അഞ്ചാംവരവിലും ത്രില്ലടിപ്പിച്ച് സേതുരാമയ്യർ

സ്.എന്‍ സ്വാമിയുടെ തിരക്കഥ, കെ. മധുവിന്റെ സംവിധാനം, സ്വര്‍ഗചിത്ര അപ്പച്ചന്റെ നിർമാണം; 1988ലിറങ്ങിയ മമ്മൂട്ടി-കെ. മധു-എസ്.എൻ. സ്വാമി കൂട്ടുകെട്ടിലെ സി.ബി.ഐ സീരീസിന്റെ അഞ്ചാം ഭാഗത്തിന്റെ കാത്തിരിപ്പിന് ഇത്രയൊക്കെ എലമെന്റ്സ് ധാരാളമാണ്. 1988ൽ 'ഒരു സി.ബി.ഐ ഡയറിക്കുറിപ്പ്' ആണ് സീരീസിലെ ആദ്യഭാഗം. തുടർന്ന് 1989ൽ രണ്ടാംഭാഗം 'ജാഗ്രത'യും, 2004ൽ 'സേതുരാമയ്യർ സി.ബി.ഐ'യും, 2005ൽ 'നേരറിയാൻ സി.ബി.ഐ'യും എത്തി. 2005ൽ പുറത്തിറങ്ങിയ നേരറിയാൻ സി.ബി.ഐ എന്ന നാലാം ഭാഗത്തിന് ശേഷം അടുത്ത ഭാഗത്തിനായി പ്രേക്ഷകർ വീണ്ടും കാത്തിരുന്നു. അത്തരത്തിൽ നീണ്ട പതിനേഴ് വർഷത്തെ കാത്തിരിപ്പിന് ശേഷമാണ് 'സി.ബി.ഐ -5 ദി ബ്രെയിൻ' എന്ന അഞ്ചാം ഭാഗം ഇറങ്ങുന്നത്. പ്രേക്ഷകരാവട്ടെ അതിന്റെതായ വൻവരവേൽപ്പോടെയാണ് തീയേറ്ററുകളിൽ എത്തിയതും.

രൂപത്തിലും ഭാവത്തിലും ആ പഴയ സേതുരാമയ്യരായി മമ്മൂട്ടിയെ കാണാനുള്ള ആകാംക്ഷയും, വാഹനാപകടത്തിൽ ഗുരുതര പരിക്കേറ്റതിനെ തുടർന്ന് കിടപ്പിലായ ജഗതി ശ്രീകുമാറിന്റെ തിരിച്ചുവരവ് അറിയുവാനുള്ള കാത്തിരിപ്പും, അതോടൊപ്പം പുതിയ കുറ്റാന്വേഷണത്തിന്റ ആകാംക്ഷയും എല്ലാം കൂടിയായി മൊത്തത്തിൽ സിനിമക്ക് തുടക്കത്തിൽ തന്നെ വൻ സ്വീകാര്യത തന്നെയാണ് ലഭിച്ചത്. കഴിഞ്ഞ നാല് സീസണുകളിലും മലയാളികളെ ത്രില്ലടിപ്പിച്ച ആ പശ്ചാത്തല സംഗീതത്തിന്റെ അകമ്പടിയോടെ തന്നെയാണ് ഇത്തവണയും സേതുരാമയ്യർ കേസന്വേഷണവുമായി മുൻപോട്ട് പോകുന്നത്. പതിവ് പോലെ അന്വേഷണത്തിന്‍റെ കഥാ പശ്ചാത്തലത്തിൽ തന്നെയാണ് ഇത്തവണയും കൗതുകമുള്ളത്. ബാസ്കറ്റ് കില്ലിങ് എന്ന, മലയാള സിനിമ മുമ്പൊരിക്കലും പരീക്ഷിക്കാത്ത ഒരു വിഷയത്തെ കൂട്ടുപിടിച്ചാണ് ഇത്തവണ കഥ മുന്നേറുന്നത്. കുറ്റാന്വേഷണ ലോകത്തെ നവാഗതരെ സ്വാഗതം ചെയ്ത് പുതിയ ദൗത്യത്തിലേക്കുള്ള ആമുഖമെന്ന നിലയിൽ സേതുരാമയ്യരുടെ സഹപ്രവർത്തകനായ ബാലു നടത്തുന്ന ആമുഖ പ്രസംഗത്തിൽ നിന്നുമാണ് സി.ബി.ഐയെ വളരെയധികം കുഴപ്പിച്ച ബാസ്കറ്റ് കില്ലിങിലേക്ക് കഥ പറഞ്ഞു പോകുന്നത്. 



