സംഘപരിവാറിന്‍റെ നിഗൂഢ ഇന്ത്യയിലേക്കുള്ള നുഴഞ്ഞുകയറ്റങ്ങളാണ് പുതിയ കാലത്തെ ചില വെബ്സീരീസുകൾ. സിനിമയുടെ ദൃശ്യചാരുതയും സോപ്പ് ഓപ്പറകളിലെ നാടകീയതയുമാണ് വെബ് സീരീസുകളെ കുറഞ്ഞകാലംകൊണ്ടുതന്നെ ആസ്വാദനക്ഷമതയുള്ള കലാരൂപമാക്കി മാറ്റിയത്. അനന്തമായി നീളുന്ന ടെലിസീരിയലുകൾക്ക് പകരം കുറിക്കുകൊള്ളുന്ന ഒടുക്കമുള്ള വെബ്സീരീസുകൾ ലോകമെങ്ങും ശീലമായി തുടങ്ങിയിട്ടുണ്ട്. യഥാർഥത്തിൽ വെബ് സീരീസുകൾ വാർെത്തടുത്തിരിക്കുന്ന മൂശ ടെലിസീരിയലുകൾ അഥവാ സോപ്പ് ഓപ്പറകളുടേതാണ്. പക്ഷെ അത് അനുഭവവേദ്യമാകാത്തവിധം നിലവാരമുള്ള പശ്ചാത്തലം സൃഷ്ടിക്കാനാവുന്നതാണ് ഇവയുടെ വിജയം.
ബുദ്ധിജീവികൾക്കും കാണാവുന്ന സീരിയലാണ് വെബ് സീരീസുകൾ എന്ന് പറയാം. വളരെപെട്ടെന്ന് ജനകീയമായ വെബ്സീരീസുകൾ ലോകത്തെല്ലാ ഭരണകൂടങ്ങളിലും പ്രശ്നങ്ങൾ സൃഷ്ടിക്കുന്നുണ്ട്. ഇന്ത്യക്കാർക്കുവേണ്ടി നിർമിച്ച ചില സീരീസുകൾ ഇതിനകംതന്നെ സംഘപരിവാർ ഭരണകൂടത്തേയും അതിന്‍റെ കുഴലൂത്തുകാരേയും അസ്വസ്ഥരാക്കുന്നു എന്നതാണ് ഇവിടത്തേയും വിശേഷം. മിർസാപൂർ, ഫാമിലി മാൻ, പാതാൾലോക് എന്നിവയിൽ തുടങ്ങിയ കല്ലുകടി താണ്ഡവിലെത്തുേമ്പാൾ മൂർത്തരൂപം പ്രാപിക്കുന്നുണ്ട്.
താണ്ഡവ്, അഥവാ ഭയാനക നൃത്തം
ആദ്യ സീസൺ പൂർത്തിയാകുേമ്പാഴേക്ക് താണ്ഡവ് വെബ് സീരീസ് വലിയ കോളിളക്കമാണ് രാജ്യത്ത് സൃഷ്ടിച്ചിരിക്കുന്നത്. രാജ്യം ഭരിക്കുന്ന സംഘപരിവാർ ഭയക്കുന്ന എന്തോ താണ്ഡവിലുണ്ടെന്ന് സാമാന്യമായി പറയേണ്ടിവരുന്ന അവസ്ഥയിലാണ് കാര്യങ്ങൾ. വിവിധകോണുകളിൽനിന്ന് ഈ സീരീസിനെതിരേ പ്രതിഷേധം ഉയർത്തിക്കൊണ്ട്വരാനുള്ള ശ്രമങ്ങൾ ആസൂത്രിതമായി നടക്കുന്നുണ്ട്. നേരത്തേ ഫാമിലി മാൻ എന്ന സീരീസിനെതിരേയും സമാനമായ നീക്കം ഉണ്ടായിട്ടുണ്ട്.
മാധ്യമനുണകളുടെ വലിയ കുമ്പാരങ്ങൾ അതേപടി തിരക്കഥയാക്കി സൃഷ്ടിച്ച സീരീസാണ് ഫാമിലി മാൻ. അവിടവിടെ ബാലൻസിങ്ങിനുവേണ്ടി ചില സത്യങ്ങളും പറയാൻ ശ്രമിച്ചിട്ടുണ്ടെന്നതൊഴിച്ചാൽ ഐ.ബി കഥകളുടെ ദൃശ്യവത്കരണമായിരുന്നു ഇത്. പൊട്ടുംപൊടിയുമായി സത്യം പറഞ്ഞുപോകാനുള്ള ശ്രമം നടത്തിയതിനാണ് അന്ന് ഭരണകൂട അനുകൂലികൾ ഈ സീരീസിനെതിരേ തിരിഞ്ഞത്. ഫാമിലി മാൻ പറഞ്ഞത് തീവ്രവാദത്തിന്‍റെ രാഷ്ട്രീയമായിരുന്നെങ്കിൽ താണ്ഡവിലെത്തുേമ്പാൾ അത് സമകാലീന ഇന്ത്യയുടെ കഥയായി മാറുന്നു.
