ഒരു പരീക്ഷണ സിനിമയുടെ മേമ്പൊടിയായിട്ടല്ല അത് വന്നത്. അതുകൊണ്ടുതന്നെ തീയറ്റർ നിറഞ്ഞിരുന്ന യുവതലമുറയുടെ ഭാവങ്ങളിൽ ഒരു പരീക്ഷണ സിനിമ എന്ന തോന്നൽ ലവലേശം ഉണ്ടായിരുന്നില്ല. കേരളത്തിന്റെ സാമൂഹികചിത്രത്തിൽ മാഞ്ഞുപോയ സമരങ്ങളുടെ വീരസ്മരണകളിലേക്ക് ഒരൊറ്റ രാത്രിയുടെ നിഴലിലൂടെ അരിച്ചുകയറുന്ന കഥയാണ് ജാക്സൺ ബസാർ യൂത്ത്.
ഒരുപക്ഷേ അങ്ങനെയൊരു സമരഭൂമിക അടുത്തകാലത്തൊന്നും പരിചയപ്പെടാത്തതിന്റെ കുറവ് യുവജനങ്ങളുടെ മുഖത്ത് ഉണ്ട്. എന്നാൽ സിനിമയുടെ കഥ അവരെ മറികടക്കാൻ ഉതകുന്നതായിരുന്നു. ചേരികൾ ഒഴിഞ്ഞുകൊടുത്ത ഇടങ്ങളിൽ കെട്ടിപ്പടുത്ത നഗരഗരിമയെക്കുറിച്ച് കമ്മട്ടിപ്പാടം പോലുള്ള സിനിമകളിൽ ന്യൂജൻസ് തന്നെ ആസ്വദിച്ചു കണ്ടിരുന്നതാണല്ലോ.
സുഹൃത്ത് ഉസ്മാൻ മാരാത്ത് കഥയെഴുതുകയും മലയാള സിനിമക്ക് നല്ലതുമാത്രം ഈയിടെ സമ്മാനിച്ച സക്കറിയ നിർമിക്കുകയും പുതുമുഖ സംവിധായകൻ ഷമൽ സുലൈമാൻ സംവിധാനം ചെയ്യുകയും ചെയ്ത സിനിമയിൽ കഥാപാത്രങ്ങളുടെ മുഖവിലയെക്കാൾ കഥയുടെ മൂല്യത്തിനാണ് വില. സിനിമയുടെ കളറിങ്, സംഗീതം, ഡിജിറ്റൽ റീ-റെക്കോഡിങ് എല്ലാം ഗംഭീരം. ഒരു ബാൻഡ് ടീം എന്ന ബേസിക് ത്രെഡിലൂടെ ഇടക്ക് തേൻ പുരട്ടിയും, പിന്നെ മുളക് പുരട്ടിയും മധുരവും എരിവും നിറഞ്ഞ വികാരതലം അത് സൃഷ്ടിക്കുന്നുണ്ട്. ജാഫർ ഇടുക്കിയും ഇന്ദ്രൻസും കഥയുടെ രണ്ടു ഭാഗങ്ങളിലായി നിറഞ്ഞാടുന്നു. അവരുടെ രണ്ട് കഥാപാത്രങ്ങളും മനസ്സിൽ നിന്ന് ഒരിക്കലും മായില്ല. അവസാനം വരെ സസ്പെൻസ് നിലനിർത്തി ഇന്ദ്രൻസ് കഥയുടെ ട്രിഗർ പൊട്ടിക്കാതെ കൈയിൽ പിടിച്ചു നിർത്തി. ആ നിറുത്തലിലാണ് ഒരു നല്ല ടോട്ടൽ സിനിമയുടെ ഫീലുള്ള ത്രില്ലർ പുളകമാകുന്നത്.!
