കേരള സംസ്ഥാനത്തിന്റെ ക്രമസമാധാന പരിപാലന, നിയമ നിർവഹണ ഏജൻസിയായ കേരള പൊലീസിന്റെ ദൃഢമായ പ്രവർത്തനം വളരെയധികം പ്രശസ്തമാണ്. കുറ്റാന്വേഷണത്തിൽ ഏത് അന്വേഷണ ഏജൻസിയോടും കിടപിടിക്കാൻ പ്രാപ്തരായ നിരവധി ഉദ്യോഗസ്ഥരടങ്ങിയ കേരള പൊലീസ്, അതികഠിനമെന്ന് തോന്നുന്ന പല കേസുകളും അവരുടെ ബുദ്ധിവൈഭവം ഉപയോഗിച്ച് തെളിയിച്ചിട്ടുണ്ട്. അത്തരത്തിൽ ഒരു കേസ് അന്വേഷണ കഥയാണ് കണ്ണൂർ സ്ക്വാഡ്.
നവാഗതനായ റോബി വർഗീസ് രാജാണ് ചിത്രം സംവിധാനം ചെയ്തിരിക്കുന്നത്. മുൻ കണ്ണൂർ എസ് പി എസ്. ശ്രീജിത്ത് രൂപീകരിച്ച കണ്ണൂർ സ്‌ക്വാഡിന്റെ ഭാഗമായ പൊലീസ് ഉദ്യോഗസ്ഥരുടെ സംഘത്തിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ടാണ് കണ്ണൂർ സ്‌ക്വാഡ് എന്ന ക്രൈം ത്രില്ലർ, റോഡ് മൂവി ചിത്രം ഒരുക്കിയിരിക്കുന്നത്. എന്നാൽ ഇവിടെ ചിത്രത്തിൽ സ്‌ക്വാഡ് ടീം അംഗങ്ങൾ കൈകാര്യം ചെയ്തിരിക്കുന്ന വിഷയം സാങ്കല്പികം മാത്രമാണ്.
മമ്മൂട്ടിയുടെ കഥാപാത്രമായ ‘എ.എസ്.ഐ ജോർജ് മാർട്ടി'നും അദ്ദേഹത്തിന്റെ നേതൃത്വത്തിലുള്ള നാലംഗ പൊലീസ് സംഘം വിരാജ്പേട്ട അതിർത്തിയിലെ കാട്ടിനകത്തുനിന്ന് ഒരു കൂട്ടം രാഷ്ട്രീയകുറ്റവാളികളെ പിടികൂടുന്നതിലൂടെയാണ് സിനിമ ആരംഭിക്കുന്നത്. ഈ നാലുപേരാകട്ടെ വളരെ സാധാരണ പൊലീസ് ഉദ്യോഗസ്ഥരും. സ്വസ്ഥമായ ജീവിതം ജീവിക്കാൻ പോലും തികയില്ലാത്തത്ര കുറഞ്ഞ ശമ്പളം കൈപ്പറ്റുന്നവരാണ് അവരെല്ലാവരും. എന്നാൽ ഇവർ തങ്ങളിൽ എത്തുന്ന കേസുകളെല്ലാം വളരെ എളുപ്പത്തിൽ തെളിയിക്കുന്നവരാണ്. ജോർജിനും സംഘത്തിനും മുൻപിലെത്തുന്ന ഒരു രാഷ്ട്രീയ നേതാവിന്റെ കൊലപാതക കേസിലൂടെയാണ് ചിത്രം സഞ്ചരിക്കുന്നത്.
പൊലീസ് ഉദ്യോഗസ്ഥർ നേരിടുന്ന സമ്മർദ്ദവും, കേസന്വേഷണവും പലതവണ തിയറ്ററുകളിൽ എത്തിയിട്ടുണ്ടെങ്കിലും കണ്ണൂർ സ്ക്വാഡിനെ അതിൽ നിന്ന് വ്യത്യസ്തമാക്കുന്നത് വളരെ അച്ചടക്കമുള്ള രീതിയിൽ സിനിമയെ കൈകാര്യം ചെയ്തതുകൊണ്ടാണ്. അതുപോലെതന്നെ റോഡ് മൂവി സ്വഭാവം നിലനിർത്തുന്നതും സിനിമക്ക് ഏറെ ഗുണകരമായിട്ടുണ്ട്. അതിനായി തിരക്കഥ വഹിച്ച പങ്കും ചെറുതല്ല. മാത്രമല്ല തുടക്കത്തിൽ തന്നെ പ്രതികൾ ആരാണെന്നറിഞ്ഞിട്ടും സിനിമയുടെ അവസാനം വരെ പ്രേക്ഷകരെ ആകാംക്ഷയുടെ മുൾമുനയിലെത്തിക്കാനും ത്രില്ലിങ് ഗ്രിപ്പ് നിലനിർത്താനും സാധിച്ചിട്ടുണ്ട്.
സാങ്കേതികവിദ്യയുടെ വളര്‍ച്ചയും വികാസവും പരമാവധി പ്രയോജനപ്പെടുത്തിയ സിനിമ കൂടിയാണിത്. സൈബർ ഉദ്യോഗസ്ഥർ ഇത്തരം അന്വേഷണങ്ങൾക്കായി എത്രമാത്രം സമയം ചിലവഴിക്കുന്നുവെന്നും പൊലീസ് ഉദ്യോഗസ്ഥരോടൊപ്പം എത്രത്തോളം നിലകൊള്ളുന്നുവെന്നും ചിത്രം ഓർമിപ്പിക്കുന്നുണ്ട്. കൂടാതെ പൊലീസുകാർ അനുഭവിക്കുന്ന സാമ്പത്തിക അരക്ഷിതാവസ്ഥ, തൊഴിലിടങ്ങളിൽ നേരിടേണ്ടി വരുന്ന സൗകര്യക്കുറവുകൾ തുടങ്ങിയ ഗൗരവപ്പെട്ട വിഷയങ്ങളും സിനിമ പറയുന്നു.
എ. എസ്. ഐ ജോർജ് മാർട്ടിൻ എന്ന കഥാപാത്രത്തിലൂടെ മമ്മൂട്ടി കൈടികൾ നേടുമ്പോൾ തന്നെ, ആ കഥാപാത്രത്തിന്റെ നിസ്സഹായതകൾ നമ്മളെ വേദനിപ്പിക്കുന്നുമുണ്ട്. മമ്മൂട്ടിക്കൊപ്പം കണ്ണൂർ സ്‌ക്വാഡിലെ പ്രധാന അംഗങ്ങളായി എത്തുന്നത് റോണി ഡേവിഡ് രാജ്,അസീസ് നെടുമങ്ങാട്, ശബരീഷ് എന്നിവരാണ്. അസീസ് നെടുമങ്ങാടിന്റെ മികച്ച കഥാപാത്രം കൂടിയാണ് ഈ സിനിമയിലേത്. തിരക്കഥയൊരുക്കിയ റോണി ഡേവിഡ് രാജ്, മുഹമ്മദ് ഷാഫി എന്നിവരും അഭിനന്ദനം അർഹിക്കുന്നു. സുശിൻ ശ്യാമിന്റെ സംഗീതവും, കേരളത്തിൽ തുടങ്ങി ഇന്ത്യയൊട്ടാകെ സഞ്ചരിക്കുന്ന ഈ ചിത്രത്തിന്റെ ദൃശ്യഭംഗി ഒപ്പിയെടുത്ത ചിത്രത്തിന്റെ ഛായാഗ്രഹണവും മികച്ചുനിൽക്കുന്നു. കണ്ണൂർ സ്‌ക്വാഡ് സിനിമയിലൂടെ മികച്ചൊരു പുതുമുഖ സംവിധായകനെയാണ് മമ്മൂട്ടി നമുക്ക് നൽകിയതെന്ന് 100 ശതമാനം ഉറപ്പിച്ചു പറയാം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.