ലിജു കൃഷ്ണക്ക് മറുപടിയുമായി ഡബ്ല്യു.സി.സി; അന്ന് മിണ്ടാതിരുന്നത് ആളുകളുടെ പരിശ്രമത്തെ ബഹുമാനിക്കുന്നതുകൊണ്ട്

ടവെട്ട് സിനിമയുടെ സംവിധായകൻ ലിജു കൃഷ്ണക്ക് മറുപടിയുമായി ഡബ്ല്യു.സി.സി. ലിജു കൃഷ്ണ നടത്തിയ പത്രസമ്മേളനത്തിനോട് ഇതുവരെ പ്രതികരിക്കാതിരുന്നത് സിനിമയേയും അതിൽ പ്രവർത്തിച്ച ആളുകളുടേയും പരിശ്രമത്തെ ബഹുമാനിക്കുന്നത് കൊണ്ടാണ്. ഫേസ്ബുക്കിൽ പങ്കുവെച്ച കുറിപ്പിലാണ് ഇക്കാര്യം വ്യക്തമാക്കിയത്. ഇരയിൽ നിന്നും അതിജീവിതയിലേക്കുള്ള ദുഷ്കരമായ യാത്രയിൽ ഞങ്ങളെ സമീപിച്ച സ്ത്രീകൾക്കൊപ്പമാണ് ഡബ്ല്യു.സി.സിയെന്നും കുറിപ്പിൽ പറയുന്നു

വിമൺ ഇൻ സിനിമ കളക്റ്റീവ് നേരിട്ടോ, കളക്റ്റീവിലെ അംഗങ്ങളോ, കുറ്റാരോപിതനും പടവെട്ട് എന്ന സിനിമയുടെ സംവിധായകനുമായ ലിജു കൃഷ്ണ നടത്തിയ പത്രസമ്മേളനത്തിനോട് ഇതുവരെ ഒരു തരത്തിലുമുളള പ്രതികരണങ്ങളും നടത്തിയിരുന്നില്ല. കാരണം സിനിമ തീയേറ്ററുകളിൽ പ്രദർശനം ആരംഭിച്ചതേയുള്ളു എന്നത് കൊണ്ടും, അതിൽ കൂട്ടായി പ്രവർത്തിച്ച നൂറു കണക്കിന് ആളുകളുടെ പരിശ്രമത്തെ ഞങ്ങൾ ബഹുമാനിക്കുന്നതു കൊണ്ടുമാണ്.

സിനിമയുടെ എഴുത്തിൽ സഹായിച്ചിരുന്ന സ്ത്രീയെ ബലാത്സംഗം ചെയ്യുകയും ആക്രമിക്കുകയും ചെയ്തതിന് 2022 മാർച്ച് 9 ന് ലിജു കൃഷ്ണ അറസ്റ്റിലായി. ഇതിനെത്തുടർന്ന് ഫെഫ്ക ഡയറക്‌ടേഴ്‌സ് യൂണിയൻ, അവരുടെ സംഘടനയിൽ നിന്ന് അദ്ദേഹത്തിന്റെ താൽകാലിക അംഗത്വം ഔദ്യോഗികമായി റദ്ദാക്കി. പക്ഷേ പടവെട്ട് സിനിമയുടെ നിർമാതാക്കളും മറ്റ്‌ അംഗങ്ങളും സൗകര്യപ്പെടുത്തി നൽകിയ വേദികളിൽ ബലാത്സംഗക്കേസിൽ കുറ്റാരോപിതനായ പ്രതിയായ ലിജു കൃഷ്ണയും, ഓഡിഷനുമായി ബന്ധപ്പെട്ട് മറ്റൊരു മീ ടൂ ആരോപണ വിധേയനായ അതേ സിനിമയിലെ ബിപിൻ പോൾ എന്ന പ്രൊഡക്ഷൻ എക്സിക്യൂട്ടീവും അതിജീവിതക്കൊപ്പം നിലകൊണ്ട ഡബ്ല്യുസിസിക്കെതിരേയും, ഞങ്ങളുടെ ഒരു അംഗത്തിനെതിരെയും വാസ്തവിരുദ്ധമായ കാര്യങ്ങൾ പലതവണ ആരോപിക്കുകയുണ്ടായി.

ഇരയിൽ നിന്നും അതിജീവിതയിലേക്കുള്ള ദുഷ്കരമായ യാത്രയിൽ ഞങ്ങളെ സമീപിച്ച സ്ത്രീകൾക്കൊപ്പം WCC എല്ലായ്പ്പോഴും നില കൊള്ളും.നിയമപ്രകാരം ഐസി(IC) സിനിമാ രംഗത്ത് നിർബന്ധമാക്കിയ ഈ വേളയിൽ ഇരകളെ പിന്തുണയ്‌ക്കുകയും, അധികാരികളുടെ മുന്നിൽ കുറ്റാരോപിതരെ തുറന്നുകാട്ടാൻ ശ്രമിക്കുകയുമാണ് ഞങ്ങൾ ചെയ്യുന്നത്.അതിൽ ലിജു കൃഷ്ണ ഉൾപ്പെടെയുള്ളവർ ഉണ്ട്. ഈ പ്രതിരോധവും പോരാട്ടവും എത്ര കഠിനമാണെങ്കിലും ഞങ്ങൾ തുടർന്നുകൊണ്ടേയിരിക്കും, കുറിപ്പിൽ പറയുന്നു.

ഒപ്പം ലിജു കൃഷ്ണയ്‌ക്കെതിരെ അതിജീവിത സോഷ്യൽ മീഡിയയിൽ പങ്കുവെച്ച കുറിപ്പും പോസ്റ്റ് ചെയ്തിട്ടുണ്ട്.

Tags:    
News Summary - Wcc About Padavettu Movie director liju krishna's controversial Pressmeet

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.