മനുഷ്യന്‍റെ പ്രാകൃത സ്വഭാവത്തിന്‍റെ അടിസ്ഥാന സത്ത തന്നെയാണ് കുരുതി പറയുന്നത്-'കൊല്ലും എന്ന വാക്ക്; കാക്കും എന്ന പ്രതിജ്ഞ'. ഇതിനിടയിൽ വേർതിരിച്ചെടുക്കാനാവാത്ത, ശരിതെറ്റുകളുടെ സങ്കീർണമായ ഉത്തരമില്ലായ്മയിൽ തന്നെയാണ് 'കുരുതി' തുടങ്ങിയൊടുങ്ങുന്നത്. വർഗീയത പടർത്തുന്ന വിദ്വേഷത്തിന്‍റെ പരീക്ഷണങ്ങളെ അതിജീവിക്കാൻ ശ്രമിക്കുന്ന ഇന്നിന്‍റെ കഥയാണ് പൃഥ്വിരാജ് പ്രൊഡക്ഷൻസ് നിർമ്മിച്ച് മനു വാര്യർ സംവിധാനം ചെയ്ത ആക്ഷന്‍-സോഷ്യല്‍-പൊളിറ്റിക്കല്‍ ത്രില്ലർ ചിത്രമായ 'കുരുതി' പറയുന്നത്. മതവര്‍ഗീയതയുടെ ഉച്ചനീചത്വങ്ങളില്‍ നിന്നു മനുഷ്യന് അത്ര എളുപ്പത്തിലൊന്നും പുറത്തു കടക്കാൻ പറ്റില്ല എന്നതിന്‍റെ സൂക്ഷ്‌മാർഥമായ അന്വേഷണവും നിരീക്ഷണവും കൂടിയാണത്.
തിരക്കഥയിൽ അതിേന്റതായ അതിസൂക്ഷ്മമായ ഇടപെടലുകൾ കഥാപാത്രങ്ങളിൽ ഏത് നിമിഷത്തിലും സംഭവിക്കുന്നുമുണ്ട്. ന്യായം ഏതുപക്ഷത്ത്, അന്യായം ഏതുപക്ഷത്ത്, ആരുടെ ഭാഗത്താണ് ശരി, ആരുടെ ഭാഗത്താണ് തെറ്റ്, നന്മ ഏത്, തിന്മ ഏത് എന്നൊക്കെ കാണുന്നവർക്ക് പെട്ടന്ന് തീർപ്പ് കൽപ്പിക്കാനാവില്ല 'കുരുതി'യിൽ. പക്ഷം പിടിക്കാമെന്ന് തോന്നിയാലും ആ പക്ഷത്ത് ഉറച്ചു നിൽക്കാനാകാത്ത അവസ്ഥയും ഈ സിനിമ അനുഭവപ്പെടുത്തുന്നു. സിനിമയുടെ പ്രമേയത്തെക്കാളും മികവിനെക്കാളും അതിലെ രാഷ്ട്രീയം ചർച്ചയാകുന്ന ഇക്കാലത്ത്, ഇനി കുറച്ചുദിവസത്തേക്കു ഹിന്ദുത്വ വിരുദ്ധമെന്നോ ഇസ്ലാമോഫോബിയ എന്നോ ഒക്കെ സമൂഹ മാധ്യമങ്ങളിൽ ഏറെ കേൾക്കാൻ സാധ്യതയുള്ള പേരാണ് 'കുരുതി'.
ഉരുൾപൊട്ടലിൽ ഭാര്യയെയും മകളെയും നഷ്ടപ്പെട്ട ഇബ്രു എന്ന ഇബ്രാഹിം (റോഷൻ) താമസിക്കുന്നത് പിതാവിനും സഹോദരനുമൊപ്പമാണ്. ഉൾക്കാടിനോടടുത്ത മലയോര പ്രദേശത്തെ ഇവരുടെ ഒറ്റപ്പെട്ട വീട്ടിൽ ഒരു രാത്രിയിൽ അരങ്ങേറുന്ന അസ്വഭാവിക മുഹൂർത്തങ്ങളാണ് 'കുരുതി'യുടെ പ്രമേയം. ഒരുരാത്രിയിൽ ശരീരത്തിൽ പരിക്കുകളുമായി, കൈയിൽ വിലങ്ങു വെച്ച കൊലക്കേസ് പ്രതിയെയും കൊണ്ട് ഇബ്രാഹിമിന്‍റെ വീട്ടിൽ കയറി വരുന്ന സത്യൻ (മുരളി ഗോപി) എന്ന പൊലീസുകാരനിൽ നിന്നുമാണ് 'കുരുതി'യുടെ ഉദ്വേഗജനകമായ നിമിഷങ്ങൾ തുടങ്ങുന്നത്. ലായ്ക്ക് (പൃഥ്വി) എന്ന കഥാപാത്രം കൂടി ആ വീട്ടിലേക്ക് വരുന്നു. വന്നുകയറിയവർക്ക് ഒരു രാത്രി സ്വന്തം വീട്ടിൽ അഭയം നൽകാൻ നിർബന്ധിതരാവുന്ന ഇബ്രാഹീമും കുടുംബവും പിന്നീട് സാക്ഷ്യം വഹിക്കേണ്ടി വരുന്നത് നിരവധി സംഘർഷങ്ങൾക്കാണ്. ഒരു കഥാപാത്രത്തിന്‍റെയും പക്ഷം പിടിക്കാനാകാത്ത വിധത്തിൽ പ്രേക്ഷകരുടെ ചിന്തയെ ഏത് സെക്കന്‍റിൽ വേണമെങ്കിലും മാറ്റി മറിക്കാവുന്ന നിരവധി മുഹൂർത്തങ്ങളിലൂടെയാണ് പിന്നീട് ചിത്രം കടന്നു പോകുന്നത്.
