മുസ്ലിം സമുദായത്തിലെ ഒസ്സാൻ വിഭാഗക്കാർ നേരിടുന്ന സാമൂഹ്യ വിവേചനത്തെക്കുറിച്ചാണ് നവാഗത സംവിധായകൻ ഭരതന്നൂർ ഷമീർ സംവിധാനംചെയ്ത ‘അനക്ക് എന്തിന്റെ കേടാ’എന്ന ചിത്രം പറഞ്ഞുവെക്കുന്നത്
പൊതുബോധത്തിന്റെ താൽപര്യങ്ങൾക്ക് രുചിക്കാത്ത കാര്യങ്ങൾ ചെയ്യുന്നവരോടും സമൂഹത്തിന് ഒട്ടും സ്വീകരിക്കാനാകാത്ത നിലപാടെടുക്കുന്നവരോടും ഒരിക്കലും നടക്കില്ലെന്നുറപ്പുള്ള കാര്യങ്ങളേറ്റെടുക്കുന്നവരോടുമൊക്കെ മലബാറുകാർ ചോദിക്കുന്നൊരു ചോദ്യമുണ്ട്: 'അനക്ക് എന്തിന്റെ കേടാ?'. ഈ ചോദ്യത്തിലുണ്ട് എല്ലാം. അപ്പോൾ, ഇത്തരമൊരു ചോദ്യവും അതിലേക്ക് നയിക്കുന്ന കാരണങ്ങളും ഇതിവൃത്തമാക്കിയൊരു സിനിമ ഇറങ്ങിയാലോ? അത്തരത്തിൽ മുസ്ലിം സമൂഹത്തിലെ ഒസ്സാൻ വിഭാഗം നേരിടുന്ന വിവേചനങ്ങളും സാമൂഹ്യ അയിത്തവും പ്രമേയമാക്കിക്കൊണ്ടുള്ള ചിത്രമാണ് നവാഗത സംവിധായകൻ ഷമീർ ഭരതന്നൂർ രചനയും സംവിധാനവും നിർവഹിച്ച ‘അനക്ക് എന്തിന്റെ കേടാ’.
ഇതുവരെ ആരും കൈകാര്യംചെയ്യാത്ത, തികച്ചും വ്യത്യസ്തമായ പ്രമേയമുള്ള ഈ ചലച്ചിത്രം കുടുംബബന്ധങ്ങളുടെയും കഥ പറയുന്ന ഫീൽ ഗുഡ് സിനിമയാണ്. ബാർബർ സമുദായത്തിൽ ജനിച്ചുവളർന്ന സൽമാൻ എന്ന യുവാവിന്റെ ജീവിതമാണിത്. സമൂഹത്തിലെ അദൃശ്യമായ ജാതിമതിലും തൊട്ടുകൂടായ്മയും ഇല്ലാതാക്കുകയാണ് തങ്ങൾ ലക്ഷ്യമിട്ടത്, അതിനായി ഒരു ചെറുവിരലെങ്കിലും അനക്കാൻ കഴിഞ്ഞതിൽ ഏറെ സന്തോഷമുണ്ടെന്നും നല്ല സിനിമകളെ സ്നേഹിക്കുന്നവർ ചിത്രം ഏറ്റെടുത്തുവെന്നും ഷമീർ ഭരതന്നൂർ പറയുന്നു.
സിനിമ ഇറങ്ങിയ ശേഷം 'സ്ക്രീനിൽ കണ്ടത് തങ്ങളുടെ ജീവിതം തന്നെയാണെന്നും ഒരു സാമൂഹിക മാറ്റത്തിനായി ഈ സിനിമ ഒരുക്കിയതിൽ ഏറെ നന്ദിയുണ്ടെന്നും’ പറഞ്ഞ് ഒസ്സാൻ വിഭാഗത്തിൽപെട്ട പലരും വിളിച്ചിരുന്നെന്ന് ഷമീർ ഭരതന്നൂർ പറയുന്നു. മഹല്ല് യോഗത്തിൽ പങ്കെടുക്കുന്നതുമായി ബന്ധപ്പെട്ട് വിവാദമുണ്ടായ ചങ്ങനാശ്ശേരി പുതൂർ പള്ളിയിൽ വിവേചനത്തിനിരയായ വ്യക്തി ഫോണിൽ വിളിച്ച് വിതുമ്പിയ അനുഭവവും പങ്കുവെക്കുന്നു.
