കല്യാണം കഴിഞ്ഞ് ബന്ധുക്കൾ മടങ്ങിയശേഷം രണ്ടു മൂന്നു ദിവസം വധൂഗൃഹത്തിൽ താമസിച്ചശേഷമാണ് നവവരനായ അയാൾ ഗ്രാമത്തിലെ തന്റെ വീട്ടിലേക്ക് മടങ്ങുന്നത്. തന്റെ സ്റ്റേഷൻ എത്തിയപ്പോൾ അർധരാത്രി വധുവിന്റെ കൈപിടിച്ച് അയാൾ ഇറങ്ങുന്നു. വീട്ടിലെത്തി വധുവിന്റെ മൂടുപടം ഉയർത്തിയപ്പോഴാണ് അയാളാ ഞെട്ടിക്കുന്ന സത്യം തിരിച്ചറിയുന്നത്. തന്റെ ഭാര്യ മാറിപ്പോയിരിക്കുന്നു. മര്യാദക്ക് പരസ്പരം മിണ്ടിപ്പറഞ്ഞിരുന്നിട്ട് കൂടിയില്ല.
മറ്റാരുടെയോ പെണ്ണിനെയാണ് കൈപിടിച്ചു കൂട്ടിക്കൊണ്ടുവന്നത്. കഷ്ടകാലത്തിന് അതേ കമ്പാർട്ട്മെന്റിൽ അടുത്തടുത്തായി ചുവന്ന സാരിയിൽ മൂടുപടമിട്ട് വേറെയും നവ ദമ്പതികൾ ഉണ്ടായിരുന്നു. അങ്ങനെയാണ് അബദ്ധം പറ്റിയത്. ട്രെയിൻ യാത്രക്കിടെ ഭർത്താവിന്റെ വീടുകളിലേക്ക് തിരിച്ചുപോകുമ്പോൾ പരസ്പരം മാറിപ്പോകുന്ന രണ്ട് യുവ വധുക്കളുടെ കഥയാണ് ലാപത ലേഡീസ് (കാണാതായ സ്ത്രീകൾ). നിർമൽ പ്രദേശ് എന്ന സാങ്കൽപിക ഗ്രാമമാണ് ഹിന്ദി ഭാഷയിൽ ഇറങ്ങിയ ഈ സിനിമയിൽ ചിത്രീകരിച്ചിരിക്കുന്നത്. പുരുഷാധിപത്യത്തിന്റെ മൂടുപടം ഉയർത്തി സംസാരിച്ചു തുടങ്ങുന്നുവെന്നതാണ് സിനിമയിലെ രാഷ്ട്രീയം.
ഉത്തരേന്ത്യൻ ഗ്രാമീണ പശ്ചാത്തലത്തിൽ കൃഷിയും സംസ്കാരവും വിദ്യാഭ്യാസവും സ്ത്രീ അവകാശങ്ങളും ചർച്ച ചെയ്യുന്ന മികച്ച നിലവാരം പുലർത്തുന്ന ഒരു കൊച്ചു ചിത്രം. മൂടുപടം സിനിമയിലുടനീളം ഒരു പ്രതീകമായി നിലകൊള്ളുന്നുണ്ട്. സ്വാഭാവിക നർമത്തിലൂടെ ലിംഗ സമത്വവും സ്ത്രീകളോടുള്ള സമൂഹത്തിന്റെയും കുടുംബത്തിന്റെയും ഒരിക്കലും മാറാത്ത കാഴ്ചപ്പാടുകളും ചർച്ച ചെയ്യുന്നു. കിരൺ റാവുവാണ് ചിത്രം സംവിധാനം ചെയ്തത്. സൂപ്പർ താരങ്ങളോ കോടികൾ മുടക്കിയ സെറ്റോ ത്രസിപ്പിക്കുന്ന സംഘട്ടനമോ ഒന്നുമില്ല. വളരെ സാധാരണമായ എവിടെയും സംഭവിക്കാവുന്ന ഒരു കഥയെ മികച്ച ആഖ്യാനത്തിലൂടെ ആവിഷ്കരിച്ചു വിജയിപ്പിക്കുന്നിടത്താണ് സിനിമ വേറിട്ടുനിൽക്കുന്നത്. സാധാരണക്കാരിൽ സാധാരണക്കാരായ ഗ്രാമീണ സ്ത്രീകളും ഭരണഘടന നൽകുന്ന അവകാശങ്ങളുടെ ഉടമകളാണെന്നും അവ തടയാൻ ആർക്കും സാധ്യമല്ലെന്നും കാണിച്ചുകൊടുക്കുന്ന ജയ (പ്രതിഭ രന്ത), ഫൂൽ കുമാരി (നിതാൻഷി ഗോയൽ) എന്നീ രണ്ടുപേരുടെ കഥയാണിത്.
