ഇന്റർസ്റ്റെല്ലർ: തമോഗർത്തങ്ങളിലേക്ക് ദൃശ്യപ്രയാണം

അച്ഛൻ-മകൾ ബന്ധത്തിന്റെ തീവ്ര സ്നേഹത്തെ മനോഹരമായി ചിത്രീകരിച്ച സയൻസ് ഫിക്ഷൻ ചലച്ചിത്രാനുഭവമാണ് ക്രിസ്റ്റഫർ നോളന്റെ ‘ഇന്റർസ്റ്റെല്ലർ’. ഇംഗ്ലീഷ് ഭാഷയിൽ 2014ൽ ഇന്ത്യയിൽ റിലീസ് ചെയ്ത ഈ ചിത്രം മികച്ച അഭിപ്രായമാണ് നിരൂപകരിൽനിന്ന് നേടിയത്. സിനിമയുടെ സംഭാഷണത്തിലെ ഭൂരിപക്ഷവും എയ്റോനോട്ടിക്സ് സാ​ങ്കേതികപദങ്ങളും പ്രേക്ഷകന് അത്രക്കൊന്നും പരിചിതമല്ലാത്ത കഥാപരിസരവും ആയിട്ടുപോലും​ ​അഴിഞ്ഞുപോകാത്ത വൈകാരിക കെട്ടുറപ്പിൽ രൂപപ്പെടുത്തിയെടുത്തൊരു ദൃശ്യഭാഷയാണ് ‘ഇന്റർസ്റ്റെല്ലർ’. ജീനുകളോടൊപ്പം ആത്മാവിനെയും പങ്കിട്ട രണ്ടു പേർ. അതായിരുന്നു ‘ഇന്റർസ്റ്റെല്ലറി’ലെ അച്ഛനും മകളും. അന്വേഷണത്വരയും ചോദ്യങ്ങളും ജന്മസിദ്ധമായി ലഭിച്ച മകൾ മർഫിയുടെ വിവിധ പ്രായത്തെ മകിൻസി ഫോയ്, ജെസീക ചസ്റ്റയിൻ, എലൻ ബർസ്റ്റിൻ എന്നിവരും കൂപ്പർ എന്ന അച്ഛനായി മാത്യു മക്കോനാഗെയും അഭിനയിക്കുന്നു. സ്പേസ് ദൗത്യത്തിനായി നാസ തിരഞ്ഞെടുക്കുന്ന ബഹിരാകാശ പേടകത്തിന്റെ പൈലറ്റ് കൂടിയാണ് കൂപ്പർ. 10 വയസ്സുകാരിയുടെ കൃത്യമായ ചോദ്യങ്ങൾ. ഒരിക്കൽപോലും മുഷിപ്പു കാണിക്കാതെ അതിനുത്തരം നൽകുന്ന പിതാവ്. സയൻസ് ഫിക്ഷൻ എന്ന ഒറ്റച്ചതുരത്തിൽ ഒതുങ്ങാതെ സെന്റിമെന്റ്സും ചതിയും പകയും സിനിമയിൽ കടന്നുവരുന്നു.

രഹസ്യങ്ങളും സാധ്യതകളും തേടി ഭൂമിക്കപ്പുറം സൗരയൂഥത്തിന്റെ അജ്ഞാതകോണിലേക്കുള്ള സാഹസികയാത്രയിൽ പ്രേക്ഷകനെയും സംവിധായകൻ കൂടെക്കൂട്ടുന്നു. നിരന്തരം മരിച്ചുകൊണ്ടിരിക്കുന്ന ഭൂമിക്കുപകരം മറ്റൊരു വാസസ്ഥലം കണ്ടെത്താൻ ശാസ്ത്രജ്ഞർക്കു കഴിയുമോ? മനുഷ്യരാശിയെ ആകമാനം രക്ഷപ്പെടുത്താൻ ഒരുകൂട്ടം പ്രതിഭാശാലികൾ നടത്തുന്ന ധീര ശ്രമമാണ് സിനിമ. വിരസമായിപ്പോകുമായിരുന്ന ഒരു ചലച്ചിത്രാനുഭവത്തെ കെട്ടുറപ്പുള്ള തിരക്കഥയിലൂടെ ക്രിസ്റ്റഫർ നോളൻ കുറ്റമറ്റതാക്കുന്നു. കാലവും സമയവും സവിശേഷ ശ്രദ്ധ ആകർഷിക്കുന്ന രീതിയിലാണ് കഥയിൽ കടന്നു വരുന്നത്. സ്​പേസിലെ ഒരുമണിക്കൂർ എന്നത് ഭൂമിയിലെ ഏഴു വർഷമാണ്. വിശ്രമമില്ലാത്ത ഓട്ടത്തിൽ വിവിധ പ്ലാനറ്റുകളിലൂടെയാണ് ശാസ്ത്രജ്ഞർ സഞ്ചരിക്കുന്നത്. വീണ്ടെടുപ്പില്ലാത്ത സമയക്രമത്തിന്റെ ടൈം ട്രാവൽ പാ​റ്റേൺ സിനിമയിൽ ഉപയോഗിച്ചതായി കാണാം.

