മഹേഷിന്‍റെ പ്രതികാരം, തൊണ്ടിമുതലും ദൃക്സാക്ഷിയും എന്നീ സൂപ്പർ ഹിറ്റ് ചിത്രങ്ങൾക്ക് ശേഷം ദിലീഷ്-ഫഹദ് കൂട്ടുകെട്ടിൽ പുറത്തിറങ്ങിയ ചിത്രമാണ് ജോജി. ആമസോൺ പ്രൈമിലൂടെ ഒ.ടി.ടി റിലീസായി പുറത്തിറങ്ങിയ ചിത്രം വില്യം ഷേക്സ്പിയറിന്റെ വിഖ്യാതനാടകമായ 'മാക്ബെത്തിൽ നിന്ന് പ്രചോദനം ഉൾകൊണ്ടാണ് രചന നിർവഹിച്ചിരിക്കുന്നത്.
എരുമേലിയുടെ പശ്ചാത്തലത്തില്‍ ഒരു ക്രിസ്ത്യന്‍ കുടുംബത്തില്‍ നടക്കുന്ന കഥയാണ് ജോജി. വിദേശത്ത് പോകാനും ധനികനാകാനും ആഗ്രഹിക്കുന്നവനാണ് ജോജി എന്ന യുവാവ്. എന്നാല്‍ എഞ്ചിനീയറിങ് പഠനം പാതിവഴിയില്‍ ഉപേക്ഷിച്ച ജോജിയെ ഒരു പരാജിതനായാണ് അവന്റെ അപ്പൻ കാണുന്നത്. പ്രതാപിയും, ധനാഢ്യനുമായ പനച്ചേൽ കുട്ടപ്പന്റെ മൂന്നു മക്കളിൽ ഇളയവനാണ് ജോജി. മക്കളായ ജോമോൻ, ജയ്സൻ, ജോജി എന്നിവരെ പൂർണ്ണമായും തന്റെ വരുതിയിൽ നിർത്താൻ പ്രാപ്തിയുള്ളവനാണ് പനച്ചേൽ കുട്ടപ്പൻ. മക്കളായ ജൈസനും ജോജിക്കും അതിൽ പ്രതിഷേധമുണ്ടങ്കിലും അപ്പന് മുൻപിൽ അവരാരും അത് പ്രകടിപ്പിക്കുന്നില്ല. ജൈസന്റെ ഭാര്യ ബിൻസിക്കും അപ്പനോട് വിയോജിപ്പ് സാരമായി ഉണ്ടെങ്കിലും അവർക്കും മറ്റുള്ളവരെ പോലെ നിശബ്ദയാവുകയെ നിവൃത്തിയുള്ളൂ. അതേസമനയം, അപ്പനോട് വൈകാരികമായ അടുപ്പവും സ്നേഹകൂടുതലുമുള്ളത് മൂത്ത മകൻ ജോമോനാണ്.
ഭാര്യയുമായി ബന്ധം വേർപിരിഞ്ഞ ജോമോന്റെ മകൻ പോപ്പി ഓൺലൈൻ വഴി എയർ ഗൺ സ്വന്തമാക്കുന്നിടത്ത് നിന്നാണ് കഥ തുടങ്ങുന്നത്. കുട്ടപ്പന്റെ അക്കൗണ്ടിൽ നിന്നും അയാൾ അറിയാതെ 8000 രൂപക്ക് പോപ്പി എയർഗണ് സ്വന്തമാക്കുമ്പോൾ അപ്പനിൽ നിന്നും നഷ്ടമായ തുകയുടെ പേരിൽ ശാസനയും മോഷണക്കുറ്റത്തിന്റെ പേരിലുള്ള പഴിചാരലും കേൾക്കേണ്ടി വരുന്നത് ജോജിക്കാണ്. നിന്റെ നടുചവിട്ടി ഓടിച്ചു കിടത്തിയിട്ട് ഞാൻ ചിലവിന് തന്നോളാമെന്ന അപ്പന്റെ വാക്കുകൾ കൂടി കേൾക്കുന്ന ജോജി അപമാന ഭരത്താൽ തലകുനിക്കുന്നു. ആ അപമാനമെല്ലാം ജോജിയുടെ ഉള്ളിൽ ഒരു കനലായി എരിയുന്നു. അവസരം കിട്ടുമ്പോൾ അപ്പനിൽ നിന്നും അധികാരം നേടിയെടുക്കാനുള്ള ജോജിയുടെ ശ്രമങ്ങളാണ് പിന്നീട് കാണുന്നത്. അതിനായി അവൻ കുതന്ത്രങ്ങൾ മെനയുന്നു.