സംസ്ഥാനത്തെ മന്ത്രിയുടെ മരണവും പിന്നാലെയുണ്ടാകുന്ന കൊലപാതകങ്ങളും അതിനെ തുടർന്ന് ഉയർന്നു വരുന്ന ദുരൂഹതകളും തന്നെയാണ് കേസിനെ കൂടുതൽ ഗൗരവത്തിൽ, സി.ബി.ഐയിലേക്ക് കൈമാറ്റം ചെയ്യപ്പെടുന്നത്. മന്ത്രി സമദ്, അദ്ദേഹത്തിന്റെ പേഴ്‌സണൽ ഡോക്ടർ വേണു, ഈ മരണങ്ങളിൽ ദുരൂഹത ആരോപിക്കുന്ന മാധ്യമപ്രവർത്തകനും ആക്ടിവിസ്റ്റുമായ ഭാസുരൻ, പൊലീസ് ഉദ്യോഗസ്ഥൻ ജോസ്‌മോൻ എന്നിങ്ങനെയാണ് മരിച്ചവരുടെ ലിസ്റ്റ്. കേസ് കൂടുതൽ ഗൗരവം ഉള്ളതിനാൽ ഇത്തവണ സേതുരാമയ്യരുടെ അന്വേഷണ സംഘത്തിൽ അംഗസംഖ്യയും കൂടുതലാണ്. അതോടൊപ്പം കാലത്തിനനുസരിച്ചുള്ള മാറ്റവും, ടെക്നോളജി സഹായവും, ടെക്‌നോളജി നിലനിർത്തുന്ന പുത്തൻ സാധ്യതകളുമെല്ലാം ഇത്തവണ അന്വേഷണത്തിനൊപ്പം വലിയ രീതിയിൽ കടന്നു കൂടുന്നുണ്ട്. ചിത്രത്തിന്റെ ആദ്യപകുതിയിൽ കുറ്റകൃത്യവും കുറ്റകൃത്യം നടന്ന പശ്ചാത്തലവുമൊക്കെയാണ് വിവരിക്കുന്നത്. രണ്ടാം പകുതിയിലാണ് ചിത്രം പ്രേക്ഷകരെ കൂടുതലായി എൻഗേജ് ചെയ്യിപ്പിക്കുന്നത്. അവസാനത്തെ 15 മിനിറ്റ് സിനിമ അതിന്റെ ട്വിസ്റ്റും വെളിപ്പെടുത്തുന്നു. ആര്, എങ്ങനെ, എന്തിന് എന്നീ മൂന്ന് ചോദ്യങ്ങൾക്കുമുള്ള ഉത്തരം പഴുതില്ലാതെ തന്നെ അയ്യർ തെളിയിക്കുമ്പോഴും, സി.ബി.ഐയെ ഏറ്റവും അധികം കുഴപ്പിച്ച കേസ് എന്ന സിനിമയിലെ എടുത്തു പറഞ്ഞ വിശേഷണത്തിലെ ആ അലങ്കാരം അല്പം കൂടിപോയി എന്നാണ് തോന്നുന്നത്. അതിന്റേതായ യാതൊരുവിധ പ്രതീതിയും പ്രേക്ഷകർക്ക് അനുഭവപ്പെട്ടില്ല എന്നതാണ് യാഥാർഥ്യം.



