ഓജോ ബോർഡിൽ ചിരിയുടെ 'രോമാഞ്ചം'

മലയാള സിനിമയിൽ അധികം പരീക്ഷിക്കാത്ത ഒരു വിഭാഗമാണ് ഹൊറർ കോമഡി. അത്ര ശ്രദ്ധയോടുകൂടി കൈകാര്യം ചെയ്തില്ലെങ്കിൽ പാളിപ്പോകാവുന്ന എന്നാൽ ക്ലിക്കായാൽ വൻ ഹിറ്റാകുന്ന ഴോണർ. അക്കൂട്ടത്തിലേക്ക് എടുത്തുവെക്കാവുന്ന ഒന്നാണ് ജിതു മാധവിന്റെ സംവിധാന മികവിലെത്തിയ 'രോമാഞ്ചം'. ജോണ്‍പോള് ജോര്‍ജ് പ്രൊഡക്ഷന്‍സ്, ഗപ്പി സിനിമാസ് എന്നിവയുടെ ബാനറില്‍ ജോണ്‍പോള്‍ ജോര്‍ജ്, ഗിരീഷ് ഗംഗാധരന്‍, സൗബിന്‍ ഷാഹിര്‍ എന്നിവര്‍ ചേര്‍ന്നാണ് ചിത്രം നിര്‍മ്മിച്ചത്.

ഹൊറർ സിനിമകൾക്ക് ഏതു ഭാഷയിലും ഡിമാൻഡ് അല്പം കൂടുതലാണ്. പേടിപ്പിക്കുന്ന സിനിമയാണെന്ന് അറിഞ്ഞിട്ടും ആ സിനിമ കാണാൻ പ്രേരിപ്പിക്കുന്നത് ഒരു മിഥ്യയെ സത്യമാക്കുന്ന തരത്തിലുള്ള അതിന്റെ അവതരണമാണ്. അതു തന്നെയാണ് ഇത്തരം കഥകളുടെ വിജയവും. ടെൻഷൻ ക്രിയേറ്റ് ചെയ്യുന്നതിനോടൊപ്പം കോമഡി എലമെന്റുകൾ കൂടി വരുമ്പോൾ അത് പ്രേക്ഷകനെ കുറേക്കൂടി പിടിച്ചിരുത്തും എന്നതിന്റെ തെളിവുകൂടിയാണ് 'രോമാഞ്ചം'.

 2007ലെ ബംഗളുരു നഗരമാണ് കഥയുടെ പശ്ചാത്തലം. അവിടെ താമസിക്കുന്ന ഏഴ് പേർ... കഥ തുടങ്ങുന്നതും അവസാനിക്കുന്നതും ഇവരിലൂടെയാണ്. ജീവിതത്തിന്റെ രണ്ടറ്റവും കൂട്ടിമുട്ടിക്കാൻ നന്നേ കഷ്ടപ്പെടുന്നവർ. ഒരു ബാച്ചിലര്‍ മുറിക്ക് ഉണ്ടായിരിക്കേണ്ട എല്ലാ ചേരുവകളും ഇവിടെ ഉണ്ട്. ഒരു ദിവസം തമാശയ്ക്ക് കളിച്ചു തുടങ്ങുന്ന ഓജോ ബോർഡിൽ നിന്നാണ് അവരുടെ ജീവിത ഗതി മാറി തുടങ്ങുന്നത്. ഒരു ഘട്ടം കഴിയുമ്പോൾ ഈ ഓജോ ബോർഡും ഇതിലെ കഥാപാത്രമായി മാറുന്നുണ്ട്. ബാക്കി കഥ ഈ ഏഴ് പേരിലൂടെ ഓജോ ബോർഡ് പറയും.

ഈ കഥ എവിടെയും പ്ലേസ് ചെയ്യാവുന്ന ഏതു കാലഘട്ടത്തിലും ചേരുന്ന ഒന്നാണ്. പിന്നെ എന്തുകൊണ്ട് ബംഗളുരു?

