1965- 85 കാലഘട്ടത്തിലെ കാശ്മീരിന്റെ പശ്ചാത്തലത്തിൽ പറയുന്ന പ്രണയകഥയാണ് 'സീതാരാമം'. ഇന്ത്യൻ ആർമിയിൽ ലഫ്റ്റനെന്റ് ആയിരുന്ന റാം തന്റെ പ്രണയിനിയായ സീതയ്ക്ക് എഴുതിയ കത്ത് ഇരുപത് വർഷങ്ങൾക്ക് ശേഷം അഫ്രിൻ എന്ന പാകിസ്ഥാനി യുവതി വഴി സീതയിലേക്ക് എത്തുന്നാണ് ചിത്രത്തിന്റെ ഇതിവൃത്തം. എന്നാൽ സീതയെ കണ്ടെത്തുകയെന്നത് അഫ്രിന് ശ്രമകരമായൊരു ദൗത്യമായിത്തീരുന്നു. ചിത്രത്തിന്റെ തുടർന്നുള്ള കഥാഗതിയിൽ റാമിന്റെയും സീതയുടെയും ജീവിതത്തിലെ സംഭവങ്ങൾ അഫ്രിനിലെന്നപോലെ പ്രേക്ഷകനിലും ആകാംക്ഷ ജനിപ്പിക്കുന്നു.
പലപ്പോഴും കഥയിൽ അഫ്രിനും പ്രേക്ഷകനും തമ്മിലുള്ള അന്തരം നേർത്തുവരുന്നതും കാണാം. ചിത്രത്തിലുടനീളം ഈ ആകാംക്ഷ നിലനിർത്തുന്നതിൽ അണിയറപ്രവർത്തകർ പൂർണ്ണമായും വിജയിച്ചിരിക്കുന്നു.
പേരിനൊരു സൈനിക പശ്ചാത്തലം ഉൾപ്പെടുത്തി, പലപ്പോഴായി കണ്ടുപരിചയിച്ചിട്ടുള്ള പ്രണയകഥയുടെ എല്ലാ ചേരുവകൾകളും ചേർത്തൊരുക്കിയ ഒരു സാധാരണ പ്രണയകഥയെന്ന് തോന്നിപ്പോകുന്ന ആദ്യപകുതിയിൽ നിന്ന് രണ്ടാംപകുതിയിലേക്ക് എത്തുമ്പോൾ നായകന്റെ സൈനിക ജീവിതത്തിനും പ്രണയത്തിനും തുല്യപ്രാധാന്യം നൽകി, സംവിധായകൻ ഹനു രാഘവപുഡി ചിത്രത്തെ വൈകാരികമായി മറ്റൊരു തലത്തിലെത്തിക്കുന്നു.
റാമായി ദുൽഖറും സീതയായി മൃണാൾ താക്കൂറും രൂപത്തിലും ഭാവത്തിലും പ്രകടനത്തിലും മികച്ചുനിൽക്കുന്നു. ചിത്രത്തിലെ പ്രണയമുഹൂർത്തങ്ങളെ അതിന്റെ എല്ലാ വൈകാരികതയോടുംകൂടി പ്രേക്ഷകന് അനുഭവവേദ്യമാകുന്ന രീതിയിൽ അവതരിപ്പിക്കാൻ ദുൽഖർ-മൃണാൾ ജോഡിക്ക് കഴിഞ്ഞുവെന്നതിൽ സംശയമില്ല. അഫ്രിനായി എത്തുന്നത് തെലുങ്കിലെ സൂപ്പർ നായിക രശ്മിക മന്ദാനയാണ്. പതിവ് ഗ്ലാമറസ് നായികാവേഷങ്ങളിൽ നിന്നും വ്യത്യസ്തമായ കഥാപാത്രമായി മാറുന്നതിൽ രശ്മിക പ്രത്യേക പ്രശംസ അർഹിക്കുന്നു.
ദൃശ്യങ്ങളെ അതിന്റെ ഭംഗി ചോരാതെ അവതരിപ്പിക്കുന്നതിൽ സംവിധായകനും ഛായാഗ്രാഹകനും മികവ് പുലർത്തുന്നു. വിശാൽ ചന്ദ്രശേഖറാണ് ഹൃദ്യമായ ഗാനങ്ങൾക്ക് സംഗീതം ഒരുക്കിയിരിക്കുന്നത്. പതിവ് മൊഴിമാറ്റ ചിത്രങ്ങളുടെ പോരായ്മകൾക്കൊന്നും ഇടം കൊടുക്കാതെ, ചിരിയും ചിന്തകളുമൊക്കെ പ്രേക്ഷകനിലേക്ക് കൃത്യമായി എത്തിക്കുന്നുണ്ട്.
മഹാനടിക്കുശേഷം ദുൽഖർ സൽമാൻ പ്രധാന വേഷത്തിലെത്തുന്ന തെലുങ്ക് ചിത്രം കൂടിയാണ് സീതാ രാമം. 'വിക്രം' എന്ന ചിത്രത്തിലൂടെ ഫഹദ് ഫാസിൽ പാൻ ഇന്ത്യൻ പദവിയിലേക്കുള്ള തന്റെ യാത്ര തുടങ്ങിവെക്കുമ്പോൾ 'സീതാ രാമത്തിലൂടെ' ദുൽഖർ തന്റെ പദവി ഉറപ്പിക്കുകയാണെന്ന് പറയാം. തരുൺ ഭാസ്‌കർ, സുമന്ത്, ഗൗതം വാസുദേവ് മേനോൻ, വെണ്ണിലാ കിഷോർ എന്നിവരാണ് മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നത്. ചെറുതെങ്കിലും പ്രകാശ് രാജിന്റെ സാന്നിധ്യം ചിത്രത്തിന്റെ ക്ലൈമാക്‌സ് രംഗങ്ങൾ മികവുറ്റതാക്കുന്നു.
ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതി നിഷേധിച്ച സാഹചര്യത്തിലാണ് ചിത്രം പുറത്തിറങ്ങിയിരിക്കുന്നത്. മതങ്ങൾക്കും, ആചാരങ്ങൾക്കും, ദേശാതിർത്തികൾക്കുമെല്ലാം മീതെയാണ് മാനുഷികമൂല്യങ്ങൾ നിലകൊള്ളുന്നത് എന്ന ചിത്രത്തിന്റെ ആശയത്തിന് പ്രസക്തിയേറെയാണ്.
തെലുങ്കിന് പുറമേ തമിഴിലും മലയാളത്തിലും ചിത്രം റിലീസിനെത്തുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.