 

മമ്മൂട്ടി, സായികുമാര്‍, മുകേഷ്, ജഗതി ശ്രീകുമാർ എന്നിവർ മാത്രമാണ് സിരീസിലെ മുന്‍ ചിത്രങ്ങളില്‍ നിന്നുമുള്ള കഥാപാത്രങ്ങൾ. അതിൽ ജഗതി ശ്രീകുമാർ തന്‍റെ പരിമിതിയിൽ നിന്നുകൊണ്ട് തന്നെ തനിക്ക് ലഭിച്ച കഥാപാത്രത്തെ മികച്ചതാക്കിയിരിക്കുന്നു. എസ്.എൻ. സ്വാമിയുടെ ബ്രില്യന്റ്സിൽ തന്നെയാണ് വിക്രം എന്ന കഥാപാത്രത്തെ ഇവിടെ സ്ക്രിപ്റ്റിൽ പ്ലെയ്സ് ചെയ്തിരിക്കുന്നതും. മുൻ ചിത്രങ്ങളിൽ നിന്ന് വേറിട്ട് ഇത്തവണ അന്വേഷണസംഘത്തിൽ വനിതകളുമുണ്ട്. എന്നാൽ സിനിമ അതിന്റെ ത്രില്ലിങ് സ്വഭാവത്തെ നിലനിർത്തുന്നതിൽ എത്രമാത്രം നീതിപുലർത്തി എന്ന് സംശയിക്കേണ്ടിയിരിക്കുന്നു. യുവനടന്മാരിൽ പ്രമുഖനായ സൗബിനും മികച്ച പ്രകടനമാണ് കാഴ്ച വെച്ചിരിക്കുന്നത്. എല്ലാ സി.ബി.ഐ കഥകളും പോലെ തന്നെ പ്രതി ഇവിടെയും അതിന്റെ അവസാന നിമിഷത്തിൽ തന്നെയാണ് വെളിച്ചത്തോട്ട് വരുന്നത്. പതിവുപോലെ ഇവിടെയും പ്രതി തന്റെ കുറ്റകൃത്യത്തിന്റെ ബാക്കിയായി അവശേഷിപ്പിക്കുന്ന കണിക തന്നെയാണ് കച്ചിത്തുരുമ്പായി അയ്യർ കണ്ടെത്തുന്നതും. എന്നാൽ സിനിമ ഇൻവെസ്റ്റിഗേഷൻ ത്രില്ലർ എന്ന നിലക്ക് പലപ്പോഴും ലാഗായും പ്രേക്ഷകർക്ക് അനുഭവപ്പെട്ടേക്കാം. രണ്ടേമുക്കാല്‍ മണിക്കൂറോളം ദൈര്‍ഘ്യമുള്ള സിനിമ സായികുമാർ, അനൂപ് മേനോൻ, സൗബിൻ ഷാഹിർ, ദിലീഷ് പോത്തൻ, ജി. സുരേഷ്‌കുമാർ, ആശ ശരത്, പ്രതാപ് പോത്തൻ, കനിഹ, കൃഷ്ണ, സുദേവ് നായർ, സന്തോഷ് കീഴാറ്റൂർ തുടങ്ങിയ നിരവധി അഭിനേതാക്കളെ വെച്ചു ചിത്രത്തെ കൂടുതൽ എന്‍ഗേജിങ് ആക്കി നിലനിര്‍ത്തിക്കൊണ്ടുപോവുന്നതില്‍ വിജയിച്ചിരിക്കുന്നു. ശ്യാം എന്ന സംഗീത സംവിധായകൻ തുടങ്ങിവച്ച സി.ബി.ഐയുടെ പശ്ചാത്തല സംഗീതത്തെ ഇത്തവണ സംഗീത സംവിധായകൻ ജേക്സ് ബിജോയ് അതിന്റെതായ മൂഡിൽ തന്നെ നിലനിർത്തിയിരിക്കുന്നു. പ്രീ ഹൈപ്പിനോളം സിനിമ എത്തിയില്ല എങ്കിലും സേതുരാമയ്യർക്ക് കോട്ടം തട്ടിക്കാത്ത മമ്മൂക്കയുടെ പെർഫോമൻസ് കൊണ്ട് തന്നെ വൺ ടൈം വാച്ചബിൾ ആണ് മൂവി. 


Tags:    
News Summary - Movie review -CBI the brain

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.