കഥയുടെ പ്രധാന ത്രഡ് ഇവിടെ എടുത്തു പറയുന്നത് സ്പോയിലർ ആകാൻ ഇടയുണ്ട്. അത് നിങ്ങൾ കണ്ടു വിലയിരുത്തേണ്ട ഒന്നാണ്. ഒരു പൊലീസുകാരന്റെ മകൻ എന്ന അർഥത്തിലും ജീവിതത്തിൽ അൽപകാലം നിർവഹിച്ച പത്രപ്രവർത്തകന്റെ ജോലിയിൽ പൊലീസുകാരുടെ പുറകെ തന്നെ പോയി എന്നതുകൊണ്ടും ചിലത് കുറിച്ചിടുന്നു. എന്നാൽ അത് സിനിമയുടെ ഉള്ളടക്കത്തിന് വിരുദ്ധമല്ല. കാഴ്ചയുടെ രസവും വീര്യവും വർധിതമാകുന്ന ഘട്ടത്തിലും അന്വേഷകന്റെ മനസ്സ് മറ്റുവഴിക്കും സഞ്ചരിക്കും. അത്രയേ ഉള്ളൂ. പറയുന്നത് എന്താണ് എന്ന് വെച്ചാൽ,സത്യത്തിൽ കേരള പൊലീസിൽ നിലവിൽ ഇത്തരം ആളുകൾ ഉണ്ടോ എന്നെനിക്കറിയില്ല. പൊലീസിനെക്കാൾ ക്രൂരന്മാർ റവന്യൂ ഡിപ്പാർട്ട്മെന്റിലും മറ്റുമുള്ളവരാണ്. ഉരുട്ടലും ഈർക്കിൽ പ്രയോഗവും മൂത്രം കുടിപ്പിക്കലും എല്ലാം മുമ്പും സിനിമയിൽ ഉണ്ടായിട്ടുണ്ട്.
പുതുതായി കേരളത്തിലെ പൊലീസ് സർവിസുകളിലേക്ക് റിക്രൂട്ട് ചെയ്യപ്പെട്ട ആളുകളിൽ മഹാഭൂരിപക്ഷവും 2000ത്തിനു മുമ്പുള്ള കാറ്റഗറിയിൽപെട്ടവരല്ല. സിനിമയിൽ കഥ പറയുന്നിടത്ത് ഞാൻ അല്പം പഴയ ആളാ എന്ന് ഇന്ദ്രൻസ് പറയുന്നിടത്ത് തന്നെ പൊലീസുകാർക്കിടയിലുള്ള സ്വഭാവത്തിന്റെ വ്യത്യാസം അളന്നു മുറിച്ച് രേഖപ്പെടുത്തുന്നുണ്ട്. അന്നത്തെ പൊലീസ് ഇന്ന് ഇല്ല എന്നുതന്നെ അർഥം!
എന്നാൽ ഉരുട്ടാനും മുളകുപുരട്ടാനും നിൽക്കുന്ന ചിലരെങ്കിലും സർവിസിൽ വേട്ടപ്പട്ടികളെ വളർത്തുന്നത് പോലെ പരിപാലിക്കപ്പെട്ടേക്കാം. ഉന്നത പൊലീസ് ഉദ്യോഗസ്ഥന്മാരുടെ സ്വഭാവ വിശേഷങ്ങൾ പരതിയാൽ അതിൽനിന്ന് ചിലതൊക്കെ അങ്ങനെ മണത്തെടുക്കാൻ ഉണ്ട്. എന്തായിരുന്നാലും ആ ഭാഗം കഥയിൽ റിയലിസ്റ്റിക് ആണോ എന്ന് നിങ്ങൾ വിലയിരുത്തണം. വളരെയധികം മനഃശാസ്ത്രപരമായ ഒന്നാണ് ആ ഭാഗം. പൊലീസിനും പ്രതിഷേധിക്കുന്ന ജനങ്ങൾക്കുമെല്ലാം രണ്ടു വിരുദ്ധ മനശാസ്ത്രം ഉണ്ടാവും സ്വാഭാവികം. ഇരുകൂട്ടരും കായികബലത്തിനു പ്രാധാന്യം നൽകുമ്പോൾ ആണ് സമരങ്ങൾ തോൽക്കുന്നത്. രാഷ്ട്രീയക്കാരൻ വിജയിക്കുന്നത്. പൊലീസിനെയും ജനങ്ങളെയും മുഖാമുഖം നിർത്തി തമ്മിലടിപ്പിക്കുന്നതിലാണ് രാഷ്ട്രീയക്കാർ വിജയത്തിന്റെ മീറ്റർ വെച്ചിട്ടുള്ളത്. ജനങ്ങൾക്ക് അടി കിട്ടുമ്പോൾ ഉദ്യോഗസ്ഥരും പൊലീസുകാരും ആനന്ദിക്കും, ചിലരൊഴിച്ച്. പൊലീസുകാർക്ക് അടി കിട്ടുമ്പോൾ ജനങ്ങൾ ചിരിക്കും, ചിലരൊഴിച്ച്. ഒഴിഞ്ഞു നിൽക്കുന്നവരാണ് സിനിമയുടെ കഥ നിർണയിക്കുന്നത്.
