സക്കരിയ സംവിധാനം ചെയ്ത 'ഹലാൽ ലൗ സ്റ്റോറി'യുടെ കാഴ്ച. മതസ്വത്വം കലാകാരനിൽ സൃഷ്ടിക്കുന്ന ആന്തരിക സംഘർഷങ്ങളെ മതനിഷേധത്തിെൻറ സ്ഥിരം ലളിതയുക്തികൾക്കുപരിയായി നിന്നുകൊണ്ട് നർമാത്മകമായി പരിചരിക്കുന്നു എന്നതാണ് ഇൗ ചിത്രത്തെ വ്യതിരിക്തമാക്കുന്നതെന്ന് ചലച്ചിത്ര സംവിധായകൻ കൂടിയായ ലേഖകൻ നിരീക്ഷിക്കുന്നു.
വർത്തമാന ഇന്ത്യയിൽ മുസ്ലിമിന് പലപ്പോഴും അവെൻറ/അവളുടെ മതസ്വത്വം ബാധ്യതയായി മാറാറുണ്ട്. ദേശസ്നേഹം, മതേതരത്വം തുടങ്ങിയവുമായി ബന്ധപ്പെട്ട വിനിമയങ്ങളിൽ സംശയത്തിെൻറ മുന കൂർത്തുവരുമ്പോൾ 'അഗ്നിശുദ്ധി'വരുത്തുംവിധം 'പൊതുബോധ്യ'ങ്ങളോട് ചേർന്നു നിൽക്കേണ്ട ഉത്തരവാദിത്തം മുസ്ലിമിനെ കടുത്ത ആന്തരിക പ്രതിസന്ധിയിലകപ്പെടുത്തുന്നു.
നിസ്വാർഥവും സത്യസന്ധവുമായ നിലപാടുകൾപോലും തീവ്രവാദിയെന്നോ രാജ്യദ്രോഹിയെന്നോ ഉള്ള ചാപ്പകുത്തലിലേക്ക് നയിച്ചേക്കാമെന്ന ഭയത്തിൽനിന്ന് ഉൽപന്നമാകുന്ന ജാഗ്രതയിലാണ് മുസ്ലിമിെൻറ കല-സാംസ്കാരിക വ്യവഹാരങ്ങൾപോലും നിർണയിക്കപ്പെടുന്നത്. പൊതുവേദിയിൽ നിലവിളക്കു കൊളുത്തിയ ശേഷം, അത് ചെയ്യാതിരിക്കാനുള്ള പി.കെ. അബ്ദുറബ്ബിെൻറ ഭരണഘടനാനുസൃതമായ സ്വയം നിർണയാവകാശത്തോട് കലഹിച്ച മമ്മൂട്ടിയെ അതിനു പ്രേരിപ്പിച്ചത് ഈ ആന്തരിക പ്രതിസന്ധിയാണ്. ഇത്തരം വ്യാജ പൊതുബോധ നിർമിതികളോട് സധൈര്യം കലഹിക്കുന്നു എന്നതാണ് 'ഹലാൽ ലൗ സ്റ്റോറി' എന്ന സിനിമയുടെ രാഷ്ട്രീയപ്രസക്തി.
