പ്രണയം, ഒളിച്ചോട്ടം, വിപ്ലവം മാത്രമല്ല '18+'- റിവ്യു

ലയാള സിനിമയിലെ യുവ കൂട്ടുകെട്ടായ മാത്യു തോമസ്, നസ്ലിൻ ഗഫൂർ എന്നിവർ ചേർന്നഭിനയിച്ചു തിയറ്ററുകളിലെത്തിയിരിക്കുന്ന ഏറ്റവും പുതിയ സിനിമയാണ് 18+. റൊമാന്റിക് കോമഡി ഡ്രാമ ഗണത്തിൽ പെടുന്ന ചിത്രം സംവിധാനം ചെയ്തിരിക്കുന്നത് അരുൺ ഡി ജോസാണ്. ജോ ആൻഡ് ജോ എന്ന ചിത്രത്തിന് ശേഷം മാത്യു തോമസ്- നസ്ലിൻ ഗഫൂർ കൂട്ടുകെട്ടിൽ അരുൺ ഡി. ജോസ് സംവിധാനം ചെയ്തിരിക്കുന്ന രണ്ടാമത്തെ ചിത്രമാണ് 18+ എന്നതും കൗതുകമുണർത്തുന്നു.


വടക്കൻ കേരളത്തിലെ ഒരു പാർട്ടിഗ്രാമത്തിൽ ജനിച്ചു വളർന്ന കുറച്ച് യുവാക്കളുടെയും അവരുടെ സൗഹൃദത്തിന്റെയും പ്രണയത്തിന്റെയുമെല്ലാം കഥയാണ് 18+ എന്ന് വേണം ലളിതമായി പറയാൻ . പോളിടെക്നിക് പഠനം പാതിവഴിയിലുപേക്ഷിച്ച അഖിലാണ് സിനിമയിലെ നായകൻ. നാട്ടിലെ തന്നെ ഒരു വർക്ക് ഷോപ്പിലെ ജോലിയും അതോടൊപ്പം അല്പംസ്വല്പം രാഷ്ട്രീയ പ്രവർത്തനവുമൊക്കെയായി നടക്കുന്നവനാണ് അഖിൽ. അഖിലിന് ഒരു പ്രണയമുണ്ട്. അന്നാട്ടിലെതന്നെ ഏറ്റവും വലിയ പഠിപ്പിസ്റ്റും, പാർട്ടി കുടുംബപശ്ചാത്തലമുള്ള കുടുംബത്തിലെ അംഗവുമായിട്ടുള്ള ആതിരയാണ് അവന്റെ കാമുകി. വളരെ ചെറുപ്പം മുതൽക്കേ കണ്ടു പരിചയമുള്ളവരും പരസ്പരം അറിയുന്നവരുമാണ് ഇരുവരും. ഒരു ഘട്ടത്തിൽ ആ പരിചയം പ്രണയത്തിലേക്ക് മാറുമ്പോൾ അവർക്കൊപ്പം കൂട്ടായി നിൽക്കുന്നത് അഖിലിന്റെ സുഹൃത്തുക്കളാണ്. കൗമാര കാലഘട്ടത്തിൽ തുടങ്ങിയ ആ പ്രണയം ആതിരയുടെ വീട്ടുകാർ അറിയുന്നതോടെ എതിർപ്പുകളും പ്രശ്നങ്ങളും ഉടലെടുക്കുകയാണ്. പ്രശ്നങ്ങൾ കൂടുതൽ സങ്കീർണ്ണമാകുന്നതിനും മുൻപേ തന്നെ അഖിലിനോടൊപ്പം ഒളിച്ചോടുക എന്ന പദ്ധതിക്ക് തുടക്കമിടുന്നതും ആതിരയാണ്. അവളുടെ നിർദ്ദേശപ്രകാരമാണ് ഒളിച്ചോട്ടത്തിനായുള്ള ശ്രമങ്ങൾ അഖിലും കൂട്ടുകാരും തുടങ്ങിവക്കുന്നത്. എന്നാൽ എങ്ങനെ ഒളിച്ചോടണം ഏതുവിധത്തിൽ പദ്ധതികൾ ഒരുക്കണമെന്ന കാര്യത്തിൽ കൃത്യമായ ധാരണയില്ലാത്ത അവർ സഹായത്തിനായി കൂടെ കൂട്ടുന്നത് രാജേഷിനെയാണ് (ബിനു പപ്പു ). അന്നാട്ടിൽ ഒളിച്ചോടി വിവാഹം കഴിച്ചതിന്റെ പേരിൽ വിപ്ലവം സൃഷ്ടിച്ച രാജേഷ് കൂടി അവർക്ക് ഒപ്പം സഹായത്തിനെത്തുന്നതോടെ പിന്നെ കാണാനാവുന്നത് ഒളിച്ചോട്ടത്തിനുള്ള വെപ്രാളപാച്ചിലുകളും , അവർ ചെന്ന് ചാടുന്ന പ്രശ്നങ്ങളും, പ്രശ്നങ്ങളെ തുരുത്തുവാനുള്ള ശ്രമങ്ങളുമൊക്കെയായുള്ള നിരവധി നർമ്മ മുഹൂർത്തങ്ങളാണ്. ഒടുവിൽ,ആ ഒളിച്ചോട്ടം സൃഷ്ടിച്ച പ്രശ്നങ്ങളെ അവർ എങ്ങനെ കൈകാര്യം ചെയ്യുന്നു പ്രശ്നങ്ങൾക്കെല്ലാം എങ്ങനെയവർ പരിഹാരം കണ്ടെത്തുന്നു എന്നതാണ് സിനിമയുടെ മൊത്തത്തിലുള്ള കഥാതന്തു .


