'ന്നാ താൻ കേസ് കൊട്' പലരേയും അസ്വസ്ഥരാക്കുന്നുവെങ്കിൽ, ഭയപ്പെടുത്തുന്നുവെങ്കിൽ അത് വിജയിച്ചു എന്ന് ഒറ്റവാക്കിൽ പറയാം. റിലീസ് ചെയ്ത ഇന്നിറങ്ങിയ പോസ്റ്ററിലെ വ്യത്യസ്തമായ 'വഴിയിൽ കുഴിയുണ്ട്, എന്നാലും വന്നേക്കണേ' എന്ന തലക്കെട്ട് ആഴ്ന്നിറങ്ങിയത് സമീപകാലത്ത് നടന്ന ഒരു അപകട മരണത്തിലേക്കായിരിക്കും. എന്നാൽ, പലരും ആ തലക്കെട്ടിനെ രാഷ്ട്രീയപരമായും എടുത്തു എന്നത് സാമൂഹികമാധ്യമത്തിലെ വിചിത്ര ന്യായീകരണ പോസ്റ്റുകൾ പറയും. അതെ, കുഞ്ചാക്കോ ബോബന്റ പുതിയ ചിത്രം 'ന്നാ താൻ കേസ് കൊട്' കുഴിയുടെ രാഷ്ട്രീയമാണ്. സത്യം പറഞ്ഞാൽ 'കൊള്ളേണ്ടവർക്ക് കൊളളും'....
കോർട്ട് റൂം ഡ്രാമ വിഭാഗത്തിൽ വിരലിലെണ്ണാവുന്ന നല്ല ചിത്രങ്ങളുടെ പട്ടികയിലേക്ക് 'ന്നാ താൻ കേസ് കൊട്' കൂടി ഇനി ചേർത്ത് വെക്കാം. ചെയ്യുന്ന സിനിമയിൽ വ്യത്യസ്ഥത വേണം എന്ന നിർബന്ധമായിരിക്കണം ഇത്തരത്തിലുള്ള സാമൂഹിക വിഷയത്തെ വരച്ചുകാട്ടുന്ന സംവിധായകൻ രതീഷ് ബാലകൃഷ്ണൻ പൊതുവാളിന്റെ കിടിലൻ ക്രാഫ്റ്റിനു പിന്നിലെ രഹസ്യം.
സുരാജ് വെഞ്ഞാറമൂടിന് സ്റ്റേറ്റ് അവാർഡ് നേടി കൊടുത്ത ആൻഡ്രോയ്ഡ് കുഞ്ഞപ്പൻ, നിവിൻ പോളിയുടെ കനകം കാമിനി കലഹം എന്നിവ എടുത്ത് നോക്കിയാൽ, ആദ്യ സിനിമ മലയാളിയിലേക്കുള്ള ടെക്നോളജിയുടെ കടന്നുകയറ്റവും രണ്ടാമത്തെ ചിത്രം എക്സിപിരിമെന്റൽ സറ്റയർ കോമഡിയും ആയിരുന്നു. എന്നാൽ, മൂന്നാം ചിത്രം 'ന്നാ താൻ കേസ് കൊട്' പൊളിറ്റിക്കൽ കോമഡി സറ്റയറായിട്ടാണ് ഒരുക്കിയിരിക്കുന്നത്. ചിത്രത്തിലെ സറ്റയറിന് തിയറ്റർ നിറഞ്ഞ കൈയടികൊണ്ടാണ് പ്രേക്ഷകൻ വരവേൽപ്പ് കൊടുക്കുന്നത്. ചോക്ലേറ്റ് തൊപ്പി ഊരിവെച്ച് കുഞ്ചാക്കോ കളംമാറ്റി ചവിട്ടിയിരിക്കുന്നത് അഡാർ വേഷങ്ങളിലേക്കാണ്. തനിക്ക് ബൈക്കിൽ ചുറ്റി പ്രണയിക്കാൻ മാത്രമല്ല, അച്ഛനായും കള്ളനായും വില്ലനായും ജഡ്ജിയായും 'പട'യിലെ രാകേഷ് കാഞ്ഞങ്ങാടിനെപോലെ ഗൗരവ കഥാപാത്രങ്ങളായും നിറഞ്ഞാടാൻ സാധിക്കുമെന്ന് കുഞ്ചാക്കോ അടിവരയിടുന്നത് ഈ ചിത്രത്തിലെ നല്ല നാടൻ പെർഫോമൻസിലൂടെയാണ്.
