കല്യാണം കഴിക്കാനുള്ള ഓരോ ബുദ്ധിമുട്ടുകളെ! ചിരിപ്പിച്ചും ചിന്തിപ്പിച്ചും കുഞ്ചാക്കോ ബോബന്റെ 'പദ്മിനി'- റിവ്യൂ

2021ല്‍ 'തിങ്കളാഴ്ച നിശ്ചയം' എന്ന ചിത്രം സംവിധാനം ചെയ്തുകൊണ്ട് അതിലൂടെ നിരവധി പുരസ്കാരങ്ങൾ കരസ്ഥമാക്കിയ സെന്ന ഹെഗ്ഡെ 1744 വൈറ്റ് ആൾട്ടോ എന്ന ചിത്രത്തിനു ശേഷം സംവിധാനം ചെയ്ത ഏറ്റവും പുതിയ സിനിമയാണ് പദ്മിനി. നാട്ടുംപുറങ്ങളിലെ ബന്ധങ്ങളും മനോഹാരിതയും പറയുന്ന ചിത്രമായിരുന്നു തിങ്കളാഴ്ച നിശ്ചയമെങ്കിൽ, കോമഡി ഡ്രാമ ഴോണറിലാണ് സിനിമയുടെ അവതരണം. എന്നാൽ രണ്ടു സിനിമകളിലെയും പ്രധാന ഘടകം 'കല്യാണം' തന്നെയാണെന്ന് വേണം പറയാൻ.

പദ്മിനിയിലെ നായകൻ രമേശനാണ് (കുഞ്ചാക്കോ ബോബൻ). അയാളുടെ ജീവിതത്തിൽ കടന്നുവരുന്ന ഏതാനും സ്ത്രീകളിലൂടെയാണ് പദ്മിനി മുന്നോട്ടു സഞ്ചരിക്കുന്നത്. രമേശന്റെ ജീവിതം മാറിമറിയുന്നത് ഒരു കല്യാണ രാത്രിയോടുകൂടിയാണ്.  കവിയും സ്കൂൾ അധ്യാപകനുമായ രമേശന്റെ ഭാര്യ സ്മൃതി ആദ്യരാത്രിയിൽ രമേശനോട് ആവശ്യപ്പെടുന്നത് രാത്രി പാടവരമ്പത്തിലൂടെ നിലാവത്തു നടക്കണമെന്നുള്ള ഒരാഗ്രഹമാണ്. പിന്നെ രമേശൻ ഒന്നും ചിന്തിച്ചില്ല. സ്മൃതിയെയും കൊണ്ട് അവളുടെ ആഗ്രഹം സാക്ഷാത്കരിക്കുവാനായി നിലാവത്ത് പാടവരമ്പത്തേക്കിറങ്ങി നടന്നു . പക്ഷേ എന്തുചെയ്യാനാണ്, സ്മൃതിക്കായി തൊട്ടപ്പുറത്തു ഒരു പ്രീമിയർ പത്മിനികാറിൽ അവളുടെ കാമുകൻ കാത്തുനിൽക്കുന്നുണ്ടെന്ന സത്യം രമേശനറിഞ്ഞിരുന്നില്ല. സ്മൃതി അയാളോടും യാത്ര പറഞ്ഞു തന്റെ കാമുകനോടൊപ്പം ആ കാറിൽ കയറി പോവുകയായിരുന്നു. അന്നുമുതൽ രമേശനു നാട്ടിൽ വീണ ഇരട്ടപേരാണ് പദ്മിനി.


ഒളിഞ്ഞും തെളിഞ്ഞും ആളുകൾ പദ്മിനി എന്ന് വിളിക്കുന്നത് കാരണം രമേശന് അതിന്റേതായ ചില മാനസിക സംഘർഷങ്ങളുമുണ്ട്. മാത്രവുമല്ല ജീവിതത്തിൽ ഒരു കൂട്ടുവേണമെന്നയാൾ തീവ്രമായി ആഗ്രഹിക്കുന്നുവെങ്കിലും ഒരിക്കലുണ്ടായ തിക്താനുഭവം മൂലം കഴിഞ്ഞ രണ്ടു വർഷമായി പരമാവധി ഉൾവലിഞ്ഞാണ് ജീവിക്കുന്നത്. അത്തരം ചിന്തകളിൽ നിന്ന് പോലും അയാൾ പിൻവലിഞ്ഞു പോവുകയാണ് ചെയ്യുന്നത്. പക്ഷേ ഒരു കൗതുകം പോലെയാണ് അയാളുടെ ജീവിതത്തിലേക്ക് 'പദ്മിനി' എന്ന കാമുകി അപ്രതീക്ഷിതമായി കടന്നുവരുന്നത്. കോളേജ് അധ്യാപികയും സഹപ്രവർത്തകയുമായ പത്മിനിയുമായി രമേശൻ പ്രണയത്തിലകപ്പെടുന്നതോടെ അവരുടെ രണ്ടു കുടുംബങ്ങളും ചേർന്നു വിവാഹം എന്ന തീരുമാനത്തിലേക്ക് കടക്കുന്നു. എന്നാൽ ആ ഘട്ടത്തിലേക്ക് കടക്കുന്നതിന് മുൻപേ തന്നെ അവരെ കുഴക്കിയ മറ്റൊരു പ്രശ്നം രൂപപ്പെടുകയാണ്. ആ പ്രശ്നങ്ങളെ തരണം ചെയ്തുകൊണ്ട് വേണം രമേശനും പദ്മിനിക്കും ഒന്നിക്കാൻ. ഇവരെ ആ പ്രശ്നങ്ങളിൽ നിന്ന് രക്ഷിക്കുവാൻ വേണ്ടി അഭിഭാഷകയായ ശ്രീദേവി കൂടി എത്തുന്നതോടെ കഥ കൂടുതൽ എൻഗേജ്ഡ് ആവുന്നു.