'സുഡാനി ഫ്രം നൈജീരിയ'ക്കു ശേഷം സക്കരിയ സംവിധാനം ചെയ്ത സിനിമയാണ് 'ഹലാൽ ലൗ സ്റ്റോറി'. മലപ്പുറം എന്ന ദേശത്തെയും അവിടത്തെ മനുഷ്യരെയും മാനവികതയെ മുൻനിർത്തി സുതാര്യമായി അവതരിപ്പിക്കുന്നതായിരുന്നു 'സുഡാനി'യുടെ പരിചരണരീതി. എന്നാൽ മലപ്പുറത്തിെൻറ സാമൂഹിക-സാംസ്കാരിക ജീവിതത്തിലെ സജീവ ധാരയായ ന്യൂനപക്ഷ രാഷ്ട്രീയത്തെ സിനിമ കളത്തിനു പുറത്തു നിർത്തി. രാഷ്ട്രീയം പറയുന്ന മുസ്ലിം 'സുഡാനി'യിൽ സാന്നിധ്യമറിയിക്കുന്നില്ല. മുഖ്യധാര മലയാള സിനിമ നിർമിച്ചെടുത്ത മലപ്പുറം എന്ന അപരത്തെ (ബോംബ്, കള്ളപ്പണം, തീവ്രവാദം, വർഗീയത) ലളിതമായ ഗ്രാമീണ ജീവിത കാഴ്ചകളിലൂടെ തിരുത്താനുള്ള ശ്രമമായിരുന്നു 'സുഡാനി ഫ്രം നൈജീരിയ'. സവർണഹൈന്ദവ ചിഹ്നങ്ങളാൽ നിറഞ്ഞ കാഴ്ചകളിൽ നിന്നു കുതറിമാറി പുതുതലമുറ മലയാള ജനപ്രിയ സിനിമ നടത്തിയ ബഹുസ്വരമായ പ്രാദേശികാന്വേഷണങ്ങളുടെ തുടർച്ചകൂടിയായിരുന്നു അത്. 'ഹലാൽ ലൗ സ്റ്റോറി'യിലെത്തുമ്പോൾ ന്യൂനപക്ഷ രാഷ്ട്രീയ പരിസരത്തിെൻറ കൃത്യമായ സാന്നിധ്യം സിനിമയിലുണ്ട്.
ദൃശ്യസൂചനകളിലും വ്യവഹാരങ്ങളിലും ഇത് പ്രകടമാണ്. 'സംഘടന' എന്ന സർവനാമത്തിലൂടെ സിനിമ വിവക്ഷിക്കുന്നത് 'ജമാ അത്തെ ഇസ്ലാമി'യെയാണ്. പാരിസ്ഥിതിക രാഷ്ട്രീയ വിഷയങ്ങളിലുള്ള ഇടപെടൽ, സാമ്രാജ്യത്വവിരുദ്ധ സമരങ്ങൾ, കലാവേദി, സ്ത്രീകൾകൂടി അംഗങ്ങളായ കമ്മിറ്റികൾ, കേഡർ സ്വഭാവം തുടങ്ങിയ പ്രത്യക്ഷസൂചനകൾ സംഘടന എന്നതിനു പകരം ജമാഅത്തെ ഇസ്ലാമി എന്നുതന്നെ 'കേൾക്കാൻ' പ്രേക്ഷകരെ പ്രേരിപ്പിക്കുന്ന വിധത്തിൽ ബോധപൂർവം നിബന്ധിച്ചിരിക്കുന്നു. മലയാള സിനിമയിലെ മുസ്ലിം ജീവിത പരിസര കാഴ്ചയെ പുതിയൊരു തലത്തിലേക്ക് പരിവർത്തിപ്പിക്കുന്നതാണ് 'ഹലാലി'ലെ സംഘടനാ പ്രവർത്തനങ്ങളുമായി ബന്ധപ്പെട്ട ദൃശ്യങ്ങൾ.
വായിക്കുകയും ഗൗരവമായി സിനിമ കാണുകയും ചിന്തിക്കുകയും രാഷ്ട്രീയപ്രവർത്തനം നടത്തുകയും ചെയ്യുന്ന മുസ്ലിം ജീവിതപരിസരം ഏറെയൊന്നും മലയാളസിനിമയിൽ അടയാളപ്പെട്ടിട്ടില്ല. മുഖ്യധാരാ രാഷ്ട്രീയ സിനിമകൾ മുന്നണി രാഷ്ട്രീയത്തിെൻറ ഭാഗമായ, മലബാറിലെ മുസ്ലിം നേതാക്കളെ പ്രതിക്കൂട്ടിലോ കോമാളിക്കൂട്ടത്തിലോ ചേർത്തു നിർത്തി. ബൗദ്ധികജീവിതമുള്ള മുസ്ലിമിനെ തീവ്രവാദത്തോട് കണ്ണിചേർത്തു നിർത്തുന്ന നിലയും പലസിനിമകളിലും കാണാം.