പ്രണയവും ഒളിച്ചോട്ടവും വിപ്ലവവും ഒരുപാട് സിനിമകളിലൂടെ കണ്ടു ശീലിച്ച മലയാളസിനിമ പ്രേക്ഷകർക്ക് മുൻപിൽ പുതിയൊരു ശൈലിയിലൂടെയാണ് സംവിധായകൻ അവതരിപ്പിക്കാൻ ശ്രമിച്ചിരിക്കുന്നത്. സിനിമയുടെ മുൻപോട്ടുള്ള കഥാഗതികളെല്ലാം തന്നെ പ്രവചനാതീതമായിരിക്കുമ്പോഴും അഭിനയം, അവതരണം, സംഭാഷണങ്ങൾ, തിരക്കഥ തുടങ്ങിയ ഓരോന്നിന്റെയും മൂല്യം കാരണം അതൊരിക്കലും കണ്ടുമടുത്തേക്കാൻ സാധ്യതയുള്ള ഒരു അവതരണ രീതിയല്ല എന്നുവേണം പറയാൻ. അതുകൊണ്ടുതന്നെ സിനിമ കാണുന്ന പ്രേക്ഷകർക്ക് മുഷിച്ചിൽ എന്ന അവസ്ഥയുണ്ടാവാൻ തന്നെ സാധ്യതയില്ല. യുവത്വത്തിന്റെ പ്രസരിപ്പ് നിറഞ്ഞ പശ്ചാത്തലത്തിൽ കഥ പറയുമ്പോൾ തന്നെ ചിത്രം അവതരിപ്പിക്കുന്ന കാലഘട്ടം മറ്റൊന്നാണ്. ഏതാണ്ട് 2009 കാലഘട്ടത്തിലാണ് കഥ പറയുന്നത്. അത് ബോധ്യപ്പെടുത്തുവാനായി സംവിധായകൻ ബൈക്ക് കാർ കീപാഡ് ഫോൺ തുടങ്ങിയ എല്ലാത്തിലുംതന്നെ സൂക്ഷ്മമായ ശ്രദ്ധയും വെച്ചുപുലർത്തിയിട്ടുണ്ട്. എന്നാൽ റൊമാന്റിക് കോമഡി ഡ്രാമ എന്ന ഗണത്തിൽപ്പെടുത്തുമ്പോഴും സിനിമയെ വെറുമൊരു തമാശപടമായി കാണാനും സാധിക്കില്ല. സ്റ്റാറ്റസിലെ വ്യത്യാസങ്ങൾ, ജാതിബോധം, ജാതിവിവേചനം തുടങ്ങിയ വിഷയങ്ങളെയെല്ലാം സിനിമ അടയാളപ്പെടുത്താൻ ശ്രമിക്കുന്നുണ്ട്. ജാതി വിവേചനത്തിനോടുള്ള എതിർപ്പും സംവിധായകൻ പ്രകടമാക്കുന്നുണ്ട്. അതുകൊണ്ടുതന്നെ മനുഷ്യനെ മനുഷ്യനായി കാണാൻ സാധിക്കുന്ന കമ്മ്യൂണിസ്റ്റ് ആശയത്തോട് നീതിപുലർത്തിയ സിനിമ കൂടിയാണ് 18+.


