ഒന്നും മിണ്ടാതെ, കഥപറയാതെ, പ്രകൃതിയോട് ചേർന്നു നിൽക്കുന്ന സന്ദേശം കൈമാറാൻ കഴിയുമെന്ന് 'ബർത്തായ്ക്ക' (the Bannana Chips) എന്ന ഹ്രസ്വചിത്രം ബോധ്യപ്പെടുത്തുന്നു. നമ്മുടെ കായ വറുത്തത് തന്നെയാണിവിടെ മുഖ്യതാരം. വറുത്തകായയുടെ പിറവിമുതൽ ചിത്രത്തിലുണ്ട്.
കോഴിക്കോട്ടുകാർക്ക് ഏറെ പ്രിയപ്പെട്ടതാണ് കായ വറുത്തത്. ആ ഇഷ്ടക്കൂടുതൽ കൊണ്ടാണതിന് 'ബർത്തായ്ക്ക' എന്ന സ്നേഹത്തിൽ വറുത്തെടുത്ത പേരു വന്നത്. അതോടൊപ്പം, പ്രകൃതിയോടും മണ്ണിനോടും കാർഷിക വൃത്തിയോടുമുള്ള സ്നേഹം കൂടി ഈ ഹ്രസ്വചിത്രത്തിൽ ചേർത്തുവെക്കുന്നു. മീഡിയാവൺ അക്കാദമിയിലെ ഫോട്ടോഗ്രഫി ഡിേപ്ലാമ കോഴ്സിന്റെ ഭാഗമായി എം. മുബഷിറ ചെയ്ത പ്രൊജക്ട് വർക്കാണ് ഡോക്യുഫിക്ഷൻ വിഭാഗത്തിൽ പെടുത്താവുന്ന ഈ ഹ്രസ്വചിത്രം. കേവലം പ്രൊജക്ട് വർക്കിനപ്പുറത്തേക്ക് കാഴ്ചക്കാരെ നയിക്കുന്നുവെന്നതാണ് ബർത്തായക്കയുടെ വിജയം. കൈമോശം വന്നുകൊണ്ടിരിക്കുന്ന കാർഷിക സംസ്കാരത്തിലേക്കുള്ള തിരിച്ചു നടത്തമാണിതിന്റെ സന്ദേശം. ഒപ്പം നാട്ടുരുചികൾ രൂപപ്പെടുന്ന വഴികളും... നമ്മെ ഇന്നലെകളിലേക്ക് കൊണ്ടുപോകുന്നു. 'ബർത്തായ്ക്ക' 'കറുമുർ' തിന്നുന്ന കുട്ടിയിൽ തുടങ്ങുന്ന ചിത്രം കൊതിയോടെ തിന്നുന്ന പല്ലില്ലാത്ത ഉമ്മൂമ്മയിലാണ് അവസാനിക്കുന്നത്.
ഒരു കുടുംബത്തിലുള്ളവർ കഥാപാത്രങ്ങളായി വരുന്നുവെന്നത് മറ്റൊരു സവിശേഷത. ആരും ഈ ചിത്രത്തിൽ അഭിനയിക്കുന്നില്ല. ഇത്തരം സാഹചര്യത്തിലുള്ള സ്വാഭാവിക പ്രതികരണം മാത്രമാണുള്ളത്. അങ്ങനെ, കൈയൊതുക്കത്തോടെ ചുറ്റുമുണ്ട് കാഴ്ചകൾ, കഥകൾ, രുചികളെന്ന് ഹ്രസ്വചിത്രം പറയാതെ പറയുന്നു. എം. കുഞ്ഞാപ്പയുടേതാണ് 'ബർത്തായ്ക്ക'യുടെ രചന.
കർഷകനായ മുഹമ്മദ് മുസ്തഫ, മകൻ സഫ്വാൻ, ഉമ്മ പാത്തുമ്മ, അയാൻ, നഷ്വ ഫാത്തിമ, ഹംസ മില്ലുംപടി എന്നിവർ ചിത്രത്തിൽ വേഷമിടുന്നു. കോഴിക്കോട് പാളയം മാർക്കറ്റിലെ തൊഴിലാളികളും മാനാഞ്ചിറയിലെ ചിപ്സ് നിർമാതാക്കളും ചിത്രവുമായി സഹകരിച്ചു. മഞ്ചേരിക്കടുത്ത പന്തലൂർ വടക്കാണിലാണ് മറ്റൊരു ലൊക്കേഷൻ.
മുബഷിറയ്ക്ക് ചിത്രീകരണത്തിൽ സഹപാഠികളായ അജിത്തും ഷാഹിനും ആദർശും സഹായികളായി. സംവിധാനം: അഷ്ഫാക്ക്. ചിത്രസംയോജനവും പശ്ചാത്തല സംഗീതവും: സലീത്. ആർട്ട്: സഫ, അജ്മൽ. അസ്‍ലം, റഊഫ്, ഷഹീം എന്നിവരും ഹായികളായി ചിത്രത്തോടൊപ്പം നിന്നു. മീഡിയാ വൺ അക്കാദമിയുടെ യു ട്യൂബിലാണ് ചിത്രം റിലീസ് ചെയ്തതത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.