ഷാജി കൈലാസിെൻറ 'ബാബാ കല്യാണി'യിൽ 'ഹലാലി'ലെ നായകനായ ഇന്ദ്രജിത്ത് തന്നെ അത്തരമൊരു വേഷത്തിൽ അഭിനയിച്ചിട്ടുമുണ്ട്. ശ്രീനാരായണഗുരു ഓപൺ യൂനിവേഴ്സിറ്റിയുടെ വി.സിആയി നിയമിക്കപ്പെട്ട മുബാറക് പാഷക്കെതിരായി നടന്ന പ്രചാരണങ്ങളിലും മുസ്ലിമിെൻറ ബൗദ്ധികജീവിതത്തെ പ്രതിലോമകരമായി വിനിമയം ചെയ്യുന്ന പ്രവണത കാണാം. 'ഹലാൽ ലൗ സ്റ്റോറി' മതബോധത്തെ ഒളിച്ചു കടത്തുകയും സ്ഥാപിച്ചെടുക്കയും ചെയ്യുന്ന സിനിമയാണ് എന്ന നിലയിൽ സോഷ്യൽ മീഡിയയിൽ നടക്കുന്ന ചർച്ചകൾ, മുസ്ലിമിെൻറ ബൗദ്ധിക ജീവിതപരിസരത്തെ നാടിെൻറ ബൗദ്ധിക ജീവിതധാരയുടെ ഭാഗമായി അംഗീകരിക്കാനുള്ള വൈമനസ്യത്തിൽ നിന്ന് ഉൽപന്നമാകുന്നതാണ്.
2001 സെപ്റ്റംബർ 11ന് നടന്ന വേൾഡ് ട്രേഡ് സെൻറർ ആക്രമണത്തെ തുടർന്ന് 2003 മുതൽ ആരംഭിച്ച അമേരിക്ക- ഇറാഖ് യുദ്ധം, പ്ലാച്ചിമടയിൽ 2002ൽ ആരംഭിച്ച കൊക്കക്കോള വിരുദ്ധ സമരം എന്നിവയോടുള്ള 'സംഘടന'യുടെ പ്രതികരണങ്ങൾ ചിത്രത്തിലെ കഥാഗതിക്ക് അടിപ്പടവായി വർത്തിക്കുന്നു. അമേരിക്കൻ പ്രസിഡൻറിെൻറ കോലം കത്തിക്കൽ, കലാവേദിയുടെ സാമ്രാജ്യത്വവിരുദ്ധ തെരുവു നാടകങ്ങൾ, കവി സമ്മേളനങ്ങൾ, കൊക്കക്കോള വിരുദ്ധ പോസ്റ്ററുകൾ തുടങ്ങിയവയിലൂടെ 'സംഘടന' നടത്തുന്ന വ്യവഹാരങ്ങളുടെ ദൃശ്യപരിസരം ജമാ അത്തെ ഇസ്ലാമിയുടെയും ഇതര സംഘടനകളുടെയും നേതൃത്വത്തിൽ കേരളത്തിൽ നടന്ന സമാന്തര രാഷ്ട്രീയപ്രവർത്തനത്തിെൻറ കഴിഞ്ഞകാലങ്ങളെ ഓർമിപ്പിക്കുന്നു.
