‘ബൂ’ -ശരാശരിക്കും താഴെയുള്ള കാഴ്ചാനുഭവം

എ.എൽ വിജയ് സംവിധാനം ചെയ്ത് രാകുൽ പ്രീത് സിങ് ഹൊറർ എന്റർടെയ്‌നർ പുറത്തിറക്കിയ ചിത്രമാണ് ‘ബൂ’. ഒ.ടി.ടിയിൽ കഴിഞ്ഞ ദിവസം സ്ട്രീം ചെയ്തു തുടങ്ങിയ ചിത്രം, ‘ദിയ’ക്ക് ശേഷമുള്ള വിജയുടെ രണ്ടാമത്തെ ചിത്രം കൂടിയാണ്. തെലുങ്ക്, തമിഴ്, ഹിന്ദി എന്നീ ഭാഷകളിലാണ് ചിത്രം പ്രദർശനത്തിനെത്തിയിരിക്കുന്നത്. കിയാര (രാകുൽ പ്രീത് സിങ്) തന്റെ മൂന്ന് സുഹൃത്തുക്കളായ കാവ്യ, അരുണ, ഋതു എന്നിവർക്കൊപ്പം ഹാലോവീൻ ദിനം ആഘോഷിക്കാൻ പ്ലാൻ ചെയ്യുകയും അവരെ തന്റെ വീട്ടിലേക്ക് ക്ഷണിക്കുകയും ചെയ്യുന്നതിലൂടെയാണ് കഥ തുടങ്ങുന്നത്.

ആത്മാക്കളുടെ ദിനമാണ് ഹാലോവീൻ. ഈ ദിവസം മരിച്ചവരുടെ ആത്മാക്കൾ വീട് സന്ദർശിക്കാൻ എത്തും എന്നാണ് വിശ്വാസം. ‘ഹാലോവീന്‍’ അഥവാ ‘ഓള്‍ ഹൌലോസ് ഈവ്‌’ എന്ന വാർഷികോത്സവത്തിൽ ഇത്തവണ കിയാര പങ്കാളിയാകാൻ തീരുമാനിക്കുന്നു. പൈശാചിക വേഷം ധരിച്ചും വീടിനു മുന്നില്‍ ഹാലോവീന്‍ രൂപങ്ങള്‍, അസ്ഥികൂടങ്ങള്‍ എന്നിവ തൂക്കിയിട്ടുമൊക്കെയായിരുന്നു ആഘോഷങ്ങൾക്കായുള്ള തയാറെടുപ്പ്. വലിയ താല്പര്യമില്ലെങ്കിലും അവൾക്ക് വേണ്ടി സുഹൃത്തുക്കൾ ആഘോഷത്തിനെത്തുന്നു. ഈയവസരത്തിലാണ് പ്രേതകഥകൾ അടങ്ങിയ ‘ഹാലോവീൻ സ്റ്റോറീസ്’ എന്ന അപൂർവ പുസ്തകം കിയാര അവർക്ക് കാണിച്ചുകൊടുക്കുന്നത്. എല്ലാ അധ്യായങ്ങളും പൂർത്തിയാകുന്നതുവരെ വായന നിർത്തരുതെന്ന നിർദേശം പുസ്തകത്തിന്റെ തുടക്കത്തിൽ തന്നെയുണ്ടെങ്കിലും അവരതത്ര കാര്യമാക്കുന്നില്ല. വായന തുടങ്ങുന്നതോടെ വിചിത്രവും അസാധാരണവുമായ സംഭവങ്ങൾ അവർക്ക് നേരിടേണ്ടിവരുന്നു. എന്താണ് ആ പുസ്തകത്തിന് പിന്നിലെ രഹസ്യം?, അസാധാരണ സാഹചര്യങ്ങളിൽനിന്നും രക്ഷപ്പെടാനായി നാല് സുഹൃത്തുക്കൾ എന്താണ് ചെയ്തത്?, ഒടുവിൽ എന്ത് സംഭവിച്ചു...? -തുടങ്ങിയ ചോദ്യങ്ങൾക്കുള്ള ഉത്തരമാണ് ചിത്രം.


