സ്ത്രീയുടെ ഒറ്റക്കുള്ള പോരാട്ടം -'അറിയിപ്പ്' റിവ്യൂ

നുഷ്യൻ വീടകങ്ങളിലേക്ക് ചുരുങ്ങി തെരുവുകൾ നിശബ്ദമായ ആ കാലം. എങ്ങും കൊവിഡ് എന്ന മഹാമാരിയുടെ ഭീതി മാത്രം. അനുദിനം വർദ്ധിച്ചു വന്ന മരണ കണക്കുകളുടെ വാർത്തകൾക്ക് മുന്നിൽ നിസ്സഹായരായ ജനത. അന്നം തീർന്ന കുടിലുകളിൽ മരണം വെന്തകാലം. കഴിഞ്ഞു പോയ ആ കെട്ട കാലത്താണ് 'അറിയിപ്പ്' പറഞ്ഞു തുടങ്ങുന്നത്.

മഞ്ഞു മൂടി തണുത്തുറഞ്ഞ ഉത്തർ പ്രദേശിൽ നിന്നാണ് കാമറ റോൾ ചെയ്ത് കഥയിലേക്ക് വരുന്നത്. നഗര ഗ്രാമങ്ങളിലൂടെ സഞ്ചരിച്ച് ആ നാടിനെയും മനുഷ്യരെയും അടയാളപ്പെടുത്തികൊണ്ടാണ് ചിത്രം മുന്നോട്ട് പോകുന്നത്. ഗ്ലൗസുകൾ നിർമ്മിക്കുന്ന ഫാക്റ്ററിയും അവിടെ ഉണ്ടാവുന്ന മനുഷ്യത്വ വിരുദ്ധമായ ഇടപെടലുകളും അറിയിപ്പിൽ കൃത്യമാണ്. ആ നാട് എങ്ങനെയാണ് കൊവിഡ് കാലത്ത് സാധാരണ മനുഷ്യരോട് ഇടപെട്ടതെന്ന വാർത്തകൾ ഏറെ കണ്ടവരാണല്ലോ നമ്മൾ.


ഫാക്ടറിയിലാണ് കഥ ഏറ്റവും പ്രധാനപ്പെട്ട വഴിയിലേക്ക് കടക്കുന്നത്. പ്രധാന കഥാപാത്രങ്ങളായ ഹരീഷിന്റെയും രശ്മിയുടെയും ജീവിതത്തിൽ അസാധാരണമായ ഒരു ദുരന്തമുണ്ടാകുന്നു. മറ്റാരും നിലതെറ്റി വീണേക്കാവുന്ന ചതി കുഴികളെ അവർ നേരിടാൻ തുടങ്ങുമ്പോൾ കഥക്കൊപ്പം പ്രേക്ഷകനും സഞ്ചരിക്കും. അവിടെയാണ് മഹേഷ് നാരായണന്‍ എന്ന സംവിധായകൻ സ്വയം അടയാളപ്പെടുത്തുന്നത്. രചനയിലൂടെ അക്ഷരങ്ങളുടെ കരുത്ത് നൽകിയതും അദ്ദേഹമാണ്. അതുകൊണ്ടാകാം ഓരോ ഫ്രെമിലെ ജീവിതവും അത്രമേൽ കരുത്തുറ്റതായത്.

അനീതികളെ ചോദ്യം ചെയ്ത് രണ്ടു മനുഷ്യർ മുന്നോട്ട് വരുന്നു. എന്നാൽ നീതി തിരഞ്ഞ് ഇറങ്ങുന്ന രശ്മി വഴികളിൽ ഒറ്റപ്പെട്ടു പോകുന്നു. തുടർന്ന് അസാമാന്യ ലക്ഷ്യബോധത്തോടെ ആ സ്ത്രീ ഒറ്റക്ക് നടത്തുന്ന പോരാട്ടങ്ങളാണ് ചിത്രത്തിന്റെ കാമ്പ്. വിരലിലെ മോതിരം ജോലിക്ക് ബുദ്ധിമുട്ടായപ്പോഴും മാറ്റാതിരുന്ന രശ്മി പിന്നീടത് മുറിച്ചു കളയുന്നുണ്ട്. കരുത്തുറ്റ സ്ത്രീ കഥാപാത്രമായ രശ്മിയിയെ അതിശയിപ്പിക്കും വിധമാണ് ദിവ്യപ്രഭ നിറഞ്ഞാടിയത്. ഹരീഷായി മാറിയ കുഞ്ചാക്കോ ബോബനും രശ്മിയുടെ കഥാപാത്രത്തിന് ജ്വാലയേകി.


അന്യ നാടുകളിൽ ജീവിതത്തെ അതിജയിക്കാൻ പാടുപെടുന്ന മലയാളിയുടെ പരിഛേതവും ചിത്രം വരച്ചിടുന്നു. രാജ്യ തലസ്ഥാനത്തെ പാരിസ്ഥിതിക പ്രശ്നങ്ങളും അതിന്റെ ഭീകരതയും നിറഞ്ഞു നിൽക്കുന്നതാണ് ഫ്രെമുകൾ. പുകമറച്ച നഗരങ്ങൾ മനുഷ്യ ജീവിതത്തെ എങ്ങനെയൊക്കെ സ്വാധീനിക്കുന്നു എന്നും അറിയിപ്പ് അടിവരയിടുന്നു. പലതായ പുകമറക്കുള്ളിൽ മനസ്സ് നഷ്ടമായ മനുഷ്യരെയും ചിത്രത്തിലാകെ വ്യക്തമാണ്. ഹിന്ദിയും തമിഴും ഉൾപ്പെടെ പല ഭാഷകൾ സംസാരിക്കുന്ന കഥാപാത്രങ്ങൾ സാധാരണ പ്രേക്ഷകർക്ക് അലോസരമാകും. എന്നാൽ കഥ ആവശ്യപ്പെടുന്ന സ്വഭാവികതയാണത്.


എല്ലാം ഒരുപോലെ ചേർന്നാലാണല്ലോ കൂടുതൽ മനോഹരമാകുന്നത്. അത്തരത്തിൽ ഒരു ഭംഗി ഇവിടെയുണ്ട്. മറ്റ് ശബ്ദ കോലാഹളങ്ങൾക്ക് പകരം സ്വാഭാവികമായി ഉപയോഗിച്ച ആമ്പിയൻസ് ഓഡിയോ അതിനൊരു ഉദാഹരണമാണ്. കിരൺ, അതുല്യ, ഡാനിഷ് സെയ്ഫുദ്ദീൻ ഇവരൊക്കെയും ഒഴുക്കിനൊപ്പം നിന്ന് കരുത്തേകിയവരാണ്.

സനു വർഗീസാണ് സ്‌ത്രീ പക്ഷത്ത് ഉറച്ചു നിന്ന ജീവിതത്തെ ചിത്രീകരിച്ചത്. മഹേഷ് നാരായണനും രാഹുൽ രാധാകൃഷ്ണനുമാണ് എഡിറ്റിങ്. സ്വതന്ത്രമായ ദൃശ്യാവിഷ്ക്കരത്തിന് സംവിധായകനായ മഹേഷ് നാരായണൻ വീണ്ടും വീണ്ടും കയ്യടി അർഹിക്കുന്നുണ്ട്. ഐ.എഫ്.എഫ്.കെയിൽ ഉൾപ്പെടെ ലഭിച്ച വലിയ സ്വീകാര്യത അതോടൊപ്പം ചേർത്ത് വായിക്കാം.

Tags:    
News Summary - Mahesh Narayanan's Ariyippu Movie Review

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.