ഇന്ദ്രൻസ് ശൂന്യതയിൽനിന്ന് വരികയും ശൂന്യതയിലേക്ക് തിരിച്ചു നടക്കുകയും ചെയ്യുന്നിടത്ത് പൊലീസിന്റെ പരാജയം എന്ന് സിനിമയിൽ ഒരു വിലയിരുത്തൽ ഉണ്ട്. അവിടെ ജനങ്ങൾ കൈയടിച്ചേക്കാം. യാഥാർഥ്യമാകണമെന്നില്ല. എന്നാൽ സിനിമയുടെ ആനന്ദമെന്നാൽ അങ്ങനെ കൈയടിപ്പിക്കൽ തന്നെയാണ്. ആ കൈയടി ബാൻഡ് വാദ്യങ്ങളുടെ അകമ്പടിയിൽ ജാക്സൺ ബസാർ യൂത്ത് അവസാനം വരെ നിലനിർത്തുന്നുണ്ട്. കുടുംബസമേതം കാണാവുന്ന ത്രില്ലർ എന്ന് നിസ്സംശയം ഞാൻ മാർക്കിടുന്നു. ഒരു പക്ഷേ കേരളത്തിന്റെ കഴിഞ്ഞകാല അടിച്ചമർത്തലുകളിലേക്ക് പുതുതലമുറയുടെ തിരനോട്ടം നടക്കണമെങ്കിൽ ഇങ്ങനെ ഒരു ചലച്ചിത്രത്തിലൂടെ നടന്നു കയറി നോക്കാവുന്നതാണ്. തലപ്പാവ് എന്ന സിനിമയിൽ കൊല്ലപ്പെട്ട വർഗീസിന്റെ ചരിത്രം ആവിഷ്കരിച്ച മധുപാലിനെ ഓർമയില്ലേ? വർഗീസ് വധത്തിന്റെ തീക്കനലുകൾ അനവധി വർഷം ഉള്ളിലിട്ട് ഊതിക്കാച്ചിയാണ് ആ സിനിമ നിർമിച്ചത്.
ഒരു രാമചന്ദ്രൻ നായർ എല്ലാ ചരിത്രത്തിലും ഉണ്ട്. അധികാരത്തിന്റെ ബലം കൊണ്ട് തോക്കു പിടിക്കേണ്ടി വരികയും, മൂല്യത്തിന്റെയും സ്നേഹത്തിന്റെയും കണ്ണുകൊണ്ട് പശ്ചാത്തപിക്കുകയും ചെയ്യേണ്ടി വന്ന പൊലീസുകാരൻ. അത്തരം പൊലീസുകാർ നമ്മുടെ ഇടയിൽ എപ്പോഴും ഉള്ളതുകൊണ്ട് കൂടിയാണ് ക്രമവും സമാധാനവും പാലിക്കുന്നവരിൽ സ്നേഹത്തിനും മൂല്യങ്ങൾക്കും മനഃശാസ്ത്രപരമായ വിജയമുണ്ട് എന്ന് വിശ്വസിക്കുന്നവരും ഉണ്ടാകുന്നത്. എന്നിരുന്നാലും ഇത്തരം ഒരു കഥ ആവിഷ്കരിച്ചതിന്റെ ധീരത ചെറുതല്ല.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.