മുഖ്യധാരാ പ്രസ്ഥാനങ്ങൾക്ക് പങ്കിട്ടെടുക്കാനുള്ളതാണ് കേരളത്തിെൻറ സമരചരിത്രം എന്നു വിശ്വസിക്കുന്നവരെ ഇത് അലോസരപ്പെടുത്തുകതന്നെ ചെയ്യും. ദലിത്, ആദിവാസി, ന്യൂനപക്ഷ വിഭാഗങ്ങൾക്കിടയിൽ ഭൂമി, പരിസ്ഥിതി തുടങ്ങിയ വിഷയങ്ങളുമായി ബന്ധപ്പെട്ട് രൂപപ്പെടുന്ന സംഘടിത സമരങ്ങളെയും സാമ്രാജ്യത്വവിരുദ്ധ നിലപാടുകളെയും സ്വത്വരാഷ്ട്രീയ ചിന്തകളെയും ഇസ്ലാമിക തീവ്രവാദത്തോടും നക്സലിസത്തോടും കണ്ണി ചേർക്കാനുള്ള ശ്രമങ്ങൾ മുഖ്യധാരാ മുന്നണികളും അവർ നയിക്കുന്ന സർക്കാറുകളും പലപ്പോഴും നടത്തിയിട്ടുണ്ട് എന്നോർക്കണം.
ഈ സാഹചര്യത്തിൽ ഒരു മലയാള സിനിമ ബൗദ്ധിക മുസ്ലിം ജീവിത പരിസരത്തോട് ചേർത്തുനിർത്തി പാരിസ്ഥിതിക രാഷ്ട്രീയത്തിെൻറയും സാമ്രാജ്യത്വ വിരുദ്ധസമരത്തിെൻറയും ചരിത്രത്തെ അവതരിപ്പിക്കുന്നു എന്നത് ശ്രദ്ധേയമാണ്. മലയാളസിനിമയുടെ രാഷ്ട്രീയ ദൃശ്യഭൂപടത്തിലുണ്ടാവേണ്ട അനിവാര്യമായ തിരുത്തൽതന്നെയാണ് സക്കരിയ നിർവഹിക്കുന്നത്. 'സുഡാനി'ക്കു ലഭിച്ച 'പൊതു സ്വീകാര്യത' 'ഹലാലി'ന് സിദ്ധമാകാതെ പോകുന്നതും ഇക്കാരണത്താലാണ്.
മതസ്വത്വം കലാകാരനിൽ സൃഷ്ടിക്കുന്ന ആന്തരിക സംഘർഷങ്ങളെ മതനിഷേധത്തിെൻറ സ്ഥിരം ലളിതയുക്തികൾക്കുപരിയായി നിന്ന് നർമാത്മകമായി പരിചരിക്കുന്നു എന്നതാണ് 'ഹലാൽ ലൗ സ്റ്റോറി'യെ വ്യതിരിക്തമാക്കുന്ന മറ്റൊരു ഘടകം. സംവിധായകനും തിരക്കഥാകൃത്തുമുൾെപ്പടെ ഈ ചലച്ചിത്രകൂട്ടായ്മക്കു പിന്നിൽ പ്രത്യക്ഷമായും പരോക്ഷമായും പ്രവർത്തിച്ച പലരും, മതവും സിനിമയും മുഖാമുഖം നിൽക്കുമ്പോൾ സംജാതമാകുന്ന പ്രതിസന്ധിയെ അഭിമുഖീകരിച്ചവരാണ്.
കല മതത്തിൽ ഇടപെടാനും നവീകരിക്കാനും ശേഷിയുള്ള മാധ്യമമാണ് എന്ന തിരിച്ചറിവ് മതനിഷേധത്തിൽനിന്നു മാത്രമേ ഉൽപന്നമാവുകയുള്ളൂ എന്ന സാമാന്യധാരണയെ ചിത്രം സൗമ്യമായി തിരസ്കരിക്കുന്നു. ഇസ്ലാമിക മതബോധ്യങ്ങളിൽ അധിഷ്ഠിതമായി പ്രവർത്തിക്കുന്ന സംഘടനയിൽ അംഗങ്ങളായ തൗഫീക്കും റഹീമും ഷെരീഫും കൂട്ടുകാരും സംഘടനയുടെ അനുമതിയോടെ ടെലിഫിലിം നിർമിക്കാൻ ഇറങ്ങിപ്പുറപ്പെടുന്നതും പ്രതിസന്ധികളെ സംഘർഷരഹിതമായി അതിജീവിച്ച് അവർ സിനിമ പൂർത്തിയാക്കുന്നതുമാണ് 'ഹലാൽ ലൗ സ്റ്റോറി'യുടെ ഇതിവൃത്തം.
