കൊച്ചി: കേരളത്തിന്‍റെ അന്താരാഷ്ട്ര ചലച്ചിത്ര മേളയുടെ(െഎ.എഫ്.എഫ്.കെ) ഉദ്ഘാടന ചടങ്ങിൽ പങ്കെടുക്കില്ലെന്ന് നടൻ സലീം കുമാർ. 'മാധ്യമം ഓൺലൈനിനോട്' പ്രതികരിക്കുകയായിരുന്നു അദ്ദേഹം.
ദേശീയ പുരസ്കാര ജേതാക്കൾ ചടങ്ങിൽ തിരി തെളിയിക്കുന്ന കീഴ്വഴക്കമുണ്ടെങ്കിലും മികച്ച നടനുള്ള ദേശീയ പുരസ്കാര ജേതാവായിരുന്ന സലീം കുമാറിനെ ചടങ്ങിലേക്ക് ക്ഷണിച്ചിരുന്നില്ല. ഇത് വിവാദമായിരുന്നു.
''സംഘാടകർ വിളിച്ചിരുന്നു. കാര്യങ്ങൾ ഭംഗിയായി നടക്കട്ടെ. ചടങ്ങിൽ ഞാനുണ്ടാവില്ല. വിഷയം മാധ്യമങ്ങൾ ഏറ്റെടുത്തപ്പോൾ വന്നിട്ട് സോറി പറഞ്ഞിട്ട് കാര്യമില്ലല്ലോ.''- സലീം കുമാർ പറഞ്ഞു.
ചടങ്ങിലേക്ക് ക്ഷണിക്കാതിരുന്നത് വിവാദമായതിന് പിന്നാലെ സംവിധായകൻ കമൽ തന്നെ വിളിച്ചിരുന്നു. ചലച്ചിത്ര അക്കാദമി ചെയർമാനെന്ന നിലയിലല്ല, വ്യക്തിപരമായ ബന്ധം മുൻനിർത്തിയാണ് അദ്ദേഹം വിളിച്ചതെന്നും സലീം കുമാർ വ്യക്തമാക്കി.
ചടങ്ങിലേക്ക് വിളിക്കാതിരുന്നതിന്‍റെ കാരണം രാഷ്ട്രീയമാണെന്ന് സലീം കുമാർ ആരോപിച്ചിരുന്നു. തന്നെ എന്തുകൊണ്ട് മാറ്റി നിർത്തുന്നുവെന്ന് നടൻ ടിനി ടോം രണ്ടാഴ്ച മുന്നേ ചോദിച്ചതാണ്. അബദ്ധം പറ്റിയതാണെങ്കിൽ മനസ്സിലാക്കാമായിരുന്നു. എന്നാൽ തന്നെ മനപൂർവം മാറ്റി നിർത്തിയതാണെന്നും സലീം കുമാർ പറഞ്ഞു.
സലീം കുമാറിനെ വിളിക്കാൻ വൈകിയതാകാമെന്നും അദ്ദേഹം ചടങ്ങിൽ ഉണ്ടാകുമെന്നും ചലച്ചിത്ര അക്കാദമി ചെയർമാൻ കമൽ മാധ്യമങ്ങളോട് പ്രതികരിച്ചിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.