യാത്രയിൽ അസൗകര്യങ്ങളുണ്ടെങ്കിലും 'ആൾട്ടോ' ചെറിയ കാറല്ല - 1744 വൈറ്റ് ഓൾട്ടോ റിവ്യൂ

'1744 വൈറ്റ് ആൾട്ടോ' എന്ന പേരുപോലെ തന്നെ കാറാണ് ഇവിടെ പ്രധാന കഥാപാത്രം. ഓരോ സീനിലും കാർ പ്രേക്ഷകനുമായി സംവദിക്കുന്ന തരത്തിലാണ് ചിത്രത്തിന്‍റെ മുന്നോട്ട് പോക്ക്. ഒരു കേസുമായി ബന്ധപ്പെട്ടാണ് പ്രധാന തെളിവായി കാർ വരുന്നത്. പിന്നീടങ്ങോട്ട് കാറിനുവേണ്ടിയുള്ള ഒരു കൂട്ടം പൊലീസുകാരുടെ ഓട്ടമാണ്. ആദ്യാവസാനം നായകനും വില്ലനുമായി മാറുന്ന കാറിന്റെ കഥ മനോഹരമായാണ് തിയറ്ററിൽ എത്തിച്ചിരിക്കുന്നത്.

കാഞ്ഞങ്ങാടിന്റെ പശ്ചാത്തലത്തിലാണ് കഥ നടക്കുന്നതെങ്കിലും ഭാഷയിൽ അത്തരമൊരു നാടിനെ അടയാളപ്പെടുത്തുന്നില്ല. കാഴ്ചകളിലും വിജനമായ വഴികളും ആളൊഴിഞ്ഞ തെരുവുകളുമാണ് പലപ്പോഴും വന്നുപോകുന്നത്. പ്രത്യേക കളർ ടോണും ചിത്രത്തെ വ്യത്യസ്‍തമാക്കുന്നുണ്ട്. കഥാപാത്രങ്ങളുടെ തിരഞ്ഞെടുപ്പിലും അവതരണത്തിലും ആ വ്യത്യസ്തത പ്രകടമാണ്. സർക്കാസത്തിന്റെ എല്ലാ സാധ്യതയും സംഭാഷണത്തിൽ ഉൾപ്പെടുത്തിയതും മനോഹരമായി.


തിങ്കളാഴ്ച നിശ്ചയത്തിന് ശേഷം സെന്ന ഹെഗ്‌ഡെ സംവിധാനം ചെയ്യുന്ന ചിത്രമാണിത്. ആദ്യചിത്രത്തിന്റെ അനുഭവങ്ങൾ പാടെ മറന്നുവേണം ടിക്കറ്റ് കീറാൻ. അതുമായി പുലബന്ധമില്ലാത്ത നിർമ്മാണ രീതിയാണ് 1744 വൈറ്റ് ആൾട്ടോയുടേത്. ചിത്രത്തിന്‍റെ രസച്ചരടുപൊട്ടാതെ മുന്നോട്ട് പോകുമ്പോഴും ചില മുത്തുകൾ തെന്നിമാറുന്നത് കാണാൻ സാധിക്കും. ചില തമാശകളുടെ മുത്തുകൾ വേണ്ടത്ര ചിരി പടർത്താതെ തെന്നി തെറിക്കുന്നു. മറ്റുചിലത് കൃത്യമായും നൂലിലേക്കിറങ്ങി രസിപ്പിക്കുന്നുമുണ്ട്. അതുകൊണ്ടാണ് ആ യാത്ര ഒരേസമയം ചെറിയ ചില അസൗകര്യങ്ങൾ ഉണ്ടാക്കുമ്പോഴും നല്ലൊരു അനുഭവമായി മാറുന്നത്.