കണ്ടു പരിചയിച്ച ഒരു ബംഗളുരു നഗരം അല്ല ഇതിൽ അവതരിപ്പിച്ചിരിക്കുന്നത്. തിരക്കില്ലാത്ത, ഒച്ചയും ബഹളവുമൊന്നും അധികം ബാധിക്കാത്ത നഗരം. രണ്ടോ മൂന്നോ ലൊക്കേഷനുകളാണ് സിനിമയിലുള്ളത്. കഥയുടെ മുക്കാൽ ഭാഗവും ഒരേ സ്പേയ്സിലാണ് ക്രമീകരിച്ചിരിക്കുന്നത്. 2007ലാണ് കഥ നടക്കുന്നതെന്ന് പറഞ്ഞല്ലോ. പഴയ കാലഘട്ടത്തിലേക്ക് സിനിമയെ മാറ്റുമ്പോൾ അതിനനുസരിച്ച് വെല്ലുവിളികളും ഏറെയാണ്. ഇപ്പോഴത്തെ കാലഘട്ടത്തിനെ അപേക്ഷിച്ച് ചിന്തിക്കാനുള്ള സാധ്യതകൾ കുറവായതിനാൽ ആയിരിക്കാം ഈ ഒരു കാലഘട്ടം തെരഞ്ഞെടുത്തിട്ടുണ്ടാവുക. ഇപ്പോഴത്തെ കാലഘട്ടത്തിലാണ് ഈ കഥ പറയുന്നതെങ്കിൽ അതിന് ആധാരമായ കുറെ കാര്യങ്ങൾ കൂടി വിവരിക്കേണ്ടിവരും. കാലഘട്ടം പിന്നിലേക്ക് നീങ്ങുമ്പോൾ കഥയുടെ അവതരണം കുറേക്കൂടി ലഘൂകരിക്കപ്പെടും. അങ്ങനെയൊരു സാധ്യതയാവാം ഇവിടെ പരീക്ഷിച്ചത്. അതുകൊണ്ടുതന്നെ ഇതിലെ മിക്ക ഫ്രെയിമുകൾക്കും മണ്ണിന്റെ നിറമാണ്. പ്രേക്ഷകനുമായിട്ട് ബന്ധിപ്പിക്കാൻ ഈ ഫ്രെയിമുകൾക്കും കാലഘട്ടത്തിനും കഴിയുന്നുണ്ട്.

കഥാപാത്രങ്ങളെ തിരഞ്ഞെടുക്കുന്നതിൽ ജിത്തു കാണിച്ച ശ്രദ്ധ വളരെ പ്രശംസനീയമാണ്. ഇതിലെ ഓരോ കഥാപാത്രത്തിനും ഓരോ ഒരു വ്യത്യസ്തതയുണ്ട്. കഥ തുടങ്ങി കുറച്ച് കഴിയുമ്പോൾ തന്നെ പ്രേക്ഷകനും അവരിലൊരാളായി മാറിയിട്ടുണ്ടാവും. സൗബിന്‍ ഷാഹിർ, അര്‍ജുന്‍ അശോകൻ, ചെമ്പന്‍ വിനോദ്.... പരിചിതരായി തോന്നുന്നത് ഇവർ മാത്രമാണ്. പിന്നെയുള്ളവരൊക്കെ യൂട്യൂബിലും ഷോർട്ട് ഫിലിമിലുമൊക്കെ കണ്ടു മറന്ന മുഖങ്ങളാണ്. അതുതന്നെയാണ് സിനിമയുടെ ഹൈലൈറ്റ്. പ്രതീക്ഷകൾ ഒന്നുമില്ലാതെ സിനിമയെ സമീപിക്കാൻ ഈ അപരിചിത മുഖങ്ങൾ സഹായിക്കുന്നുണ്ട്. എടുത്തുപറയാവുന്ന താരങ്ങളൊന്നും ഇല്ലെങ്കിലും ഇതിൽ അഭിനയിച്ച ഓരോ കഥാപാത്രങ്ങളെയും എടുത്തു പറയേണ്ടതായിട്ടുണ്ട്. അതിൽ പ്രകടനത്തിൽ ഒരു പടി കൂടി മുന്നിട്ടു നിൽക്കുന്നത് അർജുൻ അശോകനാണ്. ചില മാനറിസങ്ങളൊക്കെ വളരെ രസകരമായി അർജുൻ അവതരിപ്പിക്കുന്നുണ്ട്.നായിക കഥാപാത്രങ്ങളൊന്നുമില്ലെങ്കിലും ഒരു നായികയെ പറഞ്ഞവതിരിപ്പിക്കുന്നതിൽ സിനിമ വിജയിച്ചിട്ടുണ്ട് എന്ന് വേണം കരുതാൻ. സിനിമയുടെ പ്രൊമോഷനുകളിൽ പോലും പരാമർശിക്കാത്ത എന്നാൽ ആദ്യം മുതൽ അവസാനം വരെ നിൽക്കുന്ന നായിക സാന്നിധ്യം കഥയെ വേറെ തലങ്ങളിലേക്ക് എത്തിക്കുന്നുണ്ട്.

ഹൊറർ കോമഡി മലയാള സിനിമയിൽ അപൂർവമായി കണ്ടുവരുന്ന ഒന്നാണ്. അധികം പരീക്ഷിക്കാറില്ല എന്ന് വേണം പറയാൻ. ഇപ്പോൾ ഇറങ്ങുന്ന ഹൊറർ പടങ്ങളെല്ലാം കോമഡി ആവുന്നുണ്ടെന്നത് വേറെ കാര്യം. എന്നിരുന്നാലും കുറച്ച് കാലത്തിനുശേഷം മലയാളത്തിൽ വരുന്ന ഒരു ഹൊറർ കോമഡി ചിത്രമായതിനാൽ രോമാഞ്ചത്തിന് സാധ്യതകൾ ഏറെയാണ്.

രോമാഞ്ചം സിനിമയെ അതിന്റ ഫോമിൽ എത്തിക്കാൻ സുഷിൻ ശ്യാം വഹിച്ച പങ്ക് വളരെ വലുതാണ്. ഹൊറർ ചിത്രങ്ങൾക്ക് സ്ഥിരമായി കണ്ടുവരുന്ന ഒരു ബി.ജി.എം സ്ട്രക്ചർ ഉണ്ട്. അതിനെയൊക്കെ പൊളിച്ചടുക്കിയാണ് സുഷിൻ പശ്ചാത്തല സംഗീതം ഒരുക്കിയിരിക്കുന്നത്. ഓരോ ഇടത്തും സാഹചര്യങ്ങൾക്കനുയോജ്യമായ മികച്ച ബാക്ക്ഗ്രൗണ്ട് സ്കോറുകൾ സിനിമയെ കൂടുതൽ എൻഗേജിങ്ങാക്കുന്നു. റിലീസിനു മുൻപേ ഹിറ്റായ 'ആദരാഞ്ജലി' പാട്ട് റീൽസിലും മറ്റും ഉണ്ടാക്കിയ ഓളം കുറച്ചൊന്നുമല്ല. കിടിലൻ ട്രാക്കാണ് സുഷിന്റേത്. കണ്ടിരിക്കുന്നവരും അറിയാതെ ആ താളത്തിലേക്ക് കയറും.

സിനിമ അവസാനിക്കുമ്പോഴുണ്ടാകുന്ന പ്രേക്ഷകരുടെ കൺഫ്യൂഷനുള്ള മറുപടി രണ്ടാം ഭാഗത്തിൽ മാറി കിട്ടാനാണ് സാധ്യത. അതുവരെ മിഥ്യയും യാഥാർത്ഥ്യം തമ്മിലുള്ള ഒരു മൽപ്പിടുത്തത്തിൽ ആയിരിക്കും പ്രേക്ഷകർ. സനു താഹിർ ഛായഗ്രഹണം നിർവഹിച്ച ചിത്രത്തിന്റെ എഡിറ്റിങ്ങ് നിർവഹിച്ചത് കിരൺദാസാണ്.

ശ്രദ്ധിക്കാതെ പോയ ഒരു പടം. തലേദിവസം കണ്ട ട്രെയിലറിന്റെ ബലത്തിൽ മാത്രം പോയി ടിക്കറ്റ് എടുത്ത പടം. അത് എന്തായാലും വെറുതെയായില്ല. പക്ഷേ ട്രെയിലർ കണ്ട് ഉണ്ടാക്കി വെച്ച ചില മുൻ ധാരണകൾ പടം പൊളിച്ചടിക്കി തരുന്നുണ്ട്. പടം കണ്ട് രോമാഞ്ചം ഒന്നും വന്നില്ലെങ്കിലും ചിരിച്ചു ചിരിച്ചു ഊപ്പാട് തകർന്നിട്ടുണ്ട്. സിറ്റുവേഷണൽ കോമഡികൾ കഥയുടെ ഒഴുക്കിനനുസരിച്ച് കണക്ട് ചെയ്യാൻ പറ്റുന്നുണ്ട്.

 വലിയ കഥയോ, ട്വിസ്റ്റോ സങ്കീർണതകളോ ഒന്നും ഇതിലില്ല എങ്കിലും രസകരമായ അന്തരീക്ഷത്തിലാണ് കഥ പറഞ്ഞു പോകുന്നത്. അടി കപ്യാരെ കൂട്ടമണി, ഇൻ ഗോസ്റ്റ് ഹൗസ് ഇൻ എന്നീ ചിത്രങ്ങളുടെ ഒരു മൂഡിലാണ് രോമാഞ്ചവും സഞ്ചരിക്കുന്നത്. ഈ ചിത്രങ്ങൾ ഉണ്ടാക്കിയ ഒരു ഓളമുണ്ടല്ലോ. ആ കിക്ക് ഈ ചിത്രവും തരും എന്നതിൽ സംശയമില്ല. അതുകൊണ്ടുതന്നെ എല്ലാ വിഭാഗക്കാർക്കും ഇഷ്ടപ്പെടുമോ എന്ന് സംശയമാണ്. പക്ഷേ യൂത്തിന് ആഘോഷിക്കാനുള്ള, ഘടകങ്ങളൊക്കെ ഇതിലുണ്ട്.

സങ്കീർണതകളേതുമില്ലാതെ രണ്ടര മണിക്കൂർ ചിരിച്ച് തിയേറ്റർ വിടാം. അത്രയേറെ ഇൻട്രസ്റ്റിങ് ആണ് ഇതിലെ കഥയും കഥാപാത്രങ്ങളും. തീയറ്റർ വിട്ട് ഇറങ്ങിയാലും അതിന്റെ ഹാങ്ങോവർ അങ്ങനെ നിലനിൽക്കും. ഇത് തന്നെയാണ് സിനിമയുടെ വിജയം.

Tags:    
News Summary - Romancham movie review

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.