ശരാശരിക്കും താഴെയുള്ള കാഴ്ച്ചാനുഭവം മാത്രമാണ് ചിത്രം. രാം ഗോപാൽ വർമ്മയുടെ ഡർനാ മർനാ ഹേ, ഡാർനാ സറൂരി ഹേ എന്നീ സിനിമകൾക്ക് സമാനമായ രീതിയിലുള്ള പ്രമേയം ഇവിടെയും കാണാം. എന്നാൽ സിനിമ നിരാശപ്പെടുത്തുന്നത് ഹൊറർ കാഴ്ചകളിലാണ്. ഹൊറർ സിനിമകളിലൂടെ പ്രേക്ഷകരെ ഭയപ്പെടുത്തുവാനായി ഇനിയും ക്ലീഷേ സീനുകളെയും പതിവ് ഹൊറർ ഇഫക്റ്റുകളെയും ആശ്രയിച്ചിട്ട് കാര്യമില്ല എന്നതിനുള്ള ഏറ്റവും വലിയ ഉദാഹരണമാണ് ബൂ. അതുപോലെ ചിത്രത്തിന്റെ അവസാനത്തിൽ ചില ട്വിസ്റ്റുകൾ ചേർക്കുവാൻ അണിയറപ്രവർത്തകർ ശ്രമിച്ചുവെങ്കിലും ചിത്രത്തിന്റെ മുൻഭാഗങ്ങളെല്ലാം തിരക്കഥയിലും മേക്കിങ്ങിലും പാളിപ്പോയതിനാൽ ഈ ട്വിസ്റ്റുകൾ നിസാരവും യുക്തിരഹിതവുമായി അനുഭവപ്പെട്ടു.

കാഴ്ചക്കാരിൽ കൗതുകമുണർത്തുന്ന തരത്തിൽ ചില ഹൊറർ മുഹൂർത്തങ്ങൾ ഉണ്ടായിരുന്നെങ്കിൽ സിനിമ കുറെ കൂടി ആകർഷകമായിരുന്നേനെ. കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിച്ച രാകുൽ തന്റെ പ്രകടനം തരക്കേടില്ലാത്ത വിധത്തിൽ ചെയ്തിരിക്കുന്നു. പാരനോർമൽ ശാസ്ത്രജ്ഞൻ എന്ന നിലയിൽ വിശ്വക് സെൻ തന്റെ കഥാപാത്രവും മികച്ചതാക്കിയിരിക്കുന്നു. സ്‌ക്രീൻ സമയം പരിമിതമാണെങ്കിലും വളരെ നിർണായകമാണെന്ന ബോധ്യത്തോടെ തന്നെയാണ് വിശ്വക് സെൻ തന്റെ കഥാപാത്രത്തോട് നീതി പുലർത്തിയിരിക്കുന്നത്. നിവേത, മേഘ ആകാശ്, മഞ്ജിമ മോഹൻ, റീബ മോണിക്ക ജോൺ എന്നിവർ അവരവരുടെ റോളുകളെയെല്ലാം ഭംഗിയാക്കിയിരിക്കുന്നു.

ജി.വി പ്രകാശിന്റെ സംഗീതം ശരാശരിക്കും താഴെയായിരുന്നു. സന്ദീപ് കെ. വിജയുടെ ഛായാഗ്രഹണം തരക്കേടില്ലായിരുന്നുവെങ്കിലും വിചിത്രവും ഭയാനകവുമായ അനുഭവം പ്രേക്ഷകർക്ക് കാഴ്ച്ചയിൽ നഷ്ടപ്പെടുത്തുന്നത് നിരാശപ്പെടുത്തുന്നു. ഹൊറർ സിനിമയ്ക്ക് ആവശ്യമായ തരത്തിൽ ആകർഷകമായ ആഖ്യാനമില്ലായ്മ, മോശം തിരക്കഥ തുടങ്ങിയ കാരണങ്ങളാൽ ‘ബൂ’ നിരാശജനകമായ ചിത്രമായി മാറി.

Tags:    
News Summary - Boo movie review

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.