കൊഴുമ്മൽ രാജീവൻ
14ാം വയസ്സിൽ തുടങ്ങിയ മോഷണം രാജീവൻ നിർത്തിയിട്ട് രണ്ടുവർഷമായി. കൂലി പണിയെടുത്ത് ജീവിച്ചുപോരുന്ന രാജീവൻ അപ്രതീക്ഷിതമായി ഒരു കളവ് കേസിൽ അകപ്പെടുന്നു. വീണ്ടും കള്ളൻ എന്ന വിളിപ്പേര് ചാർത്തിക്കിട്ടുന്നു. താൻ കള്ളനല്ലെന്നും ഈ സംഭവവികാസത്തിനുപിറകിൽ ഒരു കുഴിയാണ് കാരണമെന്നും രാജീവൻ പറയുന്നിടത്തുനിന്നാണ് സിനിമയുടെ പോക്ക്. കോർട്ട് റൂം ഡ്രാമയായിട്ടുപോലും വലിയ തോതിൽ തമാശ ചിത്രത്തിലുണ്ട്. ഒരുനിമിഷം ആ തമാശ കേട്ടിട്ട് ചിരിച്ചുതള്ളുമ്പോളും ആ ചിരിക്കുപിറകിലെ വലിയ വസ്തുത നമ്മൾ എല്ലാവരും ചോദിക്കാൻ ആഗ്രഹിച്ച ചോദ്യങ്ങളും അതിനുള്ള ഉത്തരങ്ങളുമായിരിക്കും.
സിനിമയുടെ വിഷയം കൃത്യമായി വിരൽചൂണ്ടുന്നത് ഇവിടുത്തെ രാഷ്ട്രീയത്തെയാണ്. രാഷ്ട്രീയപാർട്ടികളെ, പാർട്ടി പ്രവർത്തകരെ, ഭരണകൂടത്തെ, ഉന്നത വ്യക്തികളെ എല്ലാമാണ്. അതാണ് നേരത്തെ പറഞ്ഞത് -'കൊള്ളേണ്ടവർക്ക് നല്ലോണം കൊണ്ടിട്ടുണ്ട്.' തൊണ്ടിമുതലിനും ദൃക്സാക്ഷിക്കുശേഷം കാസർകോടൻ ഭംഗിയും ഭാഷയും അപ്പാടെ ഒപ്പിയെടുത്ത സിനിമകൂടിയാണ് 'ന്നാ താൻ കേസ് കൊട്'. ശുദ്ധഹാസ്യമാണ് കാഴ്ചക്കാരെ സിനിമയിലേക്ക് ആകർഷിക്കുന്ന പ്രധാനഘടകം.
ഇനി കുഞ്ചാക്കോ ബോബൻ
രതീഷ് പൊതുവാളിന്റെ ആദ്യ ചിത്രം 'ആൻഡ്രോയ്ഡ് കുഞ്ഞപ്പൻ' നിരസിച്ചതിന്റെ എല്ലാ വിഷമങ്ങളും അപ്പാടെ കാറ്റിൽപറത്തിയ പ്രകടനം. ദേവദൂതർ പാടി... എന്ന പാട്ടിലെ കുഞ്ചാക്കോ തന്നെ ചിട്ടപ്പെടുത്തിയ ഡാൻസ് ഇതോടെ തന്നെ വൈറലാണ്. വ്യത്യസ്തമായ വേഷവും സംഭാഷണരീതിയും നടത്തവും പെരുമാറ്റവും ആകെപ്പാടെ കൊഴുമ്മൽ രാജീവനെ മാത്രമേ നമ്മൾക്ക് ചിത്രത്തിൽ കാണാനാകൂ. കുഞ്ചാക്കോ ബോബൻ എന്ന് കേൾക്കുമ്പോൾ നമ്മളുടെ ഉള്ളിൽ തെളിയുന്ന രൂപം ആലോചിച്ചെടുക്കാൻ പറ്റാത്ത വിധത്തിലുള്ള പ്രകടനം.
