ക്രിസ്റ്റഫർ നോളൻ രചനയും സംവിധാനവും നിർവഹിച്ച് 2017ൽ ഇംഗ്ലീഷ് ഭാഷയിലിറങ്ങിയ ഒരു യുദ്ധ ചലച്ചിത്രമാണ് ‘ഡൺകിർക്’. കടലിന്റെ വന്യതയിൽ ജീവൻ കൈയിൽ പിടിച്ച് ഒരുകൂട്ടം സൈനികർ നടത്തുന്ന അതിജീവനത്തിന്റെ കഥയാണ് ഈ സിനിമ. ശത്രു സൈന്യത്തിന്റെ കനത്ത ബോംബിങ്ങിനെ തുടർന്ന് ഈയാംപാറ്റകളെ പോലെ കപ്പലിൽ നിന്നും തെറിച്ചുവീഴുന്ന മനുഷ്യർ. മരണക്കെണിയാകുന്ന കടൽച്ചുഴികളിലൂടെയുള്ള കാമറയുടെ പ്രയാണം. തീതുപ്പുന്ന ബോംബറുകൾക്കു കീഴെ ജീവന്റെയും മരണത്തിന്റെയും കടലിരമ്പത്തിന്റെ ദൃശ്യാനുഭവമാണ് ഈ സിനിമ. ഒരു കടൽ മുഴുവൻ കുടിച്ചിട്ടും അവസാനിക്കാത്ത യുദ്ധത്തിന്റെ മരണദാഹമാണ് സിനിമയിൽ ഉടനീളം. ക്രിസ്റ്റഫർ നോളന്റെ ഏറ്റവും മികച്ച ചിത്രമായാണ് ‘ദ ഗാർഡിയൻ’ പത്രം ‘ഡൺകിർകി’നെ വിശേഷിപ്പിച്ചത്. കണ്ടു മറന്ന യുദ്ധ സിനിമകളെ പോലെയല്ല ‘ഡൺകിർക്’. 1944ൽ രണ്ടാം ലോകയുദ്ധത്തിൽ ജർമൻ സൈന്യത്താൽ വളയപ്പെട്ട ബ്രിട്ടീഷ്, ബെൽജിയം, ഫ്രാൻസ് സൈനികരെ ഫ്രാൻസിലെ ഡൺകിർക് കടൽതീരത്തുനിന്ന് തിരികെ നാട്ടിൽ എത്തിക്കാൻ നടത്തുന്ന ശ്രമമാണ് സിനിമയിലെ ഇതിവൃത്തം. യുദ്ധത്തിൽ ജർമൻ സൈന്യം ഇംഗ്ലീഷ് സഖ്യസേനയെ ഡൺകിർക് എന്ന ഫ്രാൻസിലെ കടൽതീര നഗരത്തിൽ കത്രികപ്പൂട്ടിട്ടു കുടുക്കിയിരിക്കുകയാണ്. അവതരണത്തിലെ പുതുമയാണ് മറ്റ് യുദ്ധ സിനിമകളിൽനിന്നും ഈ ചിത്രത്തെ വ്യത്യസ്തമാക്കുന്നത്. ആയിരക്കണക്കിന് എക്സ്ട്രാ അഭിനേതാക്കളെ വെച്ച് യഥാർഥ ഡൺകിർക്ക് പിൻവാങ്ങലിൽ പങ്കെടുത്ത ബോട്ടുകളെ ഉപയോഗപ്പെടുത്തിയാണ് സിനിമ ചിത്രീകരിച്ചത്. സിനിമയിൽ കാണിക്കുന്ന യുദ്ധവിമാനങ്ങളും യുദ്ധ കപ്പലുകളും എല്ലാം യഥാർഥമാണ്. ഛായാഗ്രഹണം, സംവിധാനം, അഭിനയം, സംഗീതം എന്നിവയിൽ പ്രേക്ഷക പ്രശംസ നേടിയ ചലച്ചിത്രമാണിത്.
എക്കാലത്തെയും മികച്ച യുദ്ധ-ചലച്ചിത്രങ്ങളിൽ ഒന്നായാണ് നിരൂപകർ ഡൺകിർക്കിനെ വിലയിരുത്തുന്നത്. ഭൂമിയിലും കടലിലും വായുവിലും നടക്കുന്ന പോരാട്ടങ്ങളാണ് സിനിമയിൽ കാണിച്ചിരിക്കുന്നത്. സൈനികർക്കിടയിലെ വിശ്വാസമില്ലായ്മയും സംശയവും ശത്രു ആരാണെന്ന ആശയക്കുഴപ്പവുമെല്ലാം ഭംഗിയായി സിനിമയിൽ വരച്ചിട്ടിരിക്കുന്നു.