മാക്ബെത്ത് നാടകത്തിലെ ലേഡി മാക്ബെത്തിനെ പോലെ ശക്തയും കൗശലക്കാരിയുമായ സ്ത്രീ സാന്നിധ്യമായി പലപ്പോഴും ജോജിക്ക് നിശബ്ദമായ പിന്തുണയെങ്കിലും നൽകി പോരുന്നുണ്ട് ഏട്ടത്തിയമ്മയായ ബിൻസിയും. പനച്ചേൽ കുട്ടപ്പൻറെ മരണം മരുമകളായ ബിൻസിയും ആഗ്രഹിക്കുന്നു എന്നത് തന്നെയാണ് അതിൻറെ കാരണം. അപ്പനിൽ നിന്നും ലഭിക്കുന്ന അവഗണനയിൽ നിന്നും അപമാനത്തിൽ നിന്നും രക്ഷപ്പെടുവാൻ, തന്റെ ആഗ്രഹങ്ങൾ സാധിക്കുവാൻ പുതിയ ഒരു ലോകത്തെ തേടുന്നവനായ ജോജിക്ക് ആ യാത്രയിൽ നഷ്ടമാകുന്നത് അവനെ തന്നെയാണ്.
സ്വർത്ഥ താല്പര്യങ്ങൾക്ക് വേണ്ടി ജോജി ചെയ്യുന്ന കുറ്റങ്ങളെ അയാൾ സമൂഹത്തിന് മുകളിൽ പഴി ചാരുന്നു. മനുഷ്യന് രണ്ട് താഴ്‌വര നിറയെ സമ്പത്തുണ്ടെങ്കിൽ മൂന്നാമതൊന്നു കിട്ടാൻ അവൻ കൊതിക്കും. കൂടുതൽ മോഹങ്ങൾ നട്ടുപിടിപ്പിച്ചാൽ മനസ് കൂടുതൽ മോഹിക്കും എന്നു പറയുന്നത് പോലെ മനുഷ്യപ്രകൃതം ആർത്തിയുടേത് തന്നെയെന്നാണ് ജോജിയും വ്യക്തമാക്കുന്നത്. പതിയെ കഥ പറഞ്ഞുപോകുന്ന ആഖ്യാനശൈലി ഉപയോഗിക്കുമ്പോഴും കഥാപാത്രങ്ങളുടെ വൈകാരികതയെ ആഴത്തിൽ തന്നെയാണ് സംവിധായകൻ ഇവിടെ അടയാളപ്പെടുത്തുന്നത്. സിനിമയിലുടനീളം പോത്തേട്ടൻ ബ്രില്യൻസ് നമുക്ക് കാണാനാകും.
പ്രകടനം കൊണ്ട് നിറഞ്ഞാടിയവർ തന്നെയാണ് ജോജിയിൽ അഭിനയിച്ച ഓരോ കഥാപാത്രങ്ങളും. ബാബു രാജ്, ജോജി മുണ്ടക്കയം, ഉണ്ണിമായ തുടങ്ങി എല്ലാവരും തന്നെ മികച്ച രീതിയിൽ അഭിനയിച്ച സിനിമയാണ് ജോജി. ശ്യാം പുഷ്കരന്റെ തിരക്കഥ മികച്ചു നിൽക്കുന്നു. ഭാവന സ്റ്റുഡിയോസ്, ഫഹദ് ഫാസില്‍ ആന്‍ഡ് ഫ്രണ്ട്സ്, വര്‍ക്കിംഗ് ക്ലാസ് ഹീറോ എന്നീ ബാനറുകളിലായി നിർമ്മിച്ച 'ജോജിയുടെ ഛായാഗ്രഹണം നിർവഹിച്ചിരിക്കുന്നത് ഷൈജു ഖാലിദ് ആണ്. ഫ്രേയ്മുകൾ കൊണ്ട് ഗംഭീരമാണ് ജോജി. ജസ്റ്റിന്‍ വര്‍ഗീസിന്റെ സംഗീതം പ്രത്യേകം എടുത്തു പറയേണ്ട ഒന്നാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.