വിവാഹശേഷം കുട്ടികൾ വേണ്ട എന്ന് വെക്കുന്നവർക്ക് അതിന് പല കാരണങ്ങളും ഉണ്ടാകും. എന്നാൽ, പ്രസവിക്കാനും കുട്ടികളെ നോക്കാനും താൽപര്യപ്പെടാത്തതിന് അത്തരത്തിൽ എടുത്തു പറയത്തക്ക കാരണങ്ങൾ ഒന്നുമില്ലാത്ത സാറയെ പരിചയപ്പെടുത്തുകയാണ് ജൂഡ് ആന്‍റണി ജോസഫ് 'സാറാസി'ലൂടെ. 'എനിക്ക് കുട്ടികളെ പ്രസവിക്കാനും നോക്കാനും ഇഷ്ടമില്ല' എന്ന അവൾ പ്രഖ്യാപിക്കുന്നത് പ്രത്യേകിച്ച് കാരണങ്ങളൊന്നുമില്ലാതെയാണെന്നതാണ് അതേക്കുറിച്ച് ഏറ്റവും ലളിതമായി പറയാൻ പറ്റുന്ന കാര്യം. പുരുഷന്മാരെ പോലെ തന്നെ സ്ത്രീകൾക്കും ഏതു കാര്യത്തിലും അഭിപ്രായമുണ്ടാകുമെന്നും അവർക്കും തെരഞ്ഞെടുപ്പിനുള്ള സ്വാതന്ത്ര്യം ഉണ്ടെന്നുമുള്ള ഓർമ്മപ്പെടുത്തൽ കൂടിയാണ് 'സാറാസ്'.
ആമസോൺ ഒ.ടി.ടിയിൽ റിലീസ് ചെയ്ത 'സാറാസി'ൽ സണ്ണി വെയ്നും അന്ന ബെന്നുമാണ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. സിനിമ മേഖലയിൽ തൊഴിൽ ചെയ്യുന്ന സാറയുടെ തീവ്രമായ ആഗ്രഹം സ്വന്തമായി ഒരു സിനിമ എഴുതി സംവിധാനം ചെയ്യുക എന്നതാണ്. അത്തരത്തിൽ സ്വന്തം സിനിമയുടെ സ്ക്രിപ്റ്റ് സംബന്ധമായ പഠനത്തിനായാണ് അവൾ സുഹൃത്തിന്‍റെ നിർദേശപ്രകാരം ഫോറൻസിക് സർജൻ ആയ ഡോക്ടർ സന്ധ്യ ഫിലിപ്പിനെ തേടി അവരുടെ ഫ്ലാറ്റിൽ ചെല്ലുന്നത്. ബംഗളൂരുവിലെ ജോലി കളഞ്ഞു ചേച്ചിയുടെ മക്കളെയൊക്കെ നോക്കി കഴിയുന്ന സന്ധ്യയുടെ സഹോദരൻ ജീവനെ സാറ കണ്ടുമുട്ടുന്നത് അവിടെ വെച്ചാണ്. കുട്ടികളോട് താത്പര്യകുറവോടെയുള്ള ജീവന്‍റെ പെരുമാറ്റം സാറയെ ജീവനിലേക്ക് കൂടുതൽ അടുപ്പിക്കുന്നു. തുടർന്ന് കുട്ടികൾ വേണ്ട എന്ന രണ്ടുപേരുടെയും തീരുമാനത്തിൽ വിവാഹവും നടക്കുന്നു. കുടുംബത്തെ കുറിച്ചുള്ള കാഴ്ചപ്പാടുകളിൽ മക്കൾ എന്നത് നിർബന്ധിതമായ ഒന്നായതിനാൽ വിവാഹം കഴിഞ്ഞു അധികനാളുകൾക്കുള്ളിൽ തന്നെ വീട്, ചുറ്റുപാട് തുടങ്ങിയ ഇടങ്ങളിൽ നിന്നെല്ലാം അവർക്ക് അത്തരത്തിലുള്ള ചോദ്യങ്ങൾ നേരിടേണ്ടി വരുന്നു. എന്നാൽ, അവർ തങ്ങളുടെ തീരുമാനത്തിൽ ഉറച്ചുനിൽക്കുമ്പോൾ അത് മറ്റു ബന്ധുക്കളിൽ അസ്വാരസ്യങ്ങളും ഉണ്ടാക്കുന്നു.