അവർ ജൈവകൃഷിയടക്കം വിഷയങ്ങളിൽ സംസാരിക്കുകയും ചോദ്യങ്ങൾ ചോദിച്ചു കൊണ്ടേയിരിക്കുകയും ചെയ്യുന്നു. ലളിതമായ കഥപറച്ചിലിലൂടെ കുടുംബത്തിനകത്തെ സ്വരച്ചേർച്ചയും ചേർച്ചയില്ലായ്മയും വരച്ചുകാണിക്കുന്നു. ആക്ഷേപഹാസ്യത്തിന്റെ ചടുലമായ ആഖ്യാനത്തിലൂടെയാണ് സിനിമ മുന്നോട്ടുപോകുന്നത്. ഭർത്താവിനെ കണ്ടെത്താൻ കഴിയാത്ത യുവതികളിലൊരാൾ റെയിൽവേ സ്റ്റേഷനിൽ പതുക്കെ ജീവിതം കരുപ്പിടിപ്പിച്ചു തുടങ്ങുമ്പോൾ മറ്റേയാൾ വിധിയെ പഴിച്ചു കാലം കഴിക്കാതെ വെളിച്ചമുള്ള പ്രതീക്ഷയുടെ പുലരിയിലേക്കായി തന്റെ കണ്ണുകൾ തുറന്നുപിടിച്ചിരിക്കുന്നതായി കാണാം.
മറ്റൊരു പേരിൽ ജീവിച്ചുകൊണ്ട് അവൾ പദ്ധതികൾ ആസൂത്രണം ചെയ്തുതുടങ്ങി. ചിരിക്കാനും അതിലേറെ ചിന്തിക്കാനും ഏറെയുണ്ട് ചിത്രത്തിൽ. പൊലീസ് ഓഫിസറായി അഭിനയിച്ച രവി കിഷൻ തന്റെ റോൾ ഭംഗിയാക്കി. റെയിൽവേ സ്റ്റേഷനിലെ ചായ വിൽക്കുന്ന മഞ്ജു മായി എന്ന സ്ത്രീ അപാരമായ ലോകവിവരവും പ്രായോഗിക ബുദ്ധിയും കാഴ്ചപ്പാടും പ്രകടിപ്പിക്കുന്ന കഥാപാത്രമാണ്. സിനിമയിലെ ഏറെ നിർണായക നിമിഷങ്ങളിലൊക്കെയും ജാഗ്തേ രഹോ (ഉണർന്നിരിക്കുക) എന്ന് മന്ത്രിക്കുന്ന കഥാപാത്രം സംവേദനം ചെയ്യുന്നത് സമൂഹത്തോട് തന്നെയാണ്.
നർമത്തെ പൂർണമായും ഉൾക്കൊള്ളുന്ന റാം സമ്പത്തിന്റെ പശ്ചാത്തല സംഗീതവും ഗ്രാമത്തിന്റെ ദൃശ്യ ഭംഗി ഒപ്പിയെടുക്കുന്ന വികാഷ് നോലഖായുടെ ഛായാഗ്രഹണവും ആകർഷണീയമാണ്. ബിപ്ലവ് ഗോസ്വാമിയുടെ കഥയെ അടിസ്ഥാനമാക്കി സ്നേഹ ദേശായിയും ദിവ്യനിധിയും ചേർന്നാണ് തിരക്കഥ രചിച്ചത്. ആമിർ ഖാൻ, ജ്യോതി ദേശ്പാണ്ഡെ എന്നിവർ ചേർന്നാണ് ലാപത ലേഡീസ് നിർമിച്ചിരിക്കുന്നത്. സ്പർഷ് ശ്രീവാസ്തവ്, ഛായ കദം, രവി കിഷൻ എന്നിവരാണ് മറ്റ് അഭിനേതാക്കൾ. നെറ്റ്ഫ്ലിക്സിൽ ചിത്രം കാണാം.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.