പ്യാലി, കുഞ്ഞുമനസ്സുകളുടെ കഥ പറയുന്ന ഒരു കുട്ടി സിനിമ. കുട്ടികൾക്കും മുതിർന്നവർക്കും ഒരേപോലെ പ്യാലി ആസ്വദിക്കാൻ കഴിയും. അഞ്ചുവയസുകാരി പ്യാലിയുടെയും ചേട്ടൻ സിയയുടെയും കഥ പറയുന്നതാണ് ചിത്രം. പാർശ്വവൽക്കരിക്കപ്പെടുന്ന ഒരു സമൂഹത്തെ പ്രതിനിധീകരിക്കുന്നതാണ് ഇരുവരും.
പ്യാലിക്ക് അഞ്ചുമാസം പ്രായമുള്ളപ്പോൾ ജമ്മു കശ്മീർ സ്വദേശികളായ മാതാപിതാക്കൾ നഷ്ടപ്പെടുന്നു. നിർമാണ തൊഴിലാളികളായ ഇരുവരും കൊച്ചിയിൽ കെട്ടിടം പണിക്കിടെയാണ് മരിക്കുന്നത്. പിന്നീട് ചേട്ടനായ സിയയാണ് പ്യാലിക്കെല്ലാം. കേരളത്തിൽ ജനിച്ചുവളരുന്ന ഇരുവരും നല്ലപോലെ മലയാളം സംസാരിക്കും. പ്യാലിയുടെ എന്ത് ആവശ്യത്തിനും കൂട്ടായി സിയയുണ്ടാകും. കൊച്ചിയിലെ ട്രാഫിക് സിഗ്നലിൽ സാധനങ്ങൾ വിറ്റാണ് സിയ വരുമാനം കണ്ടെത്തിയിരുന്നത്. മികച്ച ഒരു കലാകാരൻ കൂടിയാണ് സിയ. ജീവിതം സന്തോഷത്തോടെ മുന്നോട്ടുപോകുന്നതിനിടയിൽ ഇരുവർക്കും നേരിടേണ്ടി വരുന്ന പ്രതിസന്ധികളും അതിൽനിന്ന് പുറത്തുകടക്കുന്നതുമാണ് സിനിമയുടെ പ്രമേയം.
മികച്ച ബാലതാരത്തിനും കലാസംവിധാനത്തിനുമുള്ള ഇത്തവണ സംസ്ഥാന അവാർഡ് പ്യാലിക്കായിരുന്നു. ചിത്രം വെള്ളിയാഴ്ചയാണ് തിയറ്ററുകളിൽ എത്തിയത്. നവാഗതരും ദമ്പതികളുമായ ബബിതയും റിന്നും ചേർന്നാണ് ചിത്രത്തിന്റെ രചനയും സംവിധാനവും. ടൈറ്റിൽ റോളായ പ്യാലിയെ അവതരിപ്പിക്കുന്ന ബാർബി ശർമ്മയും സിയയായി എത്തുന്ന ജോർജ് ജേക്കബും പ്രകടനംകൊണ്ട് നമ്മെ അത്ഭുതപ്പെടുത്തും. ഇരുവരും ഒന്നിച്ചെത്തുന്ന സീനുകൾ കണ്ടിരിക്കുന്നവരുടെ മനസും സന്തോഷംകൊണ്ട് കണ്ണും നിറക്കും. സാഹോദര്യ സ്നേഹം പറയുന്ന ചിത്രത്തിൽ കുട്ടികളുടെ വിശാലമായ ലോകം മനോഹരമായി കാണിച്ചുതരുന്നു.
കാമറയും സംഗീതവുമെല്ലാമായി ആസ്വദിക്കാൻ ഏറെയുണ്ട് ചിത്രത്തിൽ. കുട്ടികൾക്ക് ഒരു കഥപോലെ കണ്ടിരിക്കാം. അവരെ അത്ഭുതപ്പെടുത്താനുള്ള കഴിവും പ്യാലിക്കുണ്ടെന്ന് പറയാം. ജിജു സണ്ണിയാണ് ചിത്രത്തിന്റെ കാമറ. ചിത്രത്തിനാവശ്യമായ കാമറ കാഴ്ചകൾ വളരെ മനോഹരമായി പകർത്തിയിട്ടുണ്ട് അദ്ദേഹം. കഥയോട് ഇണങ്ങുന്ന പാട്ടുകളാണ് പ്യാലിയുടെ മറ്റൊരു പ്രത്യേകത. പ്യാലിയെ മികച്ച ഒരു അനുഭവമാക്കുന്നതിന് പാട്ടുകൾക്കും വലിയൊരു പങ്കുണ്ട്. പ്രശാന്ത് പിള്ളയാണ് പ്യാലിയുടെ സംഗീതം നിർവഹിച്ചിരിക്കുന്നത്.
പ്യാലിയിലെ മറ്റ് പ്രധാന താരങ്ങളായ ശ്രീനിവാസന്‍, മാമുക്കോയ, അപ്പാനി ശരത്, റാഫി, അല്‍ത്താഫ് സലിം, സുജിത് ശങ്കര്‍, ആടുകളം മുരുഗദോസ് എന്നിവരും തങ്ങളുടെ റോളുകൾ ഗംഭീരമാക്കിയിട്ടുണ്ട്. ദുൽഖർ സൽമാന്റെ പ്രൊഡക്ഷൻ കമ്പനിയായ വേഫെറർ ഫിലിംസും നടൻ എൻ.എഫ് വർഗീസിന്റെ പേരിലുള്ള എൻ.എഫ്. വർഗീസ് പിക്ചേഴ്‌സും ചേർന്നാണ് പ്യാലി നിർമ്മിച്ചിരിക്കുന്നത്. മനസ് നിറക്കുന്ന ഒരു കൊച്ചു ചിത്രം എന്ന നിലയിൽ പ്യാലിയെ സമീപിച്ചാൽ നിരാശയില്ലാതെ പ്രേക്ഷകർക്ക് തിയേറ്ററിൽ നിന്നും സിനിമ കണ്ട് പുറത്തിറങ്ങാം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.