ഞെട്ടിച്ചു കളഞ്ഞ, അതിഗംഭീരം എന്നതിൽ കുറഞ്ഞ് മറ്റൊരുവാക്കും പറയാൻ സാധിക്കാത്ത ചിത്രമായാണ് 'അപ്പൻ' അനുഭവപ്പെട്ടത്. ആരാണ് പ്രധാന നായകനെന്നും നായികയെന്നും കൃത്യമായി അടയാളപ്പെടുത്താൻ സാധിക്കാത്ത, ഒന്നിനോടൊന്നു മികച്ചുനിൽക്കുന്ന അഞ്ചു പേരുടെ അഭിനയം കൊണ്ട് ശ്രദ്ധേയമാകുന്ന ചിത്രം സംവിധാനം ചെയ്തിരിക്കുന്നത് മജുവാണ്.
അപ്പൻ എന്ന പേരു കേട്ട് മക്കളെ ജീവനോളം സ്നേഹിക്കുന്ന അപ്പനെയോ, അപ്പനെ സ്നേഹിക്കുന്ന മക്കളെയോ ഒരിക്കലും ഈ സിനിമയിൽ പ്രതീക്ഷിക്കരുത്. വീറുള്ള നോട്ടവും, വീറു കെട്ടിറങ്ങാത്ത ചീത്തവിളികളുമുള്ള വൃത്തികെട്ട അപ്പനും, ആ ഒരൊറ്റ മനുഷ്യനാൽ ആത്മസംഘർഷം അനുഭവിക്കുന്ന കുടുംബവുമാണ് പശ്ചാത്തലം.
ഇടുക്കിയിലെ കർഷക കുടുംബത്തിലെ ഒരിക്കലും മക്കളെ സ്നേഹിക്കാൻ സാധിക്കാത്ത, തന്നിഷ്ടത്തിൽ ജീവിച്ച, ഇപ്പോഴും ജീവിക്കാൻ ശ്രമിക്കുന്ന താന്തോന്നിയായ ഇട്ടി എന്ന അപ്പനാണ് ചിത്രത്തിൽ. പൂർണ സമയം കട്ടിൽ കിടക്കേണ്ടി വന്നിട്ടും അയാൾ ആ കുടുംബത്തിലെ സമാധാനം കളയാൻ പരമാവധി ശ്രമിക്കുന്നുണ്ട്. അയാളുടെ സ്വത്തുക്കളുടെ പൂർണാവകാശം തങ്ങളുടെ പേരിലാക്കുകയെന്നതാണ് കുടുംബത്തിലുള്ളവരുടെ ലക്ഷ്യം. പക്ഷേ, അയാൾ ആ സ്വത്തുക്കൾ അവർക്ക് നൽകില്ലെന്ന വാശിയിലാണ്. ഇട്ടിയുടെ ക്രൂരതകൾ കൂടുംതോറും അയാളുടെ മരണം എല്ലാവരും തീവ്രമായി ആഗ്രഹിക്കുന്നു. ക്രൂരനായ ഇട്ടിയുടെ മരണത്തിനുവേണ്ടി ആഗ്രഹിക്കുന്നത് കുടുംബം മാത്രമല്ല ഒരു നാടാകെയാണ്. പതിയെ പതിയെ ഇട്ടി മരിക്കണമെന്ന ആഗ്രഹം പ്രേക്ഷകരുടേത് കൂടിയായി മാറുന്നു. ആ ആഗ്രഹം കനക്കുന്നതോടെ അയാളുടെ അന്തകൻ ആരാകുമെന്ന ആകാംക്ഷയാണ് പിന്നീട്. അയാളുടെ മരണം എന്ന കാത്തിരിപ്പ് പതിയെ സിനിമയെ ഡ്രാമയിൽ നിന്നും ത്രില്ലറിലേക്ക് വഴിമാറ്റുന്നു. അപ്പോഴും സിനിമയിലെ വൈകാരികത നഷ്ടപ്പെടുന്നില്ല എന്നതാണ് എടുത്തു പറയേണ്ട ഒന്ന്. 'വൃത്തികെട്ട അപ്പൻ' ചാവാൻ ആഗ്രഹിക്കുന്ന മക്കൾക്ക് മുൻപിലേക്ക് അയാളുടെ മരണം എങ്ങനെ നടന്നടുക്കുമെന്നാണ് പിന്നീടുള്ള കാഴ്ച.