പരിചിതമല്ലാത്ത മുഖങ്ങളാണ് ചിത്രത്തിൽ അധികവും. പ്രകടനത്തിലാണെങ്കിൽ ചിത്രത്തിൽ വന്നവരും ഒരു ഷോട്ടിൽ മിന്നിപ്പാഞ്ഞവരും മുഴുനീള കഥാപാത്രങ്ങളും എല്ലാം ഒന്നിനൊന്ന് മെച്ചം. എന്നാലും ജഡ്ജിയും വക്കീലന്മാരും നായിക കഥാപാത്രം ഗായത്രി ശങ്കറും (ഈ മുഖം എവിടെയോ കണ്ടിട്ടുണ്ടല്ലോ എന്ന ഒരു തോന്നൽ ഉണ്ടാക്കാം. ബ്രമാണ്ഡ ഹിറ്റ് 'വിക്രം' ആണ് എന്ന പറഞ്ഞ് ചിന്തയ്ക്ക് അതിർവരമ്പിടുന്നു) കാസർകോടൻ ഭാഷയിൽ പറഞ്ഞാൽ 'മജ'യായിട്ടുണ്ട്. ചില കഥാപാത്രങ്ങളെ എടുത്തുപറയുന്നില്ല. കണ്ട് തന്നെ മനസിലാക്കുക.
ടെക്നിക്കൽ വശം
രാകേഷ് ഹരിദാസിന്റെ നല്ല ഫ്രെയ്മുകൾ മികച്ച രീതിയിൽ വെട്ടികൂട്ടി പാകപ്പെടുത്തിയിട്ടുണ്ട് എഡിറ്റർ മനോജ് കാനോത്ത്. ചിത്രത്തിൽ രണ്ട് പാട്ടുകളും ദേവദൂതർ പാടി എന്ന അഡോപ്റ്റഡ് ഗാനവും മാത്രമാണുള്ളത്. ചിത്രത്തിനനുയോജ്യമാവണ്ണം പാട്ടുകളും വിഷ്വൽസും നന്നായിട്ടുണ്ട്. ഡോൺ വിൻസന്റാണ് സംഗീതം നിർവഹിച്ചിരിക്കുന്നത്.
ഈ കഥയ്ക്ക് പുറമെ മറ്റു പൊള്ളുന്ന രാഷ്ട്രീയവും സാമൂഹിക വ്യവസ്ഥിതിയും ചിത്രം വരച്ചുകാണിക്കുന്നുണ്ട്. രാജീവനോട് വക്കീൽ പറയുന്നുണ്ട്, കോടതിയിൽ ഇനി മുതൽ നിങ്ങളുടേത് 'പൃഷ്ടം' എന്ന പേരിൽ അറിയപ്പെടും എന്ന്. മികച്ച ട്വിസ്റ്റിലൂടെ ചിത്രം അവസാനിക്കുകയും ചെയ്യുന്നു. എന്തായാലും സിനിമ പറഞ്ഞ വിഷയം 'നല്ല ചട്ടകം ചൂടാക്കി പിന്നാമ്പുറം തന്നെയാണ് പൊള്ളിച്ചിട്ടിള്ളത്.'
പിൻകുറിപ്പ്: ആദ്യമായി ഒരു അപകടം ഉണ്ടായതും ബൈപ്പാസിലെ വലിയ കുഴിയിലേക്ക് വീണിട്ടാണെന്ന് അനുഭവസ്ഥൻ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.