നമ്മള്‍ വൃത്തിയില്‍ പരിപാലിക്കുന്ന മുടി തലയില്‍ നിന്ന് വേര്‍പ്പെടുന്നതോടെ ആര്‍ക്കും വേണ്ടാതാകും, മോശം വസ്തുവായിമാറും. ഭക്ഷണത്തിലെങ്ങാനും കണ്ടാല്‍ പിന്നെ കലി കയറും, ഒച്ചയെടുക്കും. എത്ര പെട്ടെന്നാണ് ഒരു വസ്തുവിനോടുള്ള നമ്മുടെ നിലപാട് മാറുന്നത്? നിലത്തുവീണ മുടിയെ പോലെ വിവേചനം നേരിടുന്ന മനുഷ്യരും ലോകത്തുണ്ട് എന്ന് വളരെ ലളിതമായി പറഞ്ഞുവെക്കുന്ന സിനിമയാണ് നവാഗതനായ യാസിര്‍ മുഹമ്മദിന്‍റെ 'മുടി'.
ആര്‍ക്കും എളുപ്പം മനസ്സിലാകും വിധമാണ് സിനിമ രാഷ്ട്രീയം പറയുന്നത്. സിനിമയുടെ പശ്ചാത്തലം കോവിഡ് കാലമാണ്. വാര്‍ഡുകളെല്ലാം തരംതിരിച്ച് കണ്ടെയ്ന്മെന്റ് സോണുകളാക്കിയിരുന്ന കാലം. പച്ചക്കറിയും പലചരക്കും വാങ്ങാന്‍ ഒരു വാര്‍ഡില്‍ ഒരു കട മാത്രമാണ് തുറക്കാന്‍ അനുമതി. പണ്ടെന്തോ കാര്യത്തിന് പരസ്പരം തെറ്റിയ ആളുടെ കടയാണ് അതെങ്കിലോ...? എവിടെപ്പോയി സാധനം വാങ്ങിക്കും? അത്യാവശ്യത്തിനുള്ള സാധനം വാങ്ങാന്‍ എന്തുചെയ്യും? ഇതുപോലെയുള്ള എത്രയെത്ര സംഘര്‍ഷങ്ങള്‍ കോവിഡ് കാലത്ത് ആളുകള്‍ അനുഭവിച്ചിട്ടുണ്ടാകുമെന്ന് ചർച്ച ചെയ്യുകയാണ് ഈ സിനിമ.
മനുഷ്യരുടെ മനസ്സോ യാഥാർഥ്യങ്ങളോ മനസ്സിലാക്കാതെയുള്ള നിയമങ്ങള്‍ എന്തെല്ലാം ദുരിതങ്ങളാണ് ജനങ്ങള്‍ക്ക് നല്‍കിയത് എന്നതിന്‍റെ കണക്കെടുപ്പ് ആരും നടത്താതിരിക്കുേമ്പാൾ, വളരെ സുന്ദരമായാണ് 'മുടി' കോവിഡ് കാലത്തെ പറഞ്ഞുവെക്കുന്നത്. അടുക്കും ചിട്ടയുമുള്ള തിരക്കഥയും സിനിമയുടെ ദൃശ്യഭംഗിയും ഈ കഥപറച്ചിലിന്‍റെ മാറ്റ് കൂട്ടുന്നു. പണ്ട് മണിയുടെ ജീവിതത്തില്‍ ഉണ്ടായ സംഭവവും പ്രണയവും രാഷ്ട്രീയവുമെല്ലാം ഒട്ടും മടുപ്പിക്കാതെ പറയുന്നതില്‍ സംവിധായകന്‍ വിജയിച്ചിട്ടുണ്ട്. മാസ് സീനുകളൊന്നും വേണ്ട പ്രേക്ഷകന്‍റെ മനസ്സിലിടം പിടിക്കാന്‍ എന്നതിന് മറ്റൊരു തെളിവ് കൂടിയാണ് ഈ ചിത്രം. വീണ്ടും വീണ്ടും കേൾക്കാൻ ഇഷ്ടപ്പെടുന്ന സിനിമയിലെ ഗാനവും എടുത്ത് പറയേണ്ടതാണ്.
മനുഷ്യന്‍റെ വാശിയും നന്മയുമെല്ലാം പറഞ്ഞുവെക്കുന്ന ലളിതമായ ഈ ചിത്രം നീ സ്ട്രീം ഒ.ടി.ടി പ്ലാറ്റ്‌ഫോമിലാണ് റിലീസ് ആയത്. ആനന്ദ് ബാല്‍, മഞ്ജു സുനിച്ചന്‍ എന്നിവരാണ് കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നത്. സെന്‍ട്രല്‍ ബ്യൂറോ ഗ്രൂപ്പ് ഗ്ലോബലിന്‍റെ ബാനറില്‍ ഹംസം പാടൂര്‍ നിര്‍മിച്ച ചിത്രത്തില്‍ നാസര്‍ കറുത്തേനി, എം. നിവ്യ, അവിസെന്ന എന്നിവർ മറ്റുപ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നു.
യാസിർ, കെ. ഹാഷിർ എന്നിവരാണ് തിരക്കഥ രചിച്ചിരിക്കുന്നത്. ഛായാഗ്രഹണവും എഡിറ്റിങും അഹമ്മദ് നസീബ് നിർവഹിക്കുന്നു. വിമൽ, റനീഷ് എന്നിവരാണ് സംഗീതം. ഗാനരചന- മെഹദ് മഖ്ബൂൽ, ആലാപനം- ഉണ്ണിമായ നമ്പീശൻ, ആർട്ട്- ശശി മേമുറി, സൗണ്ട് ഡിസൈനർ- എം. ഷൈജു, ബി.ജി.എം-ഇഫ്തി, മേക്കപ്പ്- മലയിൽ ഹർഷദ്, എക്സിക്യൂട്ടിവ് പ്രൊഡ്യുസർ- ജി. പ്രദീപ്, പ്രൊഡക്ഷൻ മാജേനർ- വി.എസ്. സിദ്ധാർഥ്, അസോസിയേറ്റ് ഡയറക്ടർ- സലീം ഷാഫി, ചീഫ് അസോസിയേറ്റ് ഡയറക്ടർ- മുഹാശിൻ, സ്റ്റിൽസ്- ഷെഫീർ അലി പാടൂർ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.