പതിവ് തെറ്റിച്ചില്ല ശ്യാം പുഷ്കരൻ വീണ്ടും ഞെട്ടിച്ചിരിക്കുന്നു. വ്യത്യസ്തമായ ത്രില്ലറുമായാണ് ഇത്തവണത്തെ വരവ്. എന്നാൽ, മഹേഷിന്റെ പ്രതികാരം, കുമ്പളങ്ങി നൈറ്റ്സ്, ജോജി എന്നീ ചിത്രങ്ങളുടെ നിഴലുകളൊന്നും ‘തങ്ക’ത്തിൽ കാണാനില്ല. ഫഹദ് ഫാസിലും ദിലീഷ് പോത്തനുമെല്ലാം ചേർന്നു നിർമിച്ച ചിത്രം നല്ല പത്തരമാറ്റ് തനി തങ്കം തന്നെയാണ്.
ശഹീദ് അറഫാത്തിന്റെ കഥയ്ക്ക് ആറ്റിക്കുറുക്കിയുള്ള തിരക്കഥയാണ് ശ്യാമിന്റേത്. തൃശൂർ ജില്ലയിൽ സ്വർണ കച്ചവടം ചെയ്യുന്ന കണ്ണന്റെയും മുത്തുവിന്റെയും കഥയാണ് ‘തങ്കം’. തൃശൂർ - കോയമ്പത്തൂർ ഭാഗങ്ങളിൽ സ്വർണം എത്തിച്ച് അവിടെ നിന്നും തങ്കം കൊണ്ടുവരുന്ന കൂട്ടുകച്ചവടക്കാരായിട്ടാണ് ബിജു മേനോന്റെ മുത്തുവും വിനീത് ശ്രീനിവാസന്റെ കണ്ണനും സിനിമയിൽ നിറഞ്ഞാടിയത്. ആദ്യ ഭാഗം മെല്ലെ പോക്കാണ് ചിത്രത്തിന്റേത്. കത്തിക്കയറാനുള്ള എല്ലാ വകുപ്പും ആദ്യ പകുതികുശേഷം ഉണ്ടാവുമെന്ന് തോന്നുന്ന തരത്തിൽ ആണ് സിനിമയുടെ ക്രാഫ്റ്റ്. കഥ എങ്ങോട്ട് പോകുന്നു എന്ന് പിടിതരാതെ ഗംഭീര ട്വിസ്റ്റോടെ കാണികളെ ചിന്തയുടെയും ആകാംക്ഷയുടെ മുൾമുനയിൽ നിർത്താൻ സംവിധായകന് കഴിഞ്ഞിട്ടുണ്ട്.
കഥാപാത്ര സൃഷ്ടിയാണ് ചിത്രത്തിന്‍റെ മറ്റൊരു പ്രത്യേകത. ആദ്യാവസാനം വരെയുള്ള ബിജു മേനോന്റെ മുത്ത് എന്ന കഥാപാത്രം, നിഗൂഢതകൾ ഒളിപ്പിച്ചുവെച്ചതുപോലെയുള്ള നിഷ്കളങ്ക മുഖമായി വിനീതിന്റെ കണ്ണൻ. ഗംഭീര പെർഫോമൻസ് കാഴ്ചവെക്കുന്ന ഗിരീഷ് കുൽക്കർണിയുടെ പൊലീസ് കഥാപാത്രം. കൂടെ ഇടക്കിടെ വന്നുപോകുന്ന ചെറിയ കഥാപാത്രങ്ങൾക്കുവരെ വലിയ ഡീറ്റെയിലിങ് ആണ് കൊടുത്തിരിക്കുന്നത്. സന്ദർഭത്തിനനുസരിച്ചുള്ള തമാശയും ഉൾപ്പെടുത്തിയിട്ടുണ്ട്. മലയാള സിനിമാ പ്രേമിക്ക് തന്നോടുള്ള വിശ്വാസം ശ്യാം എന്ന തിരക്കഥാകൃത്ത് ഇവിടെയും കാത്തുസൂക്ഷിച്ചിട്ടുണ്ട്.
ശഹീദ് അറഫാത്തിന്റെ സംവിധാന മികവ് തന്റെ ആദ്യ ചിത്രം തീരത്തിൽനിന്ന് മികച്ചതാണ്. കഥയുടെ സ്വഭാവം ചോർന്നുപോകാതെ സ്‌ക്രീനിൽ എത്തിക്കുന്നയാളാണല്ലോ നല്ല സംവിധായകൻ. ലക്ഷണമൊത്ത ത്രില്ലർ മൂവി ആയും ‘തങ്ക’ത്തെ കണക്കാക്കാം. കേരളം, തമിഴ്നാട്, മഹാരാഷ്ട്ര സംസ്ഥാനങ്ങളിൽ കൂടി വ്യാപിച്ചു കിടക്കുന്ന കേസ് ആയിട്ടാണ് ചിത്രത്തിന്റെ സഞ്ചാരം.
ഒരു യാത്ര പോകുന്ന പ്രതീതിയിൽ പ്രേക്ഷകനും ഒപ്പം കൂടാം. ഗൗതം ശങ്കറിന്റെ കാമറ കൃത്യമായി പ്രേക്ഷകനെ ആകർഷിക്കുകയും ചെയ്യുന്നു. ബിജി ബാലിന്റെ സംഗീതം ത്രില്ലർ സ്വഭാവത്തിന് ചേർന്നതാണ്. കൂടുതൽ നീട്ടി വലിപ്പിക്കാതെ കിരൺ ദാസ് ഓരോ വിഷ്വൽസും കൃത്യമായി വെട്ടികൂട്ടിയിട്ടുണ്ട്. സിനിമയിലെ മഹാരഥൻമാർ എല്ലാമുള്ളതുകൊണ്ട് വാഴ്ത്തിപ്പാടുകയല്ല, ‘തങ്കം’ നിങ്ങളെ നിരാശപ്പെടുത്തില്ല.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.