സ്ഥിരം കുറ്റവാളികളായ രണ്ടുപേരാണ് എബിയും കണ്ണനും. തീർത്തും വ്യത്യസ്തരായ രണ്ടുപേർ. അവരിൽ നിന്നാണ് ചിത്രം യാത്ര തുടങ്ങുന്നത്. കുറെയേറെ മണ്ടത്തരങ്ങൾ കൈമുതലായുള്ള ഒരുകൂട്ടം പൊലീസുകാർകൂടെ വരുന്നതോടെയാണ് കാർ ചിരി പടർത്തി ഓടിത്തുടങ്ങുന്നത്. പൊട്ടിച്ചിരിയുടെ വലിയ സാധ്യതകൾ അവിടെയൊക്കെ സംവിധായകൻ ഒരുക്കിവച്ചിട്ടുണ്ട്. അടിമുടി വരുന്ന ട്രോളുകളും സീനുകളെ സജീവമാക്കുന്നു.


രാജേഷ് മാധവൻ, ആര്യ സലിം, നവാസ് വള്ളിക്കുന്ന്, വിൻസി അലോഷ്യസ്, ആനന്ദ് മന്മഥൻ, സജിൻ ചെറുകയിൽ, ആർജെ നിൽജ, രഞ്ജി കാങ്കോൽ തുടങ്ങിയ പ്രതിഭകളാൽ സമ്പന്നമാണ് ചിത്രം. സെന്ന ഹെഗ്ഡെക്കൊപ്പം ഛായാഗ്രഹകനായ ശ്രീരാജ് രവീന്ദ്രൻ തിരക്കഥയിലും തന്റെ പ്രതിഭ അടയാളപ്പെടുത്തി. കൂടാതെ അർജുനനും തിരക്കഥയിൽ അക്ഷരങ്ങൾക്ക് കരുത്തേകിയിട്ടുണ്ട്. കബിനി ഫിലിംസിന്റെ ബാനറിൽ മൃണാൾ മുകുന്ദനും ശ്രീജിത്ത് നായരും വിനോദ് ദിവാകരും ചേർന്നാണ് ചിത്രം നിർമ്മിച്ചത്. ഹരിലാൽ കെ രാജീവിന്റെ ചിത്രസംയോജനവും പ്രത്യേകം കൈയടി അർഹിക്കുന്നതാണ്.

ചിത്രത്തിന് ഒപ്പം നിൽക്കുന്ന സംഗീതം മുജീബ് മജീദ് മനോഹരമാക്കി. മെൽവി ജെ. വസ്ത്രാലങ്കാരവും, മേക്കപ്പ് രഞ്ജിത്ത് മണലിപ്പറമ്പിലുമാണ്. പ്രൊഡക്‌ഷൻ ഡിസൈൻ ഉല്ലാസ് ഹൈദൂർ, കലാസംവിധാനം വിനോദ് പട്ടണക്കാടൻ. ഡി.ഐ കളറിസ്റ്റ് അവിനാഷ് ശുക്ലയുമാണ്. ചീഫ് അസോസിയേറ്റ് ഡയറക്ടർ സുധീഷ് ഗോപിനാഥും ചീഫ് അസോസിയേറ്റ് ഛായാഗ്രാഹകൻ രമേഷ് മാത്യൂസുമാണ്. ശങ്കർ ലോഹിത താക്ഷൻ, അജിത് ചന്ദ്ര, അർജുനൻ എന്നിവരാണ് അസോസിയേറ്റ് ഡയറക്ടർമാർ.

ആക്ഷേപഹാസ്യത്തിന്റെ വലിയ സാധ്യതക്കുകൂടി വഴിതുറന്നാണ് കാർ ഓടിത്തുടങ്ങിയത്. ആളൊഴിഞ്ഞ ഒട്ടും നിരപ്പല്ലാത്ത വഴികളിലൂടെയുള്ള ആ വ്യത്യസ്ത യാത്ര പ്രേക്ഷകന് പുതിയ ചിന്തനൽകും. യാത്രയിലെ ഓരോ കാഴ്ചയും മികച്ച അനുഭവവുമാകും.

Tags:    
News Summary - 1744 White Alto movie review

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.