ദീനിബോധം(ഉത്തമമായ മതബോധ്യം) ഉള്ളവരാണ് അവർ. സലാം പറയുന്നവർ, സലാം മടക്കുന്നവർ, ഇൻഷാ അല്ലാഹ് എന്ന് കൂടക്കൂടെ പറയുന്നവർ, കൃത്യമായി നിസ്കരിക്കുന്നവർ, പലിശക്കാശ് സ്വീകരിക്കാത്തവർ, സ്ത്രീകളിലെല്ലാവരും ശിരോവസ്ത്രമണിയുന്നവർ എന്നിങ്ങനെ മതചിഹ്നങ്ങളെയും സ്വത്വത്തെയും ഉപേക്ഷിക്കാതെയാണ് 'ഹലാലായ സിനിമ' സാക്ഷാത്കരിക്കാൻ അവർ ഇറങ്ങിപ്പുറപ്പെടുന്നത്. എന്നാൽ തങ്ങൾ മതത്തിെൻറ പേരിൽ പിൻപറ്റുന്ന പല ബോധ്യങ്ങളും കലയുടെ മുന്നിൽ വെല്ലുവിളി നേരിടുന്നത് ഈ ചലച്ചിത്ര യാത്രക്കിടയിൽ തൗഫീക്കും സംഘവും തിരിച്ചറിയുന്നുമുണ്ട്.
നായകെൻറ ഭാര്യയായി യഥാർഥ ഭാര്യ തന്നെ അഭിനയിക്കണം എന്ന തീരുമാനത്തിൽ, പ്രഫഷണൽ നടീനടന്മാർ ഇടകലർന്ന് അഭിനയിക്കാതിരിക്കാനുള്ള ശ്രമങ്ങളിൽ, അവസാനത്തെ 'ഹലാൽ കട്ടി'ൽ എല്ലാം വിമർശനാത്മകമായ നിലപാട് പ്രകടമാണ്. സിനിമ മതത്തെ 'ട്രോളുന്നതു' പോലെ തോന്നുന്ന സന്ദർഭങ്ങളിൽ ഏറ്റവും പ്രധാനം സിനിമക്കുള്ളിലെ സിനിമയിലെ ആലിംഗനവുമായി ബന്ധപ്പെട്ട പ്രതിസന്ധിയാണ്. ഭാര്യയും ഭർത്താവുമാണ് നായികാ നായകന്മാരായി അഭിനയിക്കുന്നതെങ്കിലും ആലിംഗനം സംഘടനയുടെ മതബോധ്യങ്ങൾക്കു വിരുദ്ധമാകുമോ എന്ന് തൗഫീക്ക് സംശയിക്കുന്നു. ടെലിഫിലിമിെൻറ പൂർത്തീകരണത്തിന് തടസ്സം നിൽക്കുന്ന ഈ പ്രതിസന്ധിയെ 'ഹലാൽ കട്ട്' എന്ന സാങ്കേതികമായി വിശദീകരണക്ഷമമല്ലാത്ത ഇടപെടലിലൂടെ മറികടക്കുന്നത് ഛായാഗ്രാഹകനാണ്.