അഖിൽ പ്രഭാകരൻ, സ്നേഹ അജിത്ത്, വീണ നായർ എന്നിവർ മുഖ്യവേഷത്തിലെത്തുന്ന ചിത്രത്തിൽ സായ് കുമാർ, ബിന്ദു പണിക്കർ, ശിവജി ഗുരുവായൂർ, സുധീർ കരമന തുടങ്ങി വൻ താരനിരയും അണിനിരന്നിട്ടുണ്ട്. ബി.എം.സി പ്രൊഡക്ഷൻസിന്റെ ബാനറിൽ പ്രവാസി വ്യവസായി ഫ്രാൻസിസ് കൈതാരത്താണ് ചിത്രം നിർമിച്ചിരിക്കുന്നത്.
‘പാട്ടുകൾ, വൈകാരിക രംഗങ്ങൾ, തമാശ തുടങ്ങി എല്ലാം ചേർന്ന പാക്കേജാണ് ചിത്രം. ഒരു വലിയ സന്ദേശമാണ് ഇതിലൂടെ മുന്നോട്ടുവെക്കുന്നത്. അതുകൊണ്ടുതന്നെയാണ് എൻറർടെയിൻമെന്റിന് പ്രാധാന്യം നൽകുംവിധം സിനിമ അവതരിപ്പിച്ചത്' -സംവിധായകനും നിർമാതാവും പറയുന്നു.
നീണ്ട അഞ്ചര വർഷത്തെ അധ്വാനമാണ് അദ്ദേഹത്തിന് സിനിമയുടെ പിന്നിലുള്ളത്. 400ഓളം കോളജ് വിദ്യാർഥികളുൾപ്പെടെ 700ഓളം ജൂനിയർ ആർട്ടിസ്റ്റുകളെ ഉൾക്കൊള്ളിച്ചുകൊണ്ടാണ് ‘അനക്ക് എന്തിൻറെ കേടാ’ ഒരുക്കിയത്. കോഴിക്കോട് മുക്കത്തായിരുന്നു പ്രധാന ലൊക്കേഷൻ. ഷൂട്ടിങ് സമയത്ത് നാട്ടുകാരുടെയും പള്ളി ഭാരവാഹികളുടെയും പിന്തുണ ഏറെ വലുതായിരുന്നെന്ന് ലൈൻ പ്രൊഡ്യൂസർ മാത്തുക്കുട്ടി പാവറാട്ടിൽ പറയുന്നു.
ചിത്രീകരണവേളയിലുടനീളം ഒരു കുടുംബം പോലെയായിരുന്നുവെന്ന് നടൻ അഖിൽ പ്രഭാകർ ഓർക്കുന്നു. പുതുമയുള്ള പ്രമേയത്തോടെ അവതരിപ്പിച്ച സിനിമക്ക് വളരെയധികം പ്രേക്ഷകശ്രദ്ധ നേടിയതിന്റെ സന്തോഷത്തിലാണ് മാധ്യമം സീനിയർ സബ് എഡിറ്റർ കൂടിയായ ഭരതന്നൂർ ഷമീറും ഫ്രാൻസിസ് കൈതാരത്തും അണിയറ പ്രവർത്തകരുമെല്ലാം.
മോഡലിങ്ങിലൂടെ സിനിമയിലേക്കെത്തിയ അഖിൽ പ്രശ്നപരിഹാര ശാല, ശക്തൻ മാർക്കറ്റ്, ന്യൂജെൻ നാട്ടുവിശേഷങ്ങൾ, ചതി തുടങ്ങിയ സിനിമകളിലും നായകനായിട്ടുണ്ട്. മറുവശം, തമിഴ് ചിത്രങ്ങളായ ഐമ, റൂട്ട് നമ്പർ 17 എന്നിവയാണ് പുറത്തിറങ്ങാനുള്ളത്. ബി.എം.സി പ്രൊഡക്ഷൻസിന്റെ കീഴിലെ ആദ്യ ചിത്രമാണെങ്കിലും കൂടുതൽ നല്ല സിനിമകൾ ഒരുക്കാനുള്ള പദ്ധതിയിലാണ് ഫ്രാൻസിസ് കൈതാരത്ത്. ബഹ്റൈനിൽ വ്യവസായിയും അറിയപ്പെടുന്ന സാമൂഹ്യപ്രവർത്തകനുമാണ് ഫ്രാൻസിസ് കൈതാരത്ത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.