മൂന്ന് ടൈം സോണിലാണ് കഥ നടക്കുന്നത്. ഒരാഴ്ച, ഒരു ദിവസം, ഒരു മണിക്കൂർ എന്നിങ്ങനെയാണ് സമയക്രമം. സിനിമയിൽ സംഭാഷണങ്ങൾ വളരെ കുറവാണ്. ദൃശ്യത്തിന്റെ വിശദാംശങ്ങളിലൂടെയാണ് കഥ വികസിക്കുന്നത്. തീപിടിക്കുന്ന കടലും അതിൽ പിടയുന്ന സൈനികരുമെല്ലാം പ്രേക്ഷകമനസ്സിൽ മായാത്ത ചിത്രങ്ങളായി അവശേഷിക്കുന്നു. യുദ്ധ ഭൂമിയിൽ അകപ്പെട്ടു പോകുന്ന ഒരു അനുഭവമാണ് സിനിമ പ്രേക്ഷകനു സമ്മാനിക്കുന്നത്. ഓസ്കർ വേദിയിൽ എട്ട് നോമിനേഷൻ ലഭിച്ച ഈ സിനിമ മൂന്നെണ്ണം കരസ്ഥമാക്കുകയും ചെയ്തു. കൺമുന്നിൽ മരണം കാത്തുനിൽക്കുന്ന പട്ടാളക്കാരുടെ മുഖങ്ങൾ അതി മനോഹരമായി ഒപ്പിയെടുക്കാൻ സംവിധായകന് കഴിഞ്ഞിട്ടുണ്ട്. ചിത്രീകരണത്തിലെ മികവുകൊണ്ട് അത്ഭുതപ്പെടുത്തുന്ന സിനിമകൂടിയാണ് ‘ഡൺകിർക്’. കിലിയൻ മർഫി, ഹാരി സ്റ്റൈസ്, ഫിയോൺ വൈറ്റ് ഹെഡ് പോലുള്ള മികച്ച താരനിരയും ചിത്രത്തിൽ അണിനിരക്കുന്നു.
മാസ്ക് വെച്ച് അഭിനയിക്കുന്നതിനാൽ ഫൈറ്റർ പൈലറ്റ് ആയ ടോം ഹാർഡിയെ പെട്ടെന്ന് തിരിച്ചറിയാനാവില്ല. റാറ്റ്പാക് ഡ്യൂൺ എന്റർടെയ്ൻമെന്റ് നിർമിച്ച് വാർണർ ബ്രോസ് ആണ് ചിത്രം വിതരണം ചെയ്തത്. 100 കോടി ഡോളറിനടുത്ത് ചിത്രീകരണത്തിന് ചെലവായ സിനിമ ബോക്സ് ഓഫിസിൽ 530 കോടിയിലധികമാണ് കലക്ട് ചെയ്തത്. ഹൊയ്തെ വാൻ ഹൊയ്തെമെ ആണ് ഛായാഗ്രഹണം നിർവഹിച്ചത്. ഹാൻസ് സിമ്മറാണ് സംഗീതം. സൈനികരുടെ മാനസിക വ്യാപാരങ്ങൾ ഒപ്പിയെടുക്കുന്ന സിനിമ ത്രില്ലിങ് മൂഡിലാണ് മുന്നോട്ടുപോകുന്നത്. എഴുപത്തിയഞ്ചാം ഗോൾഡൻ ഗ്ലോബിൽ മികച്ച ചിത്രം, സംവിധാനം, ഒറിജിനൽ സ്കോർ എന്നിവിഭാഗങ്ങളിൽ ‘ഡൺകിർക്’ നോമിനേറ്റ് ചെയ്യപ്പെട്ടിട്ടുണ്ട്. മികച്ച സൗണ്ട് എഡിറ്റിങ്, മികച്ച ഫിലിം എഡിറ്റിങ്, മികച്ച ശബ്ദമിശ്രണം എന്നീ വിഭാഗങ്ങളിൽ ‘ഡൺകിർകി’ന് അക്കാദമി പുരസ്കാരം ലഭിച്ചിട്ടുണ്ട്. എ.എ.സി.ടി.എയുടെ (ആസ്ട്രേലിയൻ അക്കാദമി ഫോർ സിനിമ ആൻഡ് ടെലിവിഷൻ ആർട്സ് അവാർഡ്) മികച്ച സംവിധായകനുള്ള പുരസ്കാരം ഈ സിനിമയിലൂടെ ക്രിസ്റ്റഫർ നോളൻ കരസ്ഥമാക്കി. ആപ്പിൾ ടി.വി, ഗൂഗ്ൾ പ്ലേ മൂവീസ് പ്ലാറ്റ്ഫോമുകളിൽ സിനിമ കാണാം.
അടുത്തത്: ‘ഇന്റർസ്റ്റെല്ലർ’ 2014
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.