മുസ്ലിം സ്വത്വം
സംഘപരിവാറിന് ഒളിഞ്ഞുനോക്കാൻ പറ്റിയ ചില ചേരുവകൾ താണ്ഡവിലുണ്ട്. മുസ്ലിം സ്വത്വങ്ങളാണതിൽ പ്രധാനം. അതിലെ നായകന്‍റെ പേര് സെയ്ഫ് അലി ഖാൻ എന്നാണ്. ബോളിവുഡിലെ ഖാൻമാരുടെ ലോകം തകർക്കാൻ കച്ചകെട്ടിയിറങ്ങുകയും അനുസരണശീലവും ജന്മനാ ദേശസ്നേഹവുമുള്ള 'കുമാർ'മാരെ അവരോധിക്കാൻ ശ്രമിക്കുകയും ചെയ്യുന്ന കാലമാണിതെന്ന് ഓർക്കണം. അവിടെ സെയ്ഫ്അലിഖാൻ എന്ന പേര് വെറുപ്പ് ഉത്പാദിപ്പിക്കുന്നവർക്ക് ഒരു ബോണസാണ്. മറ്റൊന്ന് അലി അബ്ബാസ് സഫർ എന്ന അറബി പേരാണ്. താണ്ഡവ് എഴുതി സംവിധാനം ചെയ്തിരിക്കുന്നത് സഫറാണ്. ഈ മേെമ്പാടികളാണ് താണ്ഡവിനെതിരേ ഉയരുന്ന വ്യാപക പ്രതിഷേധങ്ങൾക്ക് കാരണം.
താണ്ഡവിന്‍റെ പ്രമേയം
താണ്ഡവ് പറയുന്നത് 2011 മുതൽ 2019 വരെയുള്ള ഇന്ത്യയുടെ കഥയാണ്. അവിടെ കേന്ദ്രസ്ഥാനത്ത് നിൽക്കുന്നത് വി.എൻ.യു അഥവാ വിവേകാനന്ദ നാഷനൽ യൂനിവേഴ്സിറ്റി എന്ന സർവ്വകലാശാലയാണ്. ജെ.എൻ.യുവിന്‍റെ കഥയിലെ പതിപ്പാണ് വി.എൻ.യു. രാജ്യം ദേശീയ തിരഞ്ഞെടുപ്പ് കഴിഞ്ഞ് ഫലം കാത്തിരിക്കുന്ന സന്ദർഭത്തിലാണ് താണ്ഡവ് ആരംഭിക്കുന്നത്. കഴിഞ്ഞ രണ്ടുതവണവും അധികാരത്തിലുണ്ടായിരുന്ന ജൻലോക്ദൾ അഥവാ ജെ.എൽ.ഡി വീണ്ടും അധികാരത്തിൽ വരുമെന്നും മുൻ പ്രധാനമന്ത്രി ദേവകി നന്ദൻ സിങ് വീണ്ടും പ്രസിഡന്‍റാകുമെന്നുമാണ് പ്രതീക്ഷിക്കപ്പെടുന്നത്. രാജ്യത്തെ സർവ്വകലാശാലകൾ കലുഷിതമാണ്. ഭൂ മാഫിയക്കെതിരേ കർഷകർ പ്രക്ഷേഭത്തിലാണ്. വി.എൻ.യു പുതിയൊരു താരോദയത്തിന് കാതോർത്തിരിക്കുകയാണ്. ശിവ ശേഖർ എന്നാണാ ചെറുപ്പക്കാരന്‍റെ പേര്. ഇയാളിൽ നിങ്ങൾക്ക് കനയ്യകുമാറിന്‍റെ ഛായ കണ്ടെത്താനാകും.