അമേരിക്കൻ തിയറിറ്റിക്കൽ ഫിസിസിസ്റ്റ് ആയ കിപ് തോർണന്റെ സഹായത്തോടെയാണ് ക്രിസ്റ്റഫർ നോളൻ ‘ഇന്റർസ്റ്റെല്ലറി’ന്റെ കഥ പൂർത്തിയാക്കിയത്. ശാസ്ത്ര-സാ​ങ്കേതിക പദാവലികളും ആഖ്യാനവും ലളിതമായ രീതിയിൽ സംവിധാനിച്ചിരിക്കുന്നു. ആകാശരംഗങ്ങളും സ്‍പേസ് സ്റ്റേഷനും ബ്ലാക്ഹോൾസും മറ്റും ചിത്രീകരിച്ചിരിക്കുന്നത് അവിശ്വസനീയമാം വിധമാണ്. ശനിയുടെ അടുത്തുള്ള വേം ഹോളിലൂടെ സഞ്ചരിക്കുന്ന ബഹിരാകാശയാത്രികരുടെ രംഗമെല്ലാം ത്രില്ലിങ് ആയാണ് ചിത്രീകരിച്ചിരിക്കുന്നത്. സിനിമയുടെ തുടക്കത്തിൽ കാണിക്കുന്ന ചോളത്തോട്ടത്തിലൂടെ കാറോടിക്കുന്ന സീൻ ഷൂട്ട് ചെയ്യാൻമാത്രം നോളൻ സ്ഥലം വാങ്ങി ചോളകൃഷി നടത്തിയതായി റിപ്പോർട്ടുണ്ടായിരുന്നു. ​

സഹോദരനായ ജോനാഥൻ നോളനുമായി ചേർന്നാണ് ക്രിസ്റ്റഫർ നോളൻ തിരക്കഥ രചിച്ചത്. എമ്മ തോമസ്, ക്രിസ്റ്റഫർ നോളൻ എന്നിവർ ചേർന്നാണ് നിർമാണം. നോളന്റെ മിക്ക സിനിമകൾക്കും ഛായാഗ്രഹണം നിർവഹിച്ച ഹൊയ്തെ വാൻ ഹൊയ്തെമയാണ് ‘ഇന്റർസ്റ്റെല്ലറി’ന്റെയും കാമറ കൈകാര്യം ചെയ്തത്. ആനി ഹാത്ത് വേ, ബിൽ ഇർവിൻ, മാറ്റ് ഡാമൺ, മൈക്കിൾ കെയിൻ എന്നിവരും രണ്ട് റോബോട്ടുകളും സിനിമയിൽ വേഷമിട്ടിട്ടുണ്ട്. ഹാൻസ് സിമ്മറിന്റെ പശ്ചാത്തല സംഗീതം എടുത്തു പറയണം. നോളന്റ അഭിപ്രായത്തിൽ സിമ്മറിന്റെ ഏറ്റവും മികച്ച വർക്കുകളിലൊന്നാണ് ‘ഇന്റർസ്റ്റെല്ലർ’. നെറ്റ്ഫ്ലിക്സ്, ആമസോൺ പ്രൈം വിഡിയോ, ആപ്പിൾ ടി.വി, ജിയോ സിനിമ എന്നിവിടങ്ങളിൽ സിനിമ ലഭ്യമാണ്. ഐ.എം.ബി.ഡി റേറ്റിങ്ങിൽ 10ൽ 8.7 നേടിയിട്ടുണ്ട് ഈ സിനിമ. മനുഷ്യരാശിയെ ഭാവിയിൽ നിലനിൽപിനു സഹായിക്കുന്ന ഏതെങ്കിലും ഒരു ശക്തിയുണ്ടെങ്കിൽ അത് സ്നേഹമാണ് എന്നു നോളൻ ഈ സിനിമയിലൂടെ പറയുന്നു, ഒപ്പം മരണഭയം ഒരു റോബോട്ടിലും പ്രോഗ്രാം ചെയ്യാൻ കഴിയില്ലെന്നും അതിജീവനമെന്ന വെല്ലുവിളിയാണ് മനുഷ്യർക്കു മുന്നോട്ടുള്ള പ്രയാണത്തിന് ശക്തിയാകുന്നതെന്നും ‘ഇന്റർസ്റ്റെല്ലർ’ സിനിമയിലൂടെ നോളൻ പറയുന്നു. അഞ്ച് ഓസ്കർ നോമിനേഷൻ ലഭിച്ചെങ്കിലും വിഷ്വൽ ഇഫക്ട് ഇനത്തിൽ മാത്രമാണ് പുരസ്കാരം നേടാൻ ഈ ചിത്രത്തിനു കഴിഞ്ഞത്.

അ​ടു​ത്ത​ത്: ‘ബാറ്റ്മാൻ ബിഗിൻസ്’ (2005)

Tags:    
News Summary - Interstellar Review

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.