കൊച്ചി: സിനിമ മേഖലയിലെ സ്ത്രീകൾ നേരിടുന്ന പ്രശ്നങ്ങളും വിവേചനങ്ങളും പഠിക്കാനായി നിയോഗിച്ച ജസ്റ്റിസ് ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്തുവിടാത്തതിനെതിരെ പ്രതിഷേധം പുകയുന്നു. സിനിമ രംഗത്തുള്ളവരുൾപ്പെടെ നിരവധി പേരാണ് റിപ്പോർട്ട് സർക്കാറിന് സമർപ്പിച്ച് രണ്ടു വർഷം കഴിഞ്ഞിട്ടും ഉള്ളടക്കം വെളിപ്പെടുത്താത്തതിനെതിരെ രംഗത്തുവന്നത്.
നടി പാർവതി തിരുവോത്ത് വിഷയത്തിൽ വീണ്ടും രൂക്ഷമായ വിമർശനം നടത്തി. താനുൾപ്പെടെയുള്ളവരുടെ അനുഭവങ്ങൾ തുറന്നു പറഞ്ഞപ്പോൾ ജസ്റ്റിസ് ഹേമയും കമ്മിറ്റിയിലെ മറ്റ് അംഗങ്ങളും കണ്ണീർ വാർക്കുകയും സഹതപിക്കുകയും ചെയ്തത് അത് അവഗണിക്കാനായിരുന്നുവോയെന്ന് പാർവതി ട്വിറ്ററിലൂടെ ചോദിച്ചു. 'ഒരാൾ ഇത് രഹസ്യമല്ല എന്നു പറയുന്നു, മറ്റൊരാൾ ആണെന്നും പറയുന്നു. ഇത്രയധികം ക്രൂരമായിരിക്കണമെങ്കിൽ പ്രത്യേകമായൊരു ഹൃദയമില്ലായ്മ വേണ'മെന്നും അവർ പരിഹസിച്ചു.
റിപ്പോർട്ട് സമർപ്പിച്ചതിന്റെ രണ്ടാം വാർഷികത്തിൽ ചലച്ചിത്ര രംഗത്തെ വനിതകളുടെ കൂട്ടായ്മയായ വിമൻ ഇൻ സിനിമ കലക്ടീവും(ഡബ്ല്യു.സി.സി) ഇതിനെതിരെ പ്രതിഷേധം വ്യക്തമാക്കി.
ഹേമ കമ്മിറ്റി റിപ്പോർട്ട് കാൺമാനില്ല എന്ന പോസ്റ്ററുൾപ്പെടെയായിരുന്നു സമൂഹമാധ്യമങ്ങളിലെ പ്രതിഷേധം. റിപ്പോർട്ടിന്റെ സമഗ്രരൂപമില്ലെങ്കിലും ചുരുക്കരൂപമെങ്കിലും പുറത്തുവിടേണ്ടതല്ലേ എന്നാണ് സംവിധായിക അഞ്ജലി മേനോന്റെ ചോദ്യം. 2019 ഡിസംബർ 31നാണ് ഹേമ കമീഷൻ റിപ്പോർട്ട് മുഖ്യമന്ത്രി പിണറായി വിജയന് സമർപ്പിച്ചത്. ഡബ്ല്യു.സി.സി നൽകിയ നിവേദനത്തിന്റെ അടിസ്ഥാനത്തിലാണ് മുൻ ഹൈകോടതി ജഡ്ജി ജസ്റ്റിസ് ഹേമ അധ്യക്ഷയും നടി ശാരദ, റിട്ട.ഐ.എ.എസ് ഉദ്യോഗസ്ഥ കെ.ബി. വത്സലകുമാരി എന്നിവർ അംഗങ്ങളുമായി കമീഷൻ രൂപവത്കരിച്ചത്. 2017ൽ രൂപവത്കരിക്കപ്പെട്ട കമ്മിറ്റി റിപ്പോർട്ട് നൽകിയത് രണ്ടു വർഷത്തിനു ശേഷമാണ്. തുടർന്ന് രണ്ടു വർഷമായിട്ടും റിപ്പോർട്ട് പുറത്തുവിടുകയോ നടപടി സ്വീകരിക്കുകയോ ചെയ്യാത്തതിനെതിരെയാണ് പ്രതിഷേധം. 2017 ഫെബ്രുവരിയിൽ നടി ആക്രമിക്കപ്പെട്ടതിന് പിന്നാലെയാണ് ലിംഗവിവേചനവും പുരുഷാധിപത്യവുമുൾപ്പെടെ ചർച്ചയായതും പിന്നീട് ഡബ്ല്യു.സി.സി രൂപവത്കരണത്തിലെത്തിയതും.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.