ചിത്രത്തിലെ നായിക മീനാക്ഷി ദിനേശാണ്. പുതുമുഖ നായിക എന്ന നിലക്ക് മീനാക്ഷി മികച്ച പ്രകടനം തന്നെ കാഴ്ചവച്ചിരിക്കുന്നു. അതോടൊപ്പം സോഷ്യൽമീഡിയയിലൂടെ ശ്രദ്ധേയരായ സാഫ് സഹോദരങ്ങൾ നസ്‍ലെന്റെ പ്രിയപ്പെട്ട രണ്ട് സുഹൃത്തുക്കളായി കൂടി എത്തിയതോടെ സിനിമ മികച്ച എന്റർടൈനർ എന്ന രീതിയിലേക്ക് പൂർണ്ണമായും എത്തിക്കഴിഞ്ഞു എന്നുവേണം പറയാൻ. അതിലുപരി സിനിമ പ്രേക്ഷകർക്ക് നൽകിയ തമാശകളുടെ തൊണ്ണൂറ് ശതമാനവും അവർ നൽകിയ സംഭാവനയാണ് എന്ന് പറഞ്ഞാലും തെറ്റില്ല. അധികം സ്ക്രീൻ സ്പേസ് കിട്ടുന്ന കഥാപാത്രമല്ല എങ്കിൽ കൂടിയും മാത്യു തോമസിന്റെ ദീപക് എന്ന കഥാപാത്രം തിയറ്ററുകളിൽ കയ്യടി നേടിയെടുത്തു. ബിനു പപ്പു, മാത്യു തോമസ്, രാജേഷ് മാധവൻ, മനോജ് കെ യു, ശ്യാം മോഹൻ, നിഖില വിമൽ എന്നിവരാണ് മറ്റു പ്രധാന അഭിനേതാക്കൾ.


എന്റര്‍ടെയ്ന്‍മെന്റ്, റീൽസ് മാജിക്ക് എന്നീ ബാനറിൽ അനുമോദ് ബോസ്, മനോജ് മേനോൻ, ഡോക്ടർ ജിനി കെ. ഗോപിനാഥ്, ജി. പ്രജിത് എന്നിവർ ചേർന്നാണ് ചിത്രം നിർമ്മിച്ചിരിക്കുന്നത്. സതീഷ് കുറുപ്പിന്റെ ഛായാഗ്രഹണവും ക്രിസ്റ്റോ സേവ്യറുടെ സംഗീതവും മികച്ചതാണ്. യുവാക്കളെ ഹരം കൊള്ളിക്കുന്ന ഒരു മികച്ച എന്റെർടൈനർ ചിത്രം തന്നെയാണ് 18+. ചിരിക്കാൻ തയ്യാറുള്ളവർക്ക് ധൈര്യമായും ടിക്കറ്റ് എടുത്ത് സിനിമ കാണാവന്നതാണ്.

Tags:    
News Summary - Malayalam Movie 18 Plus Movie Review

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.