അതുവഴി തൗഫീക്കിന് ലഭിക്കുന്ന വിശ്വാസപരമായ ആശ്വാസം നിഷേധത്തിനപ്പുറം സമന്വയത്തിെൻറ യുക്തിയെ മുന്നോട്ടു വെക്കുന്നു. ഹറാമിനും ഹലാലിനും ഇടയിലുള്ള ദൂരപരിധിയിലെ സമസ്യകളെ കലയെ മുൻനിർത്തി സരസമായി ചർച്ച ചെയ്യുകയാണ് സക്കരിയ എന്ന ചലച്ചിത്രകാരൻ. സംഘടനക്കാരുടെ മതാത്മകമായ ബോധ്യങ്ങളെ തള്ളിക്കളയാതെ ചില വിട്ടുവീഴ്ചകൾക്ക് ടെലിഫിലിമിെൻറ സംവിധായകൻ, വിശ്വാസിയല്ലാത്ത സിറാജ് തയാറാകുന്നുണ്ട്. എന്നാൽ സിനിമ 'അപകടത്തിലാവും' എന്ന ഘട്ടത്തിൽ സിറാജ് ഒത്തുതീർപ്പുകൾക്ക് വഴങ്ങുന്നുമില്ല. അത്തരം സന്ദർഭങ്ങളിൽ സിറാജിന് വഴങ്ങാൻ തൗഫീക്കും കൂട്ടരും നിർബന്ധിതരാകുന്നു. ഇസ്ലാംമതവും സിനിമയും തമ്മിൽ യോജിക്കാവുന്ന ഇടങ്ങൾ അസാധ്യമാണെന്ന മുൻവിധിയെ തകർത്തുകൊണ്ട് സിനിമ മതത്തിലേക്ക് പ്രവേശിക്കുന്നു. ഈ പ്രവേശം രാഷ്ട്രീയമാനമുള്ള സാംസ്കാരിക പ്രക്രിയയാണ്. രണ്ടു ധ്രുവങ്ങളിലായി നിൽക്കുന്ന മതവും സിനിമയും പരസ്പരപൂരകമാവുന്നില്ല; സാമൂഹിക പുരോഗതിയിൽ ഇടപെടുന്നില്ല. എന്നാൽ അവ തമ്മിൽ അടുക്കുമ്പോൾ ആത്യന്തികമായി നവീകരിക്കപ്പെടുന്നത് വിശ്വാസിയായ മനുഷ്യനാണ്.
ജാതിയെ റദ്ദ് ചെയ്തപ്പോഴും കേരളത്തിെൻറ സാമൂഹിക നവോത്ഥാന മുന്നേറ്റങ്ങൾ മതത്തെ നിഷേധിച്ചിരുന്നില്ല. മതനിരാസത്തിലായിരുന്നില്ല അതിെൻറ ഊന്നൽ. ദൈവകേന്ദ്രിതമായ ബദൽ ചിന്താപദ്ധതിയായാണ് കേരളീയ നവോത്ഥാനം അസമത്വങ്ങളെയും അനീതികളെയും എതിർത്തത്. ''ഞാൻ പ്രതിഷ്ഠിച്ചത് ഈഴവ ശിവനെയാണ്'' എന്നു പ്രഖ്യാപിച്ച ഗുരുദേവൻ ഈശ്വരൻ, പ്രതിഷ്ഠ, ശിവൻ എന്നീ സങ്കൽപങ്ങളെയൊന്നും ചോദ്യം ചെയ്തില്ല. പ്രതിഷ്ഠ നടത്താനുള്ള ജനാധിപത്യപരമായ അവകാശത്തിനുവേണ്ടിയാണ് അദ്ദേഹം സംസാരിച്ചത്. മതത്തെ ഈ വിധത്തിൽ ജനാധിപത്യ പരിശോധനക്കു വിധേയമാക്കിയതിെൻറ ഫലമാണ് നവോത്ഥാന കേരളം. മതനിഷേധത്തിലൂടെ ഉരുവമെടുക്കേണ്ടതാണ് മനുഷ്യനവീകരണം എന്ന വാശിയുള്ളവർക്ക് ഈ ജനാധിപത്യ വ്യവഹാരത്തിെൻറ രാഷ്ട്രീയത്തെ തിരിച്ചറിയാനാവില്ല.