സിനിമയുടെ കഥ ഇങ്ങനെയൊക്കെയാണെങ്കിലും ടോക്സിക് റിലേഷൻഷിപ്പ് , വിവാഹം ചെയ്യാനുള്ള പ്രായത്തെക്കുറിച്ചുള്ള ആളുകളുടെ നിർബന്ധ ബുദ്ധികൾ, അപരന്റെ സ്വകാര്യതകളിലേക്ക് കയറാനുള്ള ആളുകളുടെ താൽപര്യം, 30 കഴിഞ്ഞ അവിവാഹിതകളായ സ്ത്രീകളോടുള്ള സമൂഹത്തിന്റെ മനോഭാവം തുടങ്ങിയ വിഷയങ്ങളെല്ലാം സംവിധായകൻ കുഞ്ഞുകുഞ്ഞു തമാശകളിലൂടെ പ്രേക്ഷകരുമായി പങ്കുവയ്ക്കുവാൻ ശ്രമിച്ചിട്ടുണ്ട്. ഒരുപാട് നാളുകൾക്കുശേഷമാണ് കുഞ്ചാക്കോ ബോബൻ ഒരു ചോക്ലേറ്റ് ഹീറോയായി സ്ക്രീനിൽ പ്രത്യക്ഷപ്പെടുന്നത്. അതുകൊണ്ടുതന്നെ പ്രണയം നിറഞ്ഞ മുഖഭാവങ്ങളാൽ ചാക്കോച്ചൻ പത്മിനിയിലൂടെ പ്രേക്ഷഹൃദയത്തിൽ സ്ഥാനം പിടിച്ചിട്ടുമുണ്ട് . അതിനായി റഫറൻസ് വെച്ചിരിക്കുന്നത് അനിയത്തിപ്രാവ് സിനിമയിലെ ചില രംഗങ്ങളും, അതിനെ ഓർമ്മപ്പെടുത്തുന്ന ചില നിമിഷങ്ങളുമാണ്.


വെബ് സീരീസുകളിലൂടെ പ്രിയങ്കരനായ സജിൻ ചെറുകയിൽ അവതരിപ്പിച്ച ജയൻ എന്ന കഥാപാത്രമാണ് സിനിമയിൽ എടുത്തു പറയേണ്ട ഒന്ന്. പ്രണയവും സ്നേഹവും ഒരിക്കലും പങ്കാളിയുടെ സ്വകാര്യതയിലേക്കും സ്വാതന്ത്ര്യത്തിലേക്കുമുള്ള എത്തിനോട്ടമാകരുതെന്നും അത്തരം എത്തിനോട്ടങ്ങൾ മറുവശത്ത് നിൽക്കുന്ന ആൾക്ക് എത്രത്തോളം ഉപദ്രവമാകുന്നുവെന്നും നർമ്മത്തിലൂടെ തന്നെ സംവിധായകൻ ജയൻ എന്ന കഥാപാത്രം മുഖേന പ്രേക്ഷകരോട് പറയുന്നു. രമേശനായി കുഞ്ചാക്കോ ബോബൻ വേഷമിട്ടപ്പോൾ നായികമാരായി അപർണ ബാലമുരളി, വിൻസി അലോഷ്യസ്, മഡോണ സെബാസ്റ്റ്യൻ എന്നിവരാണ് എത്തിയിരിക്കുന്നത്.



കുഞ്ഞിരാമായണം എന്ന ചിത്രത്തിനു ശേഷം ദീപു പ്രദീപ് തിരക്കഥ എഴുതിയ ചിത്രത്തിൽ ക്യാമറ ചലിപ്പിച്ചത് ശ്രീരാജ് രവീന്ദ്രനാണ്.മനു ആന്റണിയാണ് എഡിറ്റിങ്ങ് നിർവ്വഹിച്ചിരിക്കുന്നത്. തിങ്കളാഴ്ച നിശ്ചയം എന്ന സിനിമ നൽകുന്ന പ്രതീക്ഷയെ മുൻനിർത്തി കൊണ്ട് അമിതപ്രതീക്ഷയുമായി ഈ സിനിമയെ കാണാൻ ശ്രമിക്കേണ്ടതില്ല. അതൊരുപക്ഷേ നിങ്ങളെ നിരാശപ്പെടുത്തിയേക്കാം. ഇത് വളരെ ലളിതമായ ഒരു സിനിമയാണ്. വലിയ സങ്കീർണതകളോ ട്വിസ്റ്റുകളോ ഒന്നുമില്ലാതെ ഹാസ്യത്തിന്റെ മേമ്പൊടിയോടെ അണിയിച്ചൊരുക്കിയിരിക്കുന്ന ഈ ചിത്രത്തിൽ സീമ ജി നായർ, മാളവിക മേനോൻ, അനശ്വര, ശ്രീകാന്ത് മുരളി, അൽത്താഫ് സലിം, ആനന്ദ് മഹാദേവൻ, ഗണപതി, ഗോകുലൻ തുടങ്ങി ഒരുപിടി മികച്ച താരങ്ങളും ചിത്രത്തിൽ അണിനിരക്കുന്നുണ്ട്. ലളിതമായി കഥ പറയുന്ന സമയംനഷ്ടം ലഭിക്കാത്ത ഒരു കോമഡി എന്റർടൈനറായി നിങ്ങൾക്ക് പദ്മിനിയെ ഏറ്റെടുക്കാം.  നിങ്ങളെ ചിരിപ്പിക്കുമെന്ന് ഉറപ്പ്.

Tags:    
News Summary - Kunchacko Boban's Padmini movie Review

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.