ആസാദി മുഴക്കിയും അനീതികൾ ചോദ്യംചെയ്തും ബീഹാറുകാരനായ ശിവ പുതിയ ഇന്ത്യയുടെ ജ്വലിക്കുന്ന പ്രതീകമാകുന്നുണ്ട്. അവിടെ നിങ്ങൾക്ക് ഉമർഖാലിദ്, നജീബ് തുടങ്ങി ഇന്ത്യൻ യുവത്വം ഏറെ വീറോടെഏറ്റുപറഞ്ഞ പേരുകാരുടെ നിഴൽരൂപങ്ങളും കാണാനാകും. പ്രധാനമന്ത്രിയാകാൻ തയ്യാറെടുത്ത് നിൽക്കുന്ന ദേവകി നന്ദൻ സിങിന് ഒരു മകനുണ്ട്. പേര് സമർപ്രതാപ് സിങ്. സെയ്ഫ്അലിഖാൻ അവതരിപ്പിക്കുന്ന ഈ കഥാപാത്രമാണ് സീരീസിലെ രാഷ്ട്രീയ നാടകങ്ങളുടേയും കുറ്റകൃത്യങ്ങളുടേയും ചുക്കാൻ പിടിക്കുന്നത്. ദേവകി നന്ദൻ സിങ് പ്രധാനമന്ത്രിയാകുമോ, അതോ സമർ പ്രതാപ് അത് തടയുമോ, വി.എൻ.യുവിൽ ഇടപെടുന്ന ഭരണകൂടം അവിടത്തെ യുവാക്കളുടെ ജീവിതങ്ങളെ മാറ്റിമറിക്കുന്നതെങ്ങിനെയാണ് എന്നാണ് താണ്ഡവ് പറയുന്നത്.
സംഘപരിവാറിന്‍റെ ഭയങ്ങൾ
താണ്ഡവ് പോലൊരു രാഷ്ട്രീയ തിരനാടകം രാജ്യത്തെ സ്ക്രീനുകളിൽ എത്തുേമ്പാൾ സംഘപരിവാർ കേന്ദ്രങ്ങൾക്ക് ഒന്നിനും വേണ്ടിയല്ലാതെ ചില ഭയങ്ങൾ ഉണ്ടാവുക സ്വാഭാവികമാണ്. തങ്ങളെപറ്റി നല്ലതുപറയുമോ എന്ന ആശങ്കയാണത്. തങ്ങളെപറ്റി നല്ലത് വല്ലതും പറയാനുണ്ടോ എന്ന അവരുടെ സംശയവും ഒരു ഭീതിയായി അവശേഷിക്കും. താണ്ഡവ് പറയുന്നത് ഒരു സാധാരണ കഥയാണ്. രാജാവായ അച്ഛനും യുവരാജാവായ മകനും തമ്മിലുള്ള അധികാര വടംവലി, രാജ സിംഹാസനത്തിനുവേണ്ടിയുള്ള പിടിവലികൾ, സിംഹാസനം ലക്ഷ്യമിടുന്ന ഉപജാപക സംഘത്തിന്‍റെ നിഗൂഢനീക്കങ്ങൾ എന്നിങ്ങനെ സ്ഥിരം കൊട്ടാരകഥയാണിത്. കാലാകാലങ്ങളായി ഇന്ദ്രപ്രസ്ഥം ഭരിക്കുന്ന മുഴുവൻ ഭരണകൂടങ്ങളുടേയും ഛായ നമ്മുക്കിതിലെ കഥാപാത്രങ്ങളിൽ കണ്ടെത്താനാകും.
കൊന്നും കൊലവിളിച്ചും അധികാരം എന്ന അപ്പക്കഷണത്തിനുവേണ്ടി നടത്തുന്ന ഒടുക്കത്തെ അക്രമങ്ങളാണ് താണ്ഡവും പ്രമേയമാക്കിയിരിക്കുന്നത്. മനുഷ്യരക്തം വീണ് ചുവന്ന പരവതാനികൾ വിരിച്ച പടവുകൾ ചവിട്ടിക്കയറിയവരാണ് ദേവകി നന്ദനും സമർപ്രതാപും. അവരിൽ ഇപ്പോഴുള്ളവരും പഴയവരുമായ രാഷ്ട്രീയ ദല്ലാൾമാരെ ആകമാനം നമ്മുക്ക് കണ്ടെത്താനാകും. അധികാരവഴികളിൽ നന്മയും തിന്മയും ഇല്ലെന്നും ചെറിയ തിന്മയും വലിയ തിന്മയും മാത്രമേ ഉള്ളൂ എന്നും അടിവരയിടുന്നുണ്ട് താണ്ഡവ്. സെയ്ഫിന്റെ ഉടമസ്ഥതയിലുള്ള പട്ടൗഡി പാലസിലാണ് ഈ സീരീസിന്‍റെ ഭൂരിഭാഗവും ചിത്രീകരിച്ചിരിക്കുന്നത്. അതിന്‍റെ ഗാംഭീര്യവും കുലീനയും സീരീസിന് മുതൽക്കൂട്ടാണ്. ഒമ്പത് ഭാഗങ്ങളുള്ള ആദ്യ സീസണാണ് ആമസോൺ പ്രൈമിൽ പ്രദർശിപ്പിച്ചിട്ടുള്ളത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.