സക്കരിയയുടെ സിനിമയെ മതത്തിെൻറ കുറ്റിയിൽ കെട്ടിയ പശുവായി കാണുന്നവർ ഇക്കൂട്ടരാണ്. മതത്തിനുള്ളിൽ ജനാധിപത്യപരമായ ഒരിടം സിനിമക്കു കൂടി നേടിയെടുക്കാനുള്ള പരിശ്രമമായി തൗഫിക്കിെൻറയും കൂട്ടരുടെയും ചലച്ചിത്രനിർമാണ ശ്രമത്തെ വായിച്ചെടുക്കാം. ഹറാമിൽ നിന്ന് ഹലാലിലേക്കുള്ള ഈ മാറ്റം ഒറ്റയടിക്ക് നിർവഹിക്കാവുന്ന സാമൂഹിക പ്രക്രിയയല്ല. രണ്ടായിരത്തിെൻറ ആദ്യദശകങ്ങളെ മുൻനിർത്തി ആ പ്രക്രിയയുടെ തുടക്കകാലത്തെയാണ് സ്വാനുഭവങ്ങളുടെ വെളിച്ചത്തിൽ സക്കരിയയും കൂട്ടരും അവതരിപ്പിക്കുന്നത്. അവിടെനിന്ന് സിനിമയും മുസ്ലിം ജീവിതവും ഒരുപാട് മുന്നേറി. ആ നിലയിൽ പരിശോധിച്ചാൽ സിനിമയെ നെഞ്ചോടു ചേർത്ത, രാഷ്ട്രീയബോധ്യമുള്ള കുറേയേറെ മുസ്ലിം ചെറുപ്പക്കാരുടെ ഗൃഹാതുരമായ തിരിഞ്ഞുനോട്ടമാണ് 'ഹലാൽ ലൗ സ്റ്റോറി' എന്നു കാണാം. തങ്ങൾ അനുഭവിച്ച സംഘർഷങ്ങളെ സ്വയം വിമർശനാത്മകമായും നർമാത്മകമായും ആവിഷ്കരിക്കാനുള്ള അവരുടെ ശ്രമം പുനരുത്ഥാനവാദമായി തെറ്റിവായിക്കുന്നത് അനുചിതമാണ്. വിശ്വാസികളും ചിന്താശേഷിയുള്ളവരുമായ മുസ്ലിംകളുടെ വ്യവഹാരങ്ങൾ 'അഗ്നിപരീക്ഷ' നേരിടേണ്ടി വരുന്നത് എന്തു നീതിയാണ്?
മതപരമായ വിലക്കുകളിൽ നിന്നുകൊണ്ട് സിനിമയെടുക്കാനുള്ള ശ്രമങ്ങളുടെ ആവിഷ്കാരം പരിഹാസ്യമാണ് എന്ന വാദവും ഇതിനിടയിൽ ഉയർന്നുകഴിഞ്ഞു. സിനിമ സ്വാതന്ത്ര്യത്തിെൻറ ആഘോഷമാകണമെന്നും അത് അരുതുകളുടെ അതിരുകൾക്കുള്ളിൽ നിന്ന് നിർവഹിക്കേണ്ട സർഗാത്മക പ്രവർത്തനമല്ലെന്നുമാണ് ഇക്കൂട്ടരുടെ വാദം. ഇത്തരം യുട്ടോപ്യൻ സ്വാതന്ത്ര്യവാദത്തിനുള്ള ലളിതവും സുന്ദരവും സരസവുമായ മറുപടിയാണ് സക്കരിയയുടെ സിനിമ. വിലക്കുകൾക്കുള്ളിൽനിന്നും നല്ല സിനിമ സാധ്യമാക്കാനുള്ള മോഹമാണ് തൗഫീക്കിനെയും കൂട്ടരെയും നയിക്കുന്നത്. അത് അവരുടെ ജനാധിപത്യപരമായ അവകാശമാണ്. അപ്പോൾ ആലിംഗനമാണ് പ്രതിബന്ധമായി നിൽക്കുന്നതെങ്കിൽ അതിനെപ്രതി അവരനുഭവിക്കുന്ന സംഘർഷം പുരോഗമന നാട്യങ്ങളുടെ പേരിൽ വില കുറച്ചു കാണേണ്ട ഒന്നല്ല.
ലോകസിനിമയുടെ വീക്ഷണകോണിൽ മലയാളസിനിമയിലേക്ക് നോക്കിയാൽ നമ്മുടെ ചലച്ചിത്രകാരന്മാർക്ക് സ്ത്രീ-പുരുഷ ബന്ധ ചിത്രീകരണത്തിൽ എന്തു സ്വാതന്ത്ര്യമാണുള്ളത്. കഥാഗതിയിൽ എത്രമാത്രം അനിവാര്യമാണെങ്കിലും ആലിംഗനത്തിനും ചുംബനത്തിനുമപ്പുറം അത് എവിടേക്ക് 'പുരോഗമിക്കും'. ഫുട്ബാൾ കളികാണാൻ സ്ത്രീകൾക്ക് പ്രവേശനമില്ലാതിരുന്ന ഇറാനിൽ അമേരിക്ക-ഇറാൻ മത്സരം കാണാൻ ഏതാനും സ്ത്രീകൾ നടത്തുന്ന ശ്രമം ആവിഷ്കരിക്കുന്ന 'ഓഫ് സൈഡ്' എന്ന സിനിമ കാണുന്ന മലയാളി, ഞങ്ങളുടെ നാട്ടിലൊന്നും ഇത്തരം വിലക്കുകളില്ല ഇതൊക്കെ എന്തുപ്രമേയമാണ് എന്നു ചോദിക്കുന്നതുപോലെ അസംബന്ധമാണ് 'ആലിംഗനം' ഇത്ര വലിയ വിഷയമാണോ എന്ന ചോദ്യവും.
ചലച്ചിത്രകാരനെന്നല്ല ഏതു കലാകാരനെയും സംബന്ധിച്ച് അരുതുകൾ സൃഷ്ടിക്കുന്ന സംഘർഷം സർഗാത്മക പ്രതിസന്ധി തന്നെയാണ്. മതമോ, രാഷ്ട്രാധികാരമോ, പരമ്പരാഗത ബോധ്യങ്ങളോ ഒക്കെ അതിനു കാരണമാകാം. നിരാസം മാത്രമല്ല സമന്വയവും ഈ സംഘർഷത്തെ മറികടക്കാൻ പ്രതിഭാശാലികൾ തിരഞ്ഞെടുക്കുന്ന വഴിയാണ്. അത്തരമൊരു കലാപരിശ്രമത്തിെൻറ നർമരസപ്രധാനമായ ഗൃഹാതുര ചലച്ചിത്രഭാഷ്യമാണ് 'ഹലാൽ ലൗ സ്റ്റോറി'. റഹീമിെൻറയും കുടുംബത്തിെൻറയും നിസ്കാരത്തിൽ നിന്ന്, സമീപത്തെ ടെലിവിഷനിൽ പ്രദർശിപ്പിച്ചുകൊണ്ടിരിക്കുന്ന അവരുടെ 'ഹലാൽ സിനിമ'യിലേക്ക് കേന്ദ്രീകരിക്കുന്ന അവസാന ദൃശ്യം ചിത്രത്തിെൻറ സമന്വയ രാഷ്ട്രീയപദ്ധതിയെ സുവ്യക്തമായി വിനിമയം ചെയ്യുന്നു.
(മാധ്യമം ആഴ്ചപ്പതിപ്പിൽ പ്രസിദ്ധീകരിച്ചത്)
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.