'എല്ലാം ലോകം കാണുന്നുണ്ടെന്ന്​ ഇന്ത്യൻ നേതാക്കൾ അറിയണം'; കർഷകർക്കൊപ്പം തന്നെയെന്ന്​ ഹോളിവുഡ്​ നടി

വാഷിങ്​ടൺ: ഗ്രെറ്റ തുൻബർഗിനും റിഹാനക്കും പിന്നാലെ കർഷക പ്രക്ഷോഭത്തെ പിന്തുണച്ച്​ ഹോളിവുഡ്​ നടി സൂസൻ സാറൻഡനും രംഗത്തെത്തിയിരുന്നു. 'ഇന്ത്യയിലെ കർഷക സമരത്തിന്​ ഐക്യദാർഢ്യം. അവർ ആരെന്നും അവരുടെ ആവശ്യം എന്തെന്നുമറിയാനായി ഇത്​ വായിക്കുക' എന്ന അടിക്കുറിപ്പോടെ കർഷക പ്രക്ഷോഭം സംബന്ധിച്ച ന്യുയോർക്ക്​ ടൈംസിന്‍റെ വാർത്തയും അവർ ആദ്യ ട്വീറ്റിൽ പങ്കുവെച്ചിരുന്നു.

എന്നാൽ, രണ്ടാമത്തെ ട്വീറ്റിൽ സാറൻഡൻ കേന്ദ്ര സർക്കാരിനെ കടന്നാക്രമിക്കുക തന്നെ ചെയ്​തു. ഏറ്റവും ദുർബലരായവരെ നിശബ്ദമാക്കാനുള്ള ശ്രമങ്ങൾക്കിടയിലും ലോകം തങ്ങളെ നിരീക്ഷിക്കുന്നുണ്ടെന്ന് ഇന്ത്യൻ നേതാക്കൾ ഓർമ്മിക്കണമെന്ന്​ അവർ പറഞ്ഞു. ശനിയാഴ്​ച്ച വൈകുന്നേരം ട്വിറ്ററിൽ 'ഇന്ത്യ കർഷക പ്രക്ഷോഭം അടിച്ചമർത്താൻ ശ്രമിക്കുന്നതിനാൽ രാജ്യത്ത്​ അഭിപ്രായ സ്വാതന്ത്ര്യം അപകടത്തിലാണ്​' - എന്ന അൽ ജസീറയുടെ വാർത്താ റിപ്പോർട്ട്​ സാറൻഡൻ പങ്കുവെച്ചിരുന്നു.

''കോർപ്പറേറ്റ് അത്യാഗ്രഹത്തിനും ചൂഷണത്തിനും യുഎസിൽ മാത്രമല്ല ലോകമെമ്പാടും ഒരു പരിധിയും അറിയില്ല. ഏറ്റവും ദുർബലരായവരെ നിശബ്​ദമാക്കാൻ കോർപ്പറേറ്റുകൾക്കും​ മാധ്യമങ്ങൾക്കും രാഷ്​ട്രീയക്കാർക്കും ഒപ്പംചേർന്ന്​ പ്രവർത്തിക്കു​േമ്പാൾ ലോകം അവരെ ഉറ്റുനോക്കുന്നുണ്ടെന്നും ഞങ്ങളെല്ലാം കർഷകർക്കൊപ്പമാണെന്നും​ ഇന്ത്യയിലെ നേതാക്കൻമാരെ ഞങ്ങൾക്ക്​ ബോധ്യപ്പെടുത്തേണ്ടതുണ്ട്​​''. -അടിക്കുറിപ്പായി ഹോളിവുഡ്​ നടി എഴുതിയത്​ ഇങ്ങനെയായിരുന്നു.

അമേരിക്കൻ നടിയും ആക്ടിവിസ്റ്റും എക്സിക്യൂട്ടീവ് പ്രൊഡ്യൂസറുമാണ് 78 കാരിയായ സൂസൻ സാറൻഡൻ. ഓസ്​കാർ, ബാഫ്റ്റ ഉൾപ്പെടെ നിരവധി അംഗീകാരങ്ങൾ അവർ നേടിയിട്ടുണ്ട്. ഒമ്പത് ഗോൾഡൻ ഗ്ലോബ് അവാർഡുകൾക്കും നാമനിർദേശം ചെയ്യപ്പെട്ടിട്ട​ുണ്ട്​. പുരോഗമന രാഷ്ട്രീയക്കാരിയായി അറിയപ്പെടുന്ന നടിയാണ്​ സാറൻഡൻ. യുനിസെഫ് ഗുഡ്‌വിൽ അംബാസഡറായി പ്രവർത്തിച്ചിട്ടുണ്ട്​. ഇറ്റലിയിലെ ടൂറിനിൽ നടന്ന 2006 ഒളിമ്പിക് വിന്‍റർ ഗെയിംസിന്‍റെ ഉദ്ഘാടന ചടങ്ങിൽ ഒളിമ്പിക് പതാക വഹിക്കാൻ തിരഞ്ഞെടുത്ത എട്ട് സ്ത്രീകളിൽ ഒരാളായിരുന്നു അവർ. അതേ വർഷം അവർക്കക്ക്​ ആക്ഷൻ എഗെയിൻസ്റ്റ് ഹംഗർ ഹ്യൂമാനിറ്റേറിയൻ അവാർഡും ലഭിച്ചു. 'തെൽമ ആൻഡ്​ ലൂയിസ്'​ പോലുള്ള സ്​ത്രീപക്ഷ സിനിമളിലൂടെയും ഏറെ പ്രശസ്​തയാണ്​ സാറൻഡൻ.

Tags:    
News Summary - We must let India’s leaders know the world is watching says Susan Sarandon

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.