വർഗീയത തന്നെയാണ് ആത്യന്തികമായി ഈ സിനിമ പറയുന്ന വിഷയം. മനുഷ്യജീവിതത്തിലെ ഏറ്റവും നിസ്സാരമായ കാര്യത്തെപ്പോലും മതാത്മകമായി ചിന്തിക്കാൻ പ്രേരിപ്പിക്കുന്ന ഒരു സമൂഹത്തിന് മുന്നിലേക്കാണ് ഈ വിഷയം പറഞ്ഞു വെക്കുന്നതും. മതവും വിശ്വാസവും പരസ്പരം ദ്രോഹിക്കുവാനുള്ള ആയുധങ്ങളായി ഇവിടെ ദുരുപയോഗപ്പെടുക കൂടിയാണെന്ന് സിനിമ പറഞ്ഞുവെക്കുന്നു. അത് ഏത് നിമിഷത്തിൽ ആരിൽ നിന്നും സംഭവിക്കും എന്നത് മാത്രം പ്രവചനാതീതമാണെന്നും വായിച്ചെടുക്കാം.
വെറുപ്പിനെ കുറിച്ചു പറയുന്ന, മനുഷ്യന്‍റെ പ്രാകൃത സ്വഭാവത്തിന്‍റെ തുടർച്ചയെ കുറിച്ച് പറയുന്ന 'കുരുതി'ക്ക് വെറുപ്പിന്‍റെ തീവ്രത അറിയിക്കുവാൻ മതം അത്യന്താപേക്ഷിത ഘടകം തന്നെയാകുകയാണ്. 'അക്ഷരങ്ങൾ പറഞ്ഞു കൊടുത്തിട്ടില്ലെങ്കിലും മക്കൾക്ക് വെറുക്കേണ്ടത് ആരെയാണെന്നു പറഞ്ഞു കൊടുക്കും. മനുഷ്യൻ മരിച്ചാലും ഓന്‍റെ ഉള്ളിലെ വെറുപ്പ് ജീവിക്കും' എന്ന് ഇബ്രാഹീമിന്‍റെ ഉപ്പ മൂസ (മാമുക്കോയ) സിനിമയുടെ അന്ത്യത്തിൽ പറഞ്ഞു വെക്കുന്നത് വെറുപ്പിനെ പേറാൻ മനുഷ്യൻ കാരണങ്ങൾ കണ്ടെത്തിക്കൊണ്ടേയിരിക്കും എന്നത് തന്നെയാണ്.
കണ്ടുപഴകിയ നായക സങ്കൽപ്പത്തിൽ നിന്നും ഒരുപാട് മാറി തന്നെയാണ് പൃഥ്വിയുടെയും റോഷന്‍റെയും കഥാപാത്രങ്ങൾ സഞ്ചരിക്കുന്നത്. എന്നാൽ, മികച്ച പ്രകടനം കാഴ്ച വെച്ചത് മാമുക്കോയയാണ്. അദ്ദേഹത്തിന്‍റെ കരിയറിലെ മികച്ച കഥാപാത്രമായി മൂസ വിലയിരുത്തപ്പെടുമെന്നത് തീർച്ച. ഇബ്രാഹിമിന്‍റെ സുഹൃത്തിന്‍റെ പെങ്ങളായ സുമ എന്ന കഥാപാത്രം ശ്രിന്ദയുടെ കരിയറിലെ വേറിട്ട പ്രകടനം തന്നെയാണ്. കഴിഞ്ഞിരിക്കുന്നു. മുരളി ഗോപി, ഷൈൻ ടോം ചാക്കോ, മണികണ്ഠൻ ആചാരി എന്നിവരും തങ്ങളുടെ ഭാഗം മികവുറ്റതാക്കി.
'തണ്ണീർമത്തൻ ദിനങ്ങളി'ൽ നിന്ന് നസ്‌ലൻ കെ. ഗഫൂറും 'തട്ടീം മുട്ടീ'മിൽ നിന്നും സാഗർ സൂര്യയും ബഹുദൂരം മുൻപോട്ട് സഞ്ചരിച്ചു. വൈകാരികമായ പ്രമേയത്തെ ഏറെ പരിക്കുകളില്ലാതെ കൈകാര്യം ചെയ്യാൻ അനീഷ് പള്ളിയാലിന്‍റെ തിരക്കഥക്കും അത് സൂക്ഷ്മതയോടെ അവതരിപ്പിക്കാൻ മനു വാര്യരുടെ സംവിധാനത്തിനുമായി. അഭിനന്ദൻ രാമാനുജമിന്‍റെ ഛായാഗ്രഹണവും ജേക്സ് ബിജോയിയുടെ സംഗീതവും അഖിലേഷ് മോഹന്‍റെ എഡിറ്റിങും മിഴിവുറ്റതാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.