അലൻസിയർ എന്ന നടന്റെ വലിയൊരു വിജയം തന്നെയാണ് ഇട്ടിയെന്ന കഥാപാത്രം. കട്ടിലിൽ കിടന്നുകൊണ്ട് ശരീരം വേണ്ടത്ര ചലിപ്പിക്കാൻ സാധിക്കാതെ ഒരു നടന് എത്രത്തോളം നന്നായി അഭിനയിക്കാം എന്നതിന്റെ വലിയ തെളിവാണ് ചിത്രത്തിലെ അലൻസിയർ. ഇട്ടിയുടെ മകൻ എന്ന ഒരൊറ്റ ലേബൽ കാരണം ആത്മസംഘർഷം കൊണ്ട് തകർന്നടിയുന്ന, അപ്പന്റെ സ്വഭാവം ഒരിക്കലും ലഭിക്കരുത് എന്ന് ആഗ്രഹിക്കുന്ന ഞ്ഞൂഞ് എന്ന മകന്റെ വേദനകൾ അത്രമേൽ തീവ്രമായി പ്രേക്ഷകർക്ക് അനുഭവപ്പെടും.
അവന്റെ മാത്രമല്ല അമ്മച്ചിയുടെ, അവന്റെ ഭാര്യ റോസിയുടെ മുതൽ ഞ്ഞൂഞ്ഞുവിന്റെ പ്രിയപ്പെട്ട മകന്റെ തുടങ്ങി സിനിമയിലെ രണ്ടു മണിക്കൂറിനിടയിൽ വന്നു പോകുന്ന ഓരോ കഥാപാത്രങ്ങളുടെയും മാനസികാവസ്ഥകളെ പ്രേക്ഷകർക്ക് വേഗത്തിൽ കണക്ട് ചെയ്യാൻ സാധിക്കും. കഥ ഒരു വീടിനെയും കുറച്ച് കഥാപാത്രങ്ങളെയും ചുറ്റിപ്പറ്റിയുള്ളതാണെങ്കിലും രണ്ടു മണിക്കൂറിന്റെ ഇഴച്ചിൽ ഒരിടത്തും അനുഭവപ്പെടില്ല.
പപ്പുവിന്റെ ഛായാഗ്രഹണവും, ഡോണ്‍ വിന്‍സെന്റിന്റെ പശ്ചാത്തല സംഗീതവും, കിരണ്‍ ദാസിന്റെ ചിത്രസംയോജനവും ഒന്നിക്കുമ്പോൾ അവയ്ക്കെല്ലാം ഇണങ്ങുന്ന തരത്തിൽ അതിഗംഭീരമായ അഭിനയം കൊണ്ട് ഞെട്ടിക്കുകയാണ് താരങ്ങളെല്ലാം. സണ്ണി വെയിൻ, അനന്യ എന്നിവരുടെ കരിയറിലെ ഏറ്റവും മികച്ച കഥാപാത്രങ്ങളിൽ പെടുന്നവ തന്നെയായിരിക്കും ഞ്ഞൂഞ്ഞുവും റോസിയും. അങ്ങനെയൊരു അപ്പനെ കാണിച്ച് ഞെട്ടിച്ച അലൻസിയർ കൈയടി അർഹിക്കുന്നു. പുതുമുഖ താരമായ രാധിക രാധാകൃഷ്ണന്റെ പ്രകടനം എടുത്തു പറയേണ്ട ഒന്നാണ്. ഒരു പുതുമുഖമാണെന്ന യാതൊരു സൂചനയും അവശേഷിപ്പിക്കാതെയാണ് അവർ തന്റെ കഥാപാത്രത്തെ ഒരുക്കിയെടുത്തിരിക്കുന്നത്. പൌളി വൽസൺ എന്ന നടി അഭിനയം കൊണ്ട് ആറാടുകയാണ്.
ജീവിച്ച കാലത്തെ പാപകറകൾ മരിച്ചാൽ പോലും മായ്ച്ചു കളയാൻ പറ്റാത്ത അത്രയും ക്രൂരതകളും ചെയ്തികളും കാട്ടിക്കൂട്ടിയ ഇട്ടിയെ പോലുള്ള കഥാപാത്രം ഓർമ്മിപ്പിക്കുന്നത് കുടുംബമെന്ന സിസ്റ്റത്തിൽ വിശുദ്ധന്മാരല്ലാത്ത അപ്പന്മാരുമുണ്ടെന്നാണ്. അതുകൊണ്ടുതന്നെ ഈ അപ്പനെ ആരും കാണാതെ പോകരുത്. സോണി ലിവ് ഒ.ടി.ടി പ്ലാറ്റ്‌ഫോമിലാണ് റിലീസ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.