുണ്ട്, ഇത്രേം ഭയാനകമായ വേർഷൻ ഇത് ആദ്യമാണ്' എന്നായിരുന്നു ഒരാളുടെ കമന്‍റ്.
വിനീത് ശ്രീനിവാസൻ വീട്ടുതടങ്കലിൽ
ചെന്നൈ: ഫീൽ-ഗുഡ് സിനിമകളിൽ മാത്രം അഭിനയിച്ചു മുന്നോട്ട് പോയിരുന്ന എളിയ കലാകാരൻ ആയ വിനീത് ശ്രീനിവാസനെ അദ്ദേഹത്തിന്‍റെ സ്വന്തം വീട്ടിൽ തടങ്കലിലിട്ടതായി റിപ്പോർട്ടുകൾ. ഇൻഡസ്ട്രിയെ ഒന്നടങ്കം ഞെട്ടിച്ച സംഭവത്തിന് പിന്നിൽ എഡിറ്റർ അഭിനവ് സുന്ദർ നായക് ആണെന്ന് ഇതിേനാടകം അറിയാൻ കഴിഞ്ഞിട്ടുണ്ട്.ടോവിനോ തോമസ്, അജു വർഗ്ഗീസ് അടക്കമുള്ള ഒട്ടനവധി മുൻനിര അഭിനാതാക്കളുടെ നല്ല സീനുകൾ ഒരു കാര്യവും ഇല്ലാതെ നിഷ്ക്കരുണം വെട്ടികളയുന്ന ഒരു സൈക്കോ ആണിയാൾ എന്നാണു സിനിമാ വൃത്തങ്ങൾ സൂചിപ്പിക്കുന്നത്. അഭിനവ് ആദ്യമായി സംവിധാനം ചെയ്യുന്ന സിനിമയിൽ വിനീത് നായകൻ ആയി അഭിനയിച്ചില്ലെങ്കിൽ വെട്ടി കൊല്ലും എന്നാണ് ഭീഷണി.
ഈ സംഭവത്തെ കുറിച്ച് അന്വേഷിച്ചപ്പോൾ വിനീത് ശ്രീനിവാസൻ പറഞ്ഞത് ഇങ്ങനെ: ''നാളെ വൈകീട്ട് ഏഴിന് സിനിമയുടെ അന്നൗൺസ്മെന്റ് പോസ്റ്റർ പുറത്തുവരുന്നത് വരെ എന്നെ ഇവിടെ പിടിച്ചിടാനാണ് ഇവന്‍റെ തീരുമാനം.ഭീഷണിക്ക് വഴങ്ങിക്കൊടുക്കുക എന്നല്ലാതെ വേറെ ഒരു മാർഗവും എന്‍റെ മുന്നിൽ ഇല്ല. അതുകൊണ്ട് ഈ സിനിമയിൽ എന്നെ വെച്ച് ഇവൻ കാണിക്കാൻ പോകുന്ന അക്രമങ്ങൾക്ക് ഒന്നിനും ഞാൻ ഉത്തരവാദി അല്ല. നാളെ പോസ്റ്റർ ഇറങ്ങുേമ്പാൾ എല്ലാവരും സോഷ്യൽ മീഡിയയിൽ ദൈവത്തെ ഓർത്തു ഷെയർ ചെയ്യണം''.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.