ഇതിനിടയിൽ ഇരുവരുടെയും കണക്കുകൂട്ടലുകൾ തെറ്റിച്ചുകൊണ്ട് സാറ ഗർഭിണി ആകുന്നു. അച്ഛൻ ആകാൻ പോകുന്നു എന്ന സാഹചര്യത്തിൽ എത്തുമ്പോൾ ജീവനിൽ മനംമാറ്റം സംഭവിക്കുകയും അയാൾ മനസ്സുകൊണ്ട് അതിന് തയ്യാറെടുക്കുകയും ചെയുന്നു. എന്നാൽ മികച്ച കരിയർ വലിയ സ്വപ്നമായി കാണുന്ന സാറക്ക് യാതൊരുവിധത്തിലും ഒരു കുട്ടിയെ ഗർഭം ധരിക്കുക എന്ന ഉത്തരവാദിത്തം ഏറ്റെടുക്കുവാൻ താൽപര്യമില്ലാത്തതിനാൽ അവൾ അതിനെ എതിർക്കുന്നു. തുടർന്നുള്ള സംഘർഷങ്ങളിലൂടെയാണ് സിനിമ മുേമ്പാട്ട് പോകുന്നത്. പെൺകുട്ടികൾ എന്നാൽ പ്രസവിച്ചു മക്കളെ നോക്കി വീട്ടിൽ അടങ്ങിയൊതുങ്ങി ഇരിക്കേണ്ടവരാണെന്ന ചില കീഴ്വഴക്കങ്ങളും സിനിമ മോഹമാക്കി അതിന് വേണ്ടി പ്രയത്നിക്കുന്ന പെൺകുട്ടികളോടുള്ള സമൂഹത്തിന്‍റെ മനോഭാവവും സ്ത്രീകളുടെ കഴിവുകളെ അടിച്ചൊതുക്കി കുടുംബത്തിന് വേണ്ടി അവരെ പരുവപ്പെടുത്തുന്ന സമ്പ്രദായവും സ്ത്രീകൾക്ക് അത്യാവശ്യം സ്വാതന്ത്ര്യം കൊടുക്കുന്ന പുരുഷന്മാരും സിനിമയിലെത്താനുള്ള സിനിമാമോഹികളുടെ പരിശ്രമങ്ങളും സിനിമ മേഖലക്ക് ഉള്ളിൽ തന്നെ പെൺകുട്ടികൾ നേരിടുന്ന പ്രശ്നങ്ങളുമെല്ലാം ഇവിടെ പറയുന്നുണ്ട്. സിനിമയിലെ താരജാഡകളെയടക്കം ആക്ഷേപഹാസ്യപരമായി 'സാറാസ്' അവതരിപ്പിക്കുന്നു.
വിവാഹിതയാകാനും കുടുംബ ജീവിതം നയിക്കാനും അമ്മയാകാനുമെല്ലാം സ്വഭാവികമായും നിർബന്ധിതയാകുന്ന പെൺകുട്ടികളുടെ പ്രതിനിധി തന്നെയാണ് ഇവിടെ സാറയും. എന്നാൽ അത്തരത്തിൽ അടിച്ചേൽപ്പിക്കുന്ന നിർബന്ധിത മാതൃത്വത്തോടുള്ള അവളുടെ പോരാട്ടമാണ് അവളെ മറ്റുള്ളവരിൽ നിന്നും വ്യത്യസ്തയാക്കുന്നത്. അതോടൊപ്പം സ്വന്തം ഇഷ്ടങ്ങൾക്കും ആദർശങ്ങൾക്കും അനുസരിച്ചു തൊഴിൽ ചെയ്യാനുള്ള അവസരം കണ്ടെത്തുക എന്ന അവളുടെ ലക്ഷ്യത്തിലേക്കുള്ള പ്രയാണം കൂടിയാണ് സിനിമ. സണ്ണി വെയ്നിന്‍റെ കരിയറിലെ മികച്ച കഥാപാത്രങ്ങളിൽ ഒന്ന് തന്നെയാണ് ഈ സിനിമയിലെ ജീവൻ. എന്നാൽ, സാറയുടെ വൈകാരികമായ ഭാവം ഉൾക്കൊള്ളുന്നതിൽ അന്ന ബെൻ പൂർണമായി വിജയിച്ചോെയന്ന് സംശയമുണ്ട്.
സിദ്ധീഖിന്‍റെ ഡോക്ടർ ഹാഫിസ് എന്ന കഥാപാത്രം മികച്ചതാണ്. വിനീത് ശ്രീനിവാസന്‍, മല്ലിക സുകുമാരന്‍, കളക്ടര്‍ ബ്രോ പ്രശാന്ത് നായര്‍, ധന്യ വര്‍മ്മ, വിജയകുമാര്‍, അജു വര്‍ഗീസ്, സിജു വില്‍സണ്‍, ശ്രിന്ദ, ജിബു ജേക്കബ്, പ്രദീപ് കോട്ടയം തുടങ്ങി നിരവധി പേര്‍ ചിത്രത്തില്‍ പ്രധാന വേഷത്തില്‍ എത്തിയിട്ടുണ്ട്. ശാന്ത മുരളിയും പി.കെ. മുരളീധരനും ചേർന്ന് നിർമ്മിച്ച ചിത്രം നർമ്മത്തിന്‍റെ മേമ്പൊടിയിൽ സൂക്ഷ്‌മതയോടെ കൈകാര്യം ചെയ്ത തിരക്കഥ കൂടിയാണ്. പുതുമുഖമായ അക്ഷയ് ഹരീഷ് ആണ് തിരക്കഥ ഒരുക്കിയിരിക്കുന്നത്. നിമിഷ് രവിയുടെ ഛായാഗ്രഹണം മികച്ചതാണ്. അന്ന ബെന്നിന്‍റെ പിതാവ് ബെന്നി പി. നായരമ്പലവും ചിത്രത്തിൽ അഭിനയിക്കുന്നു എന്ന പ്രത്യേകതയുണ്ട്. വിനീത് ശ്രീനിവാസനും ഭാര്യ ദിവ്യയും ആദ്യമായി ഒരുമിച്ച് സിനിമയിൽ പാടുന്നു എന്നതും മറ്റൊരു പ്രത്യേകതയാണ്. പ്രേക്ഷകർക്ക് ആസ്വദിക്കാൻ സാധിക്കുന്ന ഒരു ഫീൽഗുഡ് സിനിമ തന്നെയാണ് 'ഓം ശാന്തി ഓശാന', 'ഒരു മുത്തശ്ശി ഗഥ' എന്നീ സിനിമകൾക്ക് ശേഷം ജൂഡ് ആന്‍റണി ജോസഫ് ഒരുക്കിയിരിക്കുന്ന 'സാറാസ്'.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.