തൊണ്ണൂറ്റി നാലാമത് ഓസ്കർ പുരസ്കാര വേദിയിൽ നാടകീയ രംഗങ്ങളാണ് അരങ്ങേറിയത്. അമേരിക്കൻ സ്റ്റാൻഡ്-അപ് കൊമേഡിയനും നടനുമായ ക്രിസ് റോക്കിന്റെ മുഖത്ത് മികച്ച നടനുള്ള ഓസ്കർ ജേതാവായ വിൽ സ്മിത്ത് ആഞ്ഞടിച്ചു.
മികച്ച ഡോക്യുമെന്ററി ഫീച്ചർ പുരസ്കാരം പ്രഖ്യാപിക്കുന്നതിന് വേണ്ടി സ്റ്റേജിലേക്ക് എത്തിയതായിരുന്നു ക്രിസ് റോക്ക്. താരനിബിഢമായ വേദിയിൽ വെച്ച് ചില താരങ്ങളെ ലക്ഷ്യമിട്ട് ക്രിസ് റോക്ക് തന്റെ പതിവ് ശൈലിയിലുള്ള കോമഡി പറച്ചിൽ തുടങ്ങുകയും ചെയ്തു.
അതിനിടെ വിൽ സ്മിത്തിന്റെ ഭാര്യയും പ്രമുഖ ടെലിവിഷൻ അവതാരകയുമായ ജാഡ പിങ്കെറ്റ് സ്മിത്തിനെ ലക്ഷ്യമിട്ടും ക്രിസ് റോക്ക് ഒരു കോമഡി പറഞ്ഞു. ജാഡയുടെ ഹെയർ സ്റ്റൈലിനെ കളിയാക്കിയായിരുന്നു അദ്ദേഹത്തിന്റെ പ്രസ്താവന. ജി.ഐ. ജെയ്ൻ എന്ന ചിത്രത്തിൽ നടി ഡെമി മോർ തല മുണ്ഡനം ചെയ്ത് വരുന്നത് പരമാർശിച്ചുള്ള റോക്കിന്റെ കോമഡി, പക്ഷെ വിൽ സ്മിത്തിന് രസിച്ചില്ല.
അദ്ദേഹം ഉടൻ തന്നെ സ്റ്റേജിലേക്ക് കയറിവന്ന് ക്രിസ് റോക്കിന്റെ മുഖത്ത് ആഞ്ഞടിച്ചു. സദസ്സിലുണ്ടായിരുന്ന താരങ്ങളെയും പ്രേക്ഷകരെയും ഒരുപോലെ ഞെട്ടിച്ച സംഭവം തുടക്കത്തിൽ ഒരു പ്രാങ്കാണെന്ന് തോന്നിച്ചെങ്കിലും അതിന് ശേഷം നടന്ന കാര്യങ്ങൾ സംഗതി സീരീയസാണെന്ന് ഉറപ്പിക്കുന്നതായിരുന്നു. തിരിച്ച് സീറ്റിലേക്ക് വന്നിരുന്ന സ്മിത്ത് ശബ്ദമെടുത്തുകൊണ്ട് രണ്ട് തവണ, ക്രിസ് റോക്കിനോട് തന്റെ ഭാര്യയെ കുറിച്ച് പറയുന്നത് നിർത്താൻ ആവശ്യപ്പെട്ടു.
ഇടവേളക്കിടെ അവതാരകൻ ഡാനിയൽ കലുയ സ്മിത്തിനെ ആലിംഗനം ചെയ്യാൻ എത്തിയിരുന്നു. പ്രമുഖ നടൻ ഡെൻസൽ വാഷിംഗ്ടൺ അദ്ദേഹത്തെ സ്റ്റേജിന്റെ അരികിലേക്ക് കൊണ്ടുപോവുകയും ഇരുവരും സംസാരിച്ച്, ആലിംഗനം ചെയ്യുകയും ചെയ്തു, ടൈലർ പെറിയും അദ്ദേഹത്തോട് സംസാരിച്ചു.
അതേസമയം, ട്വിറ്ററിലും സംഭവത്തിലുള്ള ഞെട്ടൽ രേഖപ്പെടുത്തി നിരവധി പേരാണെത്തിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.