കുടുംബചിത്രങ്ങളുടെ ഹിറ്റ്മേക്കറായ ജിസ് ജോയ് സിനിമയിൽ തന്റേതായ ഒരിടം കണ്ടെത്തിയ വ്യക്തിയാണ്. ഫീൽഗുഡ് സിനിമകളുടെ സംവിധായകൻ എന്നു തന്നെയാണ് അദ്ദേഹത്തിന്‍റെ മേൽവിലാസവും. എന്നാൽ പതിവ് ഫോർമാറ്റിൽ നിന്ന് വ്യത്യസ്തമായി ഹോസ്റ്റേജ് ത്രില്ലർ വിഭാഗത്തിലുള്ള സിനിമയായ 'ഇന്നലെ വരെ'യാണ് ജിസ് ജോയ് പ്രേക്ഷകർക്കായി ഇത്തവണ ഒരുക്കാൻ ശ്രമിച്ചിരിക്കുന്നത്.
സോണിലിവിലാണ് സിനിമ റിലീസ് ചെയ്തിരിക്കുന്നത്. ബോബി-സഞ്ജയ് ആണ് കഥ. ആസിഫ് അലി, നിമിഷ സജയൻ, ആന്റണി പെപ്പെ എന്നിവരാണ് ചിത്രത്തിൽ കേന്ദ്ര കഥാപാത്രങ്ങളായി എത്തിയിരിക്കുന്നത്. ആസിഫ് അലി - ജിസ്ജോയ് കൂട്ടുകെട്ടിൽ പിറന്ന സൺഡേ ഹോളിഡേ, വിജയ് സൂപ്പറും പൗർണമിയും തുടങ്ങിയവയിൽ ആസിഫലിക്ക് ലഭിച്ച കഥാപാത്രങ്ങളിൽ നിന്നും വ്യത്യസ്തമായി ഇത്തവണ ആദി ശങ്കർ എന്ന നെഗറ്റീവ് ഷേഡുള്ള കഥാപാത്രമായാണ് ആസിഫ് അലിയെ ജിസ് ജോയ് അവതരിപ്പിച്ചിരിക്കുന്നത്.
തുടർച്ചയായി തന്റെ മൂന്നു സിനിമകളും പരാജയപ്പെട്ടു നാലാമതായി പുറത്തിറങ്ങുന്ന, സ്വയം നിർമിച്ച സയൻസ് ഫിക്‌ഷൻ സിനിമയുടെ അണിയറ പ്രവർത്തനങ്ങളുമായി മുന്നോട്ടു പോകുകയാണ് ആദി ശങ്കർ എന്ന നടൻ.
അയാൾക്ക് സാമ്പത്തിക പ്രതിസന്ധികളുണ്ട്. സിനിമയും പരസ്യവും എല്ലാം അയാളുടെ ജീവിതോപാധിയായി മാറുമ്പോഴും അയാൾക്ക് അയാളുടേതായ ഈഗോകളും അതുമൂലമുണ്ടാകുന്ന ശത്രുക്കളും ചുറ്റുമുണ്ട്. യാതൊരുവിധ സമാധാനവുമില്ലാത്ത ജീവിതം നയിക്കുമ്പോഴും അയാളെ ആത്മാർഥമായി സ്നേഹിക്കാൻ കാമുകിയും അതോടൊപ്പം മുൻ ചലച്ചിത്ര താരമായ ഒരു നായികയുമായി പുറംലോകം അറിയാത്ത രഹസ്യബന്ധവുമുണ്ട്. കരിയറിൽ നഷ്ടങ്ങൾ കൊണ്ട് അയാൾ തകർച്ചയിലേക്ക് കൂപ്പുകുത്തുന്ന അതേ ആ സാഹചര്യത്തിൽ തന്നെയാണ് ഷാനിയെന്നും ശരത്തെന്നും പേരുള്ള രണ്ട് പേർ അയാളെ ബന്ധനസ്ഥനാക്കുന്നത്.
ഒട്ടും പരിചയമില്ലാത്ത രണ്ടുപേർ ആധുനിക സാങ്കേതികവിദ്യയുടെ സഹായത്തോടെ അയാളെ തടവിലാക്കി 'ഒന്നരക്കോടി രൂപ നൽകിയാൽ വെറുതെ വിടാം' എന്ന ഉടമ്പടി മുമ്പോട്ട് വയ്ക്കുന്നു. എന്നാൽ അതു മാത്രമായിരുന്നോ ആ ബന്ധിയാക്കലിന് കാരണം എന്നു ചോദിച്ചാൽ അത് മാത്രമല്ല, അതിനപ്പുറവുമുണ്ട്. ഇന്നലെ വരെ കണ്ടതല്ല യാഥാർത്ഥ്യം എന്നാണ് ചിത്രം പറഞ്ഞുവെയ്ക്കുന്നത്.
ആന്‍റണി വർഗീസ് ഇതുവരെ കൈകാര്യം ചെയ്തിട്ടുള്ള വേഷങ്ങളിൽ നിന്നും വ്യത്യസ്തമാണ് ഈ ചിത്രത്തിലെ കഥാപാത്രം. പതിവ് സിനിമകൾ പോലെ സംഘട്ടനരംഗങ്ങൾ ഒന്നുംതന്നെ ആന്റണിക്ക് ഇവിടെ ഇല്ല. പകരം നിമിഷ സജയനും ആസിഫ് അലിയും തമ്മിലാണ് ഇവിടെ സംഘട്ടനം ഉണ്ടാകുന്നത്. ഒരു ശരാശരി പ്രേക്ഷകനു ഊഹിക്കാൻ കഴിയുന്ന ട്വിസ്റ്റുകൾ തന്നെയേ ഇവിടെ ഉള്ളൂ എന്നതാണ് ചിത്രത്തിന്റെ വലിയ പരിമിതി. എന്നാൽ, പ്രേക്ഷകനെ എൻഗേജിങ് ആക്കി ഇരുത്താൻ സാധിക്കുന്നു എന്നതാണ് സിനിമ നൽകുന്ന ത്രില്ലിങ് അനുഭവം.
ത്രില്ലർ സ്വഭാവത്തെ ഉൾക്കൊണ്ട ഛായാഗ്രഹണവും പശ്ചാത്തല സംഗീതവും ചിത്രത്തിന്‍റെ നിലവാരം പുലർത്തി. ഫോൺകോളുകളും വാട്സപ്പ് സന്ദേശങ്ങളും ഉപയോഗിച്ചുള്ള പുതിയ തരാം ട്രാപ്പിങ് മലയാളി പ്രേക്ഷകർക്ക് വ്യത്യസ്തമായ കാഴ്ചാനുഭവമാകുന്നു. ആസിഫ് അലിയും ആന്റണിയും തങ്ങളുടെ കഥാപാത്രങ്ങൾ മികച്ച രീതിയിൽ ചെയ്യുമ്പോഴും തുടക്കത്തിൽ ആദി എന്ന താരത്തിന്റെ ആരാധികയായും പിന്നീട് നിഗൂഢതകളിലേക്കും കയറിച്ചെല്ലുന്ന നിമിഷയുടെ കഥാപാത്രം പ്രകടനം കൊണ്ട് മുന്നിട്ട് നിൽക്കുന്നു. അധികം ബഹളങ്ങൾ ഇല്ലാത്ത ഒരു ശരാശരി ത്രില്ലർ സിനിമയാണ് ഇന്നലെ വരെ. എന്നാൽ ത്രില്ലർ എന്ന് പറയുമ്പോഴും ക്‌ളൈമാക്സിനോട് അടുക്കുമ്പോൾ മാനവ നന്മ ലക്ഷ്യം വെക്കുന്ന ഒരു കുഞ്ഞു ജിസ് ജോയ്-ഫീൽ ഗുഡ് ചിത്രമാകുന്നുണ്